Kerala Weather 19/01/25: മഴ തുടങ്ങി; കാലം തെറ്റി മഴക്കുള്ള കാരണം അറിയാം

Kerala Weather 19/01/25: മഴ തുടങ്ങി; കാലം തെറ്റി മഴക്കുള്ള കാരണം അറിയാം

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴിയും (cyclonic Circulation) , ആഗോള കാലാവസ്ഥ ഘടകങ്ങളും മൂലം കേരളത്തിലും തമിഴ്നാട്ടിലും ശ്രീലങ്കയിലും മഴ തുടങ്ങി. മഴയുടെ കാരണം കഴിഞ്ഞ ദിവസങ്ങളിലെ പോസ്റ്റുകളിൽ വിശദീകരിച്ചിരുന്നു. തമിഴ്നാട്ടിലും ശ്രീലങ്കയിലും ജനുവരി 18 മുതലും കേരളത്തിൽ 19 മുതലും മഴയാണ് Metbeat Weather പ്രവചിച്ചിരുന്നത്.

തെക്കൻ കേരളത്തിൽ മഴ തുടങ്ങി

ഇതിൻ്റെ ഭാഗമായി തെക്കൻ ജില്ലകളിൽ ഇന്നലെ രാത്രി മുതൽ മഴ തുടങ്ങി. രാവിലെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ തുടരുകയാണ്. ഇന്ന് കേരളത്തിൻ്റെ തെക്ക്, മധ്യ ജില്ലകളിൽ ഇടത്തരം മഴ ലഭിക്കുമെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും.

വടക്കൻ കേരളത്തിൽ കോഴിക്കോടു മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഭാഗികമായ മേഘാവൃതം തുടരും. വയനാട്, മലപ്പുറം ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ഇന്ന് ഒറ്റപ്പെട്ട മഴ സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടതിനെ തുടർന്നാണ് കേരളത്തിലും തമിഴ്നാട്ടിലും ശ്രീലങ്കയിലും മഴ ലഭിക്കുന്നത്.

കേരളത്തിൽ കാറ്റിന് സാധ്യത

കേരളത്തിൻ്റെ മലയോരമേഖലകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കിഴക്കൻ പ്രദേശങ്ങളിൽ ഇടിയോടുകൂടിയുള്ള മഴയും ലഭിച്ചേക്കും. കേരളത്തിൽ ഇന്നത്തെക്കാൾ നാളെയാണ് കൂടുതൽ മഴ സാധ്യത.

മകരത്തിലെ മഴക്ക് കാരണം MJO യും

ആഗോള പ്രതിഭാസങ്ങൾ ആയ ആഗോള മഴപ്പാത്തി എന്നറിയപ്പെടുന്ന Madden Julian Oscillation (MJO) അറബിക്കടലിൽ എത്തിയിട്ടുണ്ട്. ഇതിൻ്റെ സ്വാധീനം മൂലം അറബി കടലിലും മേഘ രൂപീകരണം നടക്കുന്നുണ്ട്. ഒഡിഷക്ക് സമീപം ഒരു അതിമർദ മേഖല (High Pressure Area – HPA ) നിലനിൽക്കുന്നതിനാൽ ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴിയിൽ നിന്നുള്ള കാറ്റിന്റെ പ്രവാഹം തമിഴ്നാട്ടിലും കേരളത്തിലും ശ്രീലങ്കയിലും ആയി കേന്ദ്രീകരിക്കപ്പെടുകയാണ്.

കാലം തെറ്റി മഴ പെയ്യുന്നത്

ഇത് മൂലമാണ് ഈ പ്രദേശങ്ങളിൽ മഴയുടെ സീസൺ അല്ലാത്ത സമയത്തും മഴ ലഭിക്കുന്നത്. രണ്ടുദിവസം മുൻപേ ബംഗാൾ ഉൾക്കടലിൽ ശക്തമായ സംവഹന (Convective Clouds) മേഘങ്ങളുടെ രൂപീകരണം നടന്നിരുന്നു. ഇവ ഇന്നലെ മുതൽ തമിഴ്നാടിന്റെ തീരങ്ങളിൽ കരകയറി. ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്നാട് കിഴക്കൻ തീരങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ ലഭിക്കുന്നുണ്ട്.

തമിഴ്നാട്ടിലും മഴ

ചെന്നൈയിൽ ഇന്നും മഴ തുടരും. തമിഴ്നാടിന്റെ ഉൾപ്രദേശങ്ങളായ ഡെൽറ്റ മേഖലകളിൽ രണ്ടുദിവസം മഴ സാധ്യത. തെക്കൻ തമിഴ്നാട് ജില്ലകളിലും ഇന്നും നാളെയും മഴ തുടരും.

കേരളത്തിൽ മഴ സാധ്യത

കേരളത്തിൽ ഇന്നുമുതൽ ഈ മാസം 22 വരെ മഴ സാധ്യതയുണ്ട്. കൂടുതൽ മഴയും മധ്യകേരളം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ആയിരിക്കും. ഒറ്റപ്പെട്ട മഴ വടക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലകളിലും ലഭിക്കും. നേരത്തെ സൂചിപ്പിച്ച അതിമർദ്ദ മേഖലയുടെ സ്വാധീനം മൂലമാണ് മഴ വടക്കൻ കേരളത്തിലേക്ക് എത്താത്തത്.

കടലിൽ കാറ്റ് ശക്തം, ജാഗ്രത

കന്യാകുമാരി കടലിലും തെക്കുകിഴക്കൻ അറബിക്കടലിലും അടുത്ത ദിവസങ്ങളിൽ കാറ്റിന് ശക്തി കൂടാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് (India Meteorological Department – IMD) നൽകുന്ന മുന്നറിയിപ്പുകൾ പാലിച്ചേ കടലിൽ പോകാൻ പാടുള്ളൂ.

കിഴക്കൻ കാറ്റ് ശക്തം

കിഴക്കൻ കാറ്റിന്റെ ശക്തി കേരളത്തിൻ്റെ കിഴക്കൻ മലയോര മേഖലകളിൽ കൂടാൻ സാധ്യതയുണ്ട്. അതിനാൽ പാലക്കാട് കൊല്ലം ഇടുക്കി ജില്ലകളിൽ തീപിടുത്ത സാധ്യതയും നിലനിൽക്കുന്നു. ഈ ജില്ലകളിൽ ഇന്നും നാളെയും മഴ ലഭിക്കാൻ സാധ്യതയുമുണ്ട്.

അറബി കടലിൽ ന്യൂനമർദ സാധ്യത

അടുത്തയാഴ്ചയോടെ അറബി കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടേക്കാം എന്നുള്ള സൂചനകളും ലഭ്യമാണ്. തെക്കു കിഴക്കൻ അറബിക്കടലിൽ കേരളതീരത്തിന് സമാന്തരമായാണ് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളത്. ഈ ന്യൂനമർദ്ദം കരയിൽനിന്ന് അകന്നു പോകാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇത് ഇന്ത്യൻ തീരങ്ങളെ ബാധിക്കില്ല.

ലക്ഷദ്വീപിലും മാലദ്വീപിലും മഴ

ഇപ്പോഴത്തെ അന്തരീക്ഷ സ്ഥിതി പ്രകാരം മിനിക്കോയ് ഉൾപ്പെടെയുള്ള ലക്ഷദ്വീപിലും ( Lakshadweep) , മാല ദ്വീപിലും (Maldives ) മഴ ലഭിക്കും. ഫെബ്രുവരി ആദ്യവാരം മുതൽ MJO ബംഗാൾ ഉൾക്കടലിൽ നിന്നും പസഫിക് സമുദ്രത്തിലേക്ക് നീങ്ങുന്നതിനാൽ കേരളത്തിൽ മഴ കുറയും. ഫെബ്രുവരി 1 2 വാരങ്ങളിൽ കേരളത്തിൽ മഴ കുറയാനാണ് സാധ്യത.

ഇന്ന് ഏതെല്ലാം പ്രദേശങ്ങളിലാണ് മഴ സാധ്യത എന്ന് നോക്കാം.

ഇന്ന് ഉച്ചയ്ക്ക് ശേഷം മുതൽ അർദ്ധരാത്രി വരെ റാന്നി, മുട്ടം, കറുകച്ചാൽ, ചെങ്ങന്നൂർ ആലപ്പുഴ, ഈരാറ്റുപേട്ട, പമ്പ, പൈനാവ്, മൂന്നാർ, കോതമംഗലം, എടമലക്കുടി, നിലമ്പൂർ, വണ്ടൂര് , പുന്നക്കൽ, തുവ്വൂർ, നടുവിൽ, തെയ്യേനി എന്നീ പ്രദേശങ്ങളിലും പരിസര മേഖലകളിലും ഇടിയോടുകൂടെ മഴക്ക് സാധ്യത.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020