kerala weather 28/02/24 : കേരളത്തിൽ ഇന്നത്തെ മഴ സാധ്യത മേഖലകൾ
കടുത്ത ചൂടിന് ശേഷം കേരളത്തിൽ ചിലയിടങ്ങളിൽ ഇന്ന് മഴ സാധ്യത. കിഴക്കൻ കാറ്റ് ശക്തിപ്പെടുന്നതിനെ തുടർന്നാണിത്. ശ്രീലങ്കക്ക് സമീപം രൂപപ്പെടുന്ന കാറ്റിന്റെ ചുഴിയാണ് കിഴക്കൻ കാറ്റിനെ ശക്തിപ്പെടുത്തുന്നത്. ഇതുമൂലം ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ വേഗത വർദ്ധിച്ചു. ആൻഡമാൻ ഉൾക്കടലിലും ദ്വീപ് സമൂഹങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചു.
തെക്കൻ കേരളത്തിലും തെക്കൻ തമിഴ്നാട്ടിലും ആണ് ഇന്നും നാളെയും മറ്റന്നാളും മഴ സാധ്യത. തമിഴ്നാടിന്റെ തീരപ്രദേശങ്ങളിൽ ഇന്ന് രാവിലെ മുതൽ മഴ ലഭിച്ചേക്കും. തഞ്ചാവൂർ, തൂത്തുക്കുടി തീരങ്ങളിലാണ് മഴ സാധ്യത. കേരളത്തിൽ ഉച്ചക്ക് ശേഷവും വൈകിട്ടും രാത്രിയുമാണ് മഴ പ്രതീക്ഷിക്കേണ്ടത്. രാവിലെ തെളിഞ്ഞ കാലാവസ്ഥയും ശക്തമായ ചൂടുമായിരിക്കും.

ശ്രീലങ്കയുടെ തെക്കൻ മേഖലകളിലും ഇടിയോടുകൂടെ ശക്തമായ മഴ സാധ്യത. തമിഴ്നാട്ടിൽ തിരുനെൽവേലിയിലും ശക്തമായ മഴ ലഭിച്ചേക്കും. കേരളത്തിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഴ സാധ്യത. നേരിയ തോതിലുള്ള മഴയോ ഇടത്തരം മഴയോ ആണ് കേരളത്തിൽ പ്രതീക്ഷിക്കേണ്ടത്.

വൈകിട്ട് റാന്നിയിൽ ആയിരിക്കും അല്പം മിതമായ തോതിൽ മഴ ലഭിക്കുക. വെച്ചൂച്ചിറ, ളാഹ, മട്ടന്നൂർക്കര എന്നിവിടങ്ങളിലും മഴ സാധ്യത. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട കറുകച്ചാൽ, പമ്പ, ചെങ്ങന്നൂർ കായംകുളം, പുനലൂർ, വർക്കല നെടുമങ്ങാട് മേഖലകളിലാണ് മഴ സാധ്യത.
എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളായ മൂവാറ്റുപുഴ ഇടുക്കിയുടെ കോതമംഗലം എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് ശേഷം ഭാഗികമായ മേഘാവൃതം. എന്നാൽ വടക്കൻ കേരളത്തിൽ ഇന്നും വരണ്ട കാലാവസ്ഥ തുടരും. കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലാണ് വരണ്ട കാലാവസ്ഥ തുടരുക. കണ്ണൂർ പാലക്കാട് തുടങ്ങിയ ജില്ലകളിൽ ചൂട് കൂടിനിൽക്കും.
കിഴക്കൻ കാറ്റിൻ്റെ സ്വാധീനം മൂലം കിഴക്കൻ മേഖലകളിൽ ചൂടിന് നേരിയ ആശ്വാസം ഉണ്ടാകും.
തൽസമയ കാലാവസ്ഥ അറിയാൻ ഞങ്ങളുടെ വെബ്സൈറ്റ് metbeat.com സന്ദർശിക്കുക.