ധ്രുവപ്രദേശങ്ങളിൽ മഞ്ഞുരുകുന്നത് കേരളത്തിലെ കാലവർഷത്തെ ബാധിക്കുന്നു
ആഗോളതലത്തിൽ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകുന്നത് കേരളത്തിലെ തീരപ്രദേശങ്ങളെയും കാലവർഷത്തെയും നേരിട്ട് ബാധിക്കുന്നുണ്ടെന്നും, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു പരീക്ഷണശാലയായി കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രശസ്ത ധ്രുവ ഗവേഷണ ശാസ്ത്രജ്‌ഞൻ ഡോ. തമ്പാൻ മേലോത്ത് ദിവസങ്ങൾക്കു മുൻപ് പറഞ്ഞത് ശ്രദ്ധേയമാകുന്നു. ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ, 'ഫ്രോസൺ ഫ്രോണ്ടിയേഴ്സ്: ഹൗ ഇന്ത്യ ഈസ് ഷേപ്പിംഗ് പോളാർ സയൻസ് ആൻഡ് സ്ട്രാറ്റജി' എന്ന സെഷനിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സമുദ്രയാൻ പോലുള്ള പദ്ധതികൾ
ധ്രുവ മേഖലയിൽ ഇന്ത്യയുടെ താൽപ്പര്യം അധിനിവേശമല്ല, മറിച്ച് ശാസ്ത്രീയമായ പര്യവേഷണമാണ്. സമുദ്ര-ധ്രുവ ഗവേഷണ രംഗത്ത് 'ഗ്ലോബൽ സൗത്ത്' രാജ്യങ്ങളുടെ നേതൃനിരയിലേക്ക് വരാൻ ഇന്ത്യയ്ക്ക് സാധിക്കും. 'സമുദ്രയാൻ' പോലുള്ള പദ്ധതികൾ പൂർത്തിയാകുന്നതോടെ അടുത്ത ഒരു ദശകം പര്യവേഷകർക്ക് വലിയ അവസരങ്ങളാണ് തുറന്നുനൽകുകയെന്ന് അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു. നാളെയുടെ സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയുടെ ധ്രുവ ഗവേഷണങ്ങൾ നിർണ്ണായക പങ്കുവഹിക്കുമെന്ന നിരീക്ഷണത്തോടെയാണ് അദ്ദേഹം തൻ്റെ വാക്കുകൾ അവസാനിപ്പിച്ചത്.
English Summary : India's interest in the polar region is not one of conquest, but of scientific exploration. India can become a leader among the 'Global South' countries in the field of marine and polar research.