കേരളത്തിൽ കാലവർഷ സീസൺ  അവസാനിച്ചു: ഇന്ത്യയിൽ 75 വർഷത്തിനിടെ എല്ലാ മാസവും സാധാരണയിൽ കൂടുതൽ മഴ 

കേരളത്തിൽ കാലവർഷം ഔദ്യോഗികമായി പിൻവാങ്ങിയിട്ടില്ലെങ്കിലും ഈ  വർഷത്തെ കാലവർഷ സീസൺ അവസാനിച്ചു.

Metbeat News
1 min mins read

കേരളത്തിൽ കാലവർഷ കലണ്ടർ അവസാനിക്കുമ്പോൾ ജൂൺ ഒന്നുമുതൽ   സെപ്റ്റംബർ 30 വരെ 13 ശതമാനം മഴക്കുറവ് അനുഭവപ്പെട്ടു. ഈ കാലയളവിൽ 2018.6 mm മഴയാണ് കേരളത്തിൽ ലഭിക്കേണ്ടത്. 1752.7 mm മഴ ഈ കാലയളവിൽ ലഭിച്ചത്. മലപ്പുറം വയനാട് ഇടുക്കി ജില്ലയിലാണ് മഴക്കുറവ് കൂടുതൽ രേഖപ്പെടുത്തിയത്. ഇടുക്കി 35, മലപ്പുറം 27, വയനാട് 36% മഴക്കുറവ് രേഖപ്പെടുത്തി. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ ലഭിച്ചു. പത്തനംതിട്ടയിൽ 5% വും തിരുവനന്തപുരത്ത് ഒരു ശതമാനവും അധികമഴ ലഭിച്ചു. മറ്റു ജില്ലകളിലെല്ലാം സാധാരണ ലഭിക്കേണ്ട മഴയേക്കാൾ വളരെ ചെറിയ അളവിൽ മാത്രമാണ് മഴ കുറവ്  രേഖപ്പെടുത്തിയത്.

അതേസമയം കേരളത്തിൽ കാലവർഷം ഔദ്യോഗികമായി പിൻവാങ്ങിയിട്ടില്ലെങ്കിലും ഈ  വർഷത്തെ കാലവർഷ സീസൺ അവസാനിച്ചു. ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 30 വരെയാണ് കാലവർഷ  മഴയുടെ കണക്കുകൾ കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തുക. ഒക്ടോബർ ഒന്നു മുതൽ ലഭിക്കുന്ന മഴ തുലാവർഷം മഴയുടെ കണക്കിലാണ് വരിക. കാലവർഷം കേരളത്തിൽ നിന്ന് പൂർണ്ണമായും പിൻവാങ്ങുക ഒക്ടോബർ പതിനഞ്ചോടെ ആയിരിക്കും. അതിനുശേഷം ഒക്ടോബർ  മൂന്നാം വാരത്തോടെ ആയിരിക്കും തുലാം വർഷ മഴ ലഭിച്ചു തുടങ്ങുക.

സെപ്റ്റംബർ 17 ന് വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന്  കാലാവർഷം പിൻവാങ്ങാൻ തുടങ്ങിയിരുന്നു. അവസാനമാണ് കാലാവർഷം കേരളത്തിൽ നിന്ന് പിൻവാങ്ങുക. ജൂൺ 1 ന് സാധാരണ ആരംഭിക്കുന്ന തീയതിയേക്കാൾ അഞ്ച് ദിവസം മുമ്പ്, മെയ് 27 ന് മൺസൂൺ കേരളത്തിൽ  എത്തിയിരുന്നു. 

 2025 ലെ മണ്‍സൂണില്‍ എല്ലാ മാസവും മഴ 

 ഇന്ത്യയിൽ കഴിഞ്ഞ 75 വര്‍ഷത്തിനിടെ കാലവര്‍ഷ സീസണില്‍ എല്ലാ മാസവും സാധാരണയില്‍ കൂടുതല്‍ മഴ ലഭിച്ച 5 വര്‍ഷങ്ങളിലൊന്നായി 2025.  1950 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ആകെ അഞ്ചു തവണയാണ് എല്ലാ മാസവും ദീര്‍ഘകാല ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത്. 1956, 1961, 1975, 2007 വര്‍ഷങ്ങളാണ് ഇതിനു മുന്‍പ് മഴ ലഭിച്ച വര്‍ഷങ്ങള്‍.

Metbeat news