ഡൽഹിയെ പോലെ അതിരൂക്ഷമായ വായുമലിനീകരണം കേരളത്തിലും, കൊച്ചി നഗരം ശ്വാസം മുട്ടുന്നു
ഡൽഹിയിലെ വായുമലിനീകരണവും പ്രതിഷേധങ്ങളും അറസ്റ്റും കെട്ടടങ്ങവെ ഇങ്ങു കേരളത്തിലും ഗുരുതര പ്രശ്‌നമാവുകയാണ് വായുമലിനീകരണം. കൊച്ചി നഗരത്തെ പുകമഞ്ഞു വിഴുങ്ങുമോയെന്ന ആശങ്കയിൽ ആണിപ്പോൾ കൊച്ചി നിവാസികൾ. രാവിലെയും വൈകുന്നേരങ്ങളിലും കാണപ്പെടുന്ന പുകമഞ്ഞിനു സമാനമായ അവസ്ഥയാണുള്ളത്. ഇത് ജനങ്ങളെ പരിഭ്രാന്തിയാക്കിയിരിക്കുകയാണ്.
നിർമാണ പ്രവർത്തനങ്ങൾ കൊച്ചി നഗരത്തെ ശ്വാസം മുട്ടിക്കുന്നു
എയർ ക്വാളിറ്റി ഇൻഡക്സ് വെബ്സൈറ്റിൽ കൊച്ചിയിലെ വായു അനാരോഗ്യകരമെന്നാണു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഏലൂർ, ഇടയാർ, കരിമുകൾ, അമ്പലമുകൾ തുടങ്ങിയ വ്യവസായ മേഖലകളിലെ വായു മലിനീകരണം കൊച്ചി നഗരത്തെ ശ്വാസം മുട്ടിക്കുകയാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ കാരണം മലിനീകരണം രൂക്ഷമാവുകയാണ്. വായുവിലെ ഇത്തരം പൊടിപടലങ്ങളും, വാഹനങ്ങളുടെ പുകയും, മഞ്ഞും ചേർന്നാണ് പുകമഞ്ഞാകുന്നത്.
ഇതിനോടു സൂര്യപ്രകാശത്തിലെ യുവി രശ്മികളും നൈട്രജൻ ഓക്സൈഡുകളും ബാഷ്പീകരണ ശേഷിയുള്ള ഓർഗാനിക് സംയുക്തങ്ങളും ചേർന്നാൽ ഫോട്ടോ കെമിക്കൽ ഫോഗായും മാറുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെയുള്ള പ്രതിസന്ധി കൊച്ചി നഗരം നേരിടുമ്പോൾ ഇതിൻ്റെയെല്ലാം പരിണിതഫലമാണ് വായുമലിനീകരണത്തിലൂടെ കൊച്ചി നഗരം ഇപ്പോൾ അനുഭവിക്കുന്നത്.
വാഹനങ്ങളുടെ മലിനീകരണ സർട്ടിഫിക്കറ്റുകൾ വ്യാജമാവുമ്പോൾ
ഇതിനിടയിൽ വായു മലിനീകരണം കൂടാൻ ഒരു പരിധി വരെ കാരണമാകുന്നത് വാഹനങ്ങൾക്ക് വ്യാജ മലിനീകരണ സർട്ടിഫിക്കറ്റുകൾ നൽകുന്നത്കൊണ്ടാണെന്ന് ഒരു കൂട്ടർ വാദിക്കുന്നു. മാത്രമല്ല നവീകരണത്തിൻ്റെ ഭാഗമായി നഗരഹൃദയത്തിലെ വലിയ വലിയ മരങ്ങളുടെ അഭാവവും മലിനീകരണത്തിന്റെ തോത് വർധിപ്പിക്കുന്നു.
English Summary: Discover the alarming air quality in Kochi, where pollution from industries and construction is choking the city. Stay informed about health risks and solutions.