39 വർഷത്തിനിടെ ആദ്യം: ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് മമതയും, കൊൽക്കത്ത കണ്ട കനത്ത മഴ

തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴ ചൊവ്വാഴ്ച രാവിലെ നഗരത്തെ പൂര്‍ണമായും വെള്ളത്തിലാക്കി. 24 മണിക്കൂറിനുള്ളിൽ 251.4 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 1986ന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റദിവസ മഴയാണിത്.

sanjuna
2 mins mins read

കിഴക്കൻ ഇന്ത്യയിലെ മഹാനഗരമായ കൊൽക്കത്ത 39 വർഷത്തിനിടയിലെ  കനത്ത മഴയിൽ മുങ്ങിയിരിക്കുകയാണ്. നഗരത്തെയും പരിസര പ്രദേശങ്ങളെയും സ്തംഭിപ്പിച്ച മഴയിൽ 12 പേർ മരിച്ചതായി അധികൃതർ അറിയിച്ചു.  ഒൻപതു പേരും മരിച്ചത് വെള്ളക്കെട്ടിൽ വൈദ്യുതാഘാതമേറ്റായിരുന്നു.

തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴ ചൊവ്വാഴ്ച രാവിലെ നഗരത്തെ പൂര്‍ണമായും വെള്ളത്തിലാക്കി. 24 മണിക്കൂറിനുള്ളിൽ 251.4 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 1986ന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റദിവസ മഴയാണിത്. കഴിഞ്ഞ 137 വർഷത്തിനിടയിലെ ആറാമത്തെ ഉയർന്ന മഴയാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നഗരജീവിതം താറുമാറായി

കനത്ത മഴ നഗരത്തിന്റെ സാധാരണ ജീവിതം പൂർണമായും താറുമാറാക്കി. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. നഗരത്തിന്റെ പ്രധാന റോഡുകൾ മുഴുവൻ മുങ്ങി. ഓഫീസ് സമയം ആയതിനാൽ ആയിരക്കണക്കിന് പേർ വാഹനങ്ങൾ ഉപേക്ഷിച്ച് കാൽമുട്ടോളം വെള്ളത്തിൽ നടന്നാണ് ലക്ഷ്യസ്ഥാനാത്ത് എത്തിയത്. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ തകരാറിലായി.

പ്രധാന കേന്ദ്രങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. നഗരത്തിലെ പല ഭാഗങ്ങളിലും ട്രെയിൻ സർവീസുകളും സ്തംഭിച്ചു. മെട്രോയും വൈകിയോടി.

 പിന്നിൽ ന്യൂനമർദ്ദം

വടക്ക്–കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണമായത്. കൊൽക്കത്തയ്ക്കും സമീപ പ്രദേശങ്ങൾക്കും അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ ചില ജില്ലകളിലും ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ദുർഗാപൂജ ഒരുക്കങ്ങൾക്ക് തിരിച്ചടി

സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ഉത്സവമായ ദുർഗാപൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വന്ന മഴ ദുരന്തം ഒരുക്കങ്ങളെ ബാധിച്ചിരിക്കുകയാണ്. നഗരത്തിലെ വിവിധ പൂജാമണ്ഡപങ്ങളിലും തയ്യാറെടുപ്പുകൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കരകൗശല തൊഴിലാളികളും വ്യാപാരികളും ആശങ്കയിലാണ്.

ജീവിതത്തിൽ ഇത്രയും മഴ താൻ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

വൈദ്യുതി വിച്ഛേദിച്ചു

മരണങ്ങളിൽ ഭൂരിഭാഗവും വൈദ്യുതാഘാതത്തിലൂടെയായതിനാൽ, അപകടങ്ങൾ ഒഴിവാക്കാൻ നഗരത്തിലെ പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം വിച്ഛേദിച്ചിരിക്കുകയാണ്. എന്നാൽ, ഇതുമൂലം നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇരുട്ടിൽ മുങ്ങി. വെള്ളം ഒഴുകിപ്പോകുന്നതുവരെ വൈദ്യുതി തിരികെ നൽകാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.

രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

മഴക്കെടുതിക്കെതിരെ നഗരത്തെ കരകയറിക്കാൻ പൊലീസ്, ദുരന്തനിവാരണ സേന, അഗ്നിശമന സേന എന്നിവർ രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. റോഡുകളിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. വൈദ്യുതി, കുടിവെള്ളം, ശുചീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.