kerala weather 28/10/24: ഇന്നത്തെ മഴ സാധ്യത, വായു ഗുണ നിലവാരം
ന്യൂനമർദ്ദങ്ങളും ചക്രവാത ചുഴികളും ദുർബലമായതോടെ പ്രത്യേകിച്ച് വെതർ സിസ്റ്റങ്ങൾ ഒന്നും ബാധിക്കാത്തതിനാൽ കേരളത്തിൽ ഇന്ന് മഴ കുറയും. കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകുന്നില്ലെങ്കിലും ഒറ്റപ്പെട്ട നേരിയ തോതിൽ മഴ വിവിധ പ്രദേശങ്ങളിലായി ലഭിക്കുമെന്നാണ് Metbeat Weather നിരീക്ഷകർ പറയുന്നത്.
കേരളത്തിൻ്റെ കിഴക്കൻ മേഖലകളിൽ വൈകിട്ട് ഇടിയോടു കൂടെ തുലാവർഷ രീതിയിൽ മഴ സാധ്യത. പടിഞ്ഞാറൻ തീരങ്ങളിൽ രാത്രിയോടെ നേരിയ ചാറ്റൽ മഴയും പ്രതീക്ഷിക്കാം. ഇന്ത്യയിലെ വിവിധ മേഖലകളിൽ പ്രത്യേകിച്ച് വെതർ സിസ്റ്റങ്ങൾ ഒന്നും നിലനിൽക്കുന്നില്ല. അതുകൊണ്ട് സ്വാഭാവികമായ കാറ്റിൻ്റെ ചംക്രമണമാണ് നടക്കുന്നത്. ഉത്തരേന്ത്യയിൽ മിക്കയിടങ്ങളിലും വരണ്ട കാലാവസ്ഥ തുടരും.
കേരളത്തിൽ വടക്കൻ ജില്ലകളിൽ പകൽചൂട് നേരിയ തോതിൽ കൂടും. ഉത്തരേന്ത്യയിലെ കാറ്റിന്റെ സ്വാധീനം മൂലം വടക്കൻ കേരളത്തിൽ അന്തരീക്ഷ വായു ഗുണനിലവാരത്തിൽ മാറ്റം ഉണ്ടാകും. കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളെ വായു നിലവാരം ഇടത്തരം രീതിയിലേക്ക് എത്തും. അലർജി രോഗങ്ങൾ ഉള്ളവരും ശ്വാസകോശ പ്രശ്നങ്ങളുള്ള വരും ആവശ്യമായ മുൻകരുതലുകൾ എടുക്കാം.
തെക്കൻ കേരളത്തിൽ അറബിക്കടലിൽ നിന്നുള്ള കാറ്റ് പ്രവേശിക്കുന്നതിനാൽ വായു നിലവാരം മെച്ചപ്പെട്ട നിലയിൽ തുടരും. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കനത്ത മഴ പെയ്തിരുന്നുവെങ്കിൽ ഈ ജില്ലകളിൽ ഇന്ന് വെയിൽ തെളിയും. പകൽ ചൂട് താരതമ്യേന കുറവായിരിക്കും. കന്യാകുമാരി ഭാഗത്തും തിരുവനന്തപുരം ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഇന്ന് ഇടത്തരം മഴക്ക് സാധ്യത.
ദക്ഷിണേന്ത്യയിൽ തമിഴ്നാട്ടിലും കർണാടകയിലും കേരളത്തിലും ഇന്ന് ഒറ്റപ്പെട്ട മഴ ലഭിക്കും. കേരളത്തിലെ പ്രദേശങ്ങളിൽ പെയ്യുന്ന മഴക്ക് ഏതാനും കിലോമീറ്റർ ദൂരപരിധിയേ ഉണ്ടാകൂ. തമിഴ്നാടിന്റെ വടക്കൻ ജില്ലകളുടെ തീരപ്രദേശങ്ങളിൽ ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വായു നിലവാരം മോശമായിരിക്കും. കടുത്ത ചൂടും വെയിലും അനുഭവപ്പെടും.
ദന ചുഴലിക്കാറ്റ് ഈർപ്പത്തെ മുഴുവൻ വലിച്ചെടുത്തതിനാലാണ് തമിഴ്നാട്ടിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നത്. ചെന്നൈയിൽ വായു നിലവാരം മോശമാകാനും കാരണം ഇതാണ്. ഉത്തരേന്ത്യൻ വരണ്ട കാറ്റ് ചെന്നൈയിലേക്ക് എത്തുകയും ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാറ്റ് പ്രവേശിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ചൂടു കൂടാനും വായു നിലവാരം മോശമാകാനും കാരണമാകുന്നത്.
കേരളത്തിൽ ഒക്ടോബർ 15ന് തുലാവർഷം എത്തിയശേഷം തുലാവർഷത്തിന്റെ ഭാഗമായുള്ള മഴ കാര്യമായി ലഭിച്ചില്ല. ദന ചുഴലിക്കാറ്റ് ആണ്കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ കാര്യമായി മഴ നൽകിയത്. നിലവിൽ തുലാവർഷം മഴ 14 % കുറവാണ്. സാങ്കേതികമായി ഇത് സാധാരണ മഴ ലഭിച്ച കണക്കിലാണ് ഉൾപ്പെടുത്തുക. ഇന്നുവരെ ഒക്ടോബർ ഒന്നു മുതൽ 27.1 സെ.മി മഴ ലഭിക്കേണ്ടതിന് പകരം 23.4 സെ.മി മഴയാണ് ലഭിച്ചത്. ആലപ്പുഴ, എറണാകുളം കാസർകോട്, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂർ ജില്ലകളിൽ മഴ കുറവാണ്.