കനത്ത മഴ തിങ്കൾ വരെ, മധ്യ, വടക്കൻ കേരളത്തിൽ ജാഗ്രത പാലിക്കണം

കേരളത്തിൽ പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ തുടർച്ചയായി 20 ദിവസത്തോളമായി തുടരുന്ന മഴ തിങ്കൾ മുതൽ കുറയും. ഈ മാസം തുടക്കത്തിൽ ജൂലൈ 15 വരെ മഴ തുടരുമെന്നായിരുന്നു മെറ്റ്ബീറ്റ് വെതർ നിരീക്ഷിച്ചിരുന്നത്. എന്നാൽ തിങ്കൾ വരെ മഴ തുടരാനാണ് സാധ്യത. ഗുജറാത്ത് തീരത്തെ ന്യൂനമർദ്ദം ശക്തിപ്പെട്ട് തീരത്തോട് ചേർന്നു നിൽക്കുന്നതാണ് കാരണം. പ്രതീക്ഷിച്ച വേഗതയിൽ ന്യൂനമർദം ഇന്ത്യൻ തീരം വിട്ട് ഒമാനിലേക്ക് നീങ്ങാത്തതാണ് രണ്ടു ദിവസം കൂടി മഴ തുടരാൻ ഇടയാക്കുക. ന്യൂനമർദം തീരത്ത് നിന്ന് അകലും തോറും കേരളത്തിൽ മഴ കുറയാനും വെയിൽ വരാനും കാരണമാകും.

വടക്കൻ ജില്ലകളിലും മലയോരത്തും ജാഗ്രത വേണം

കാലവർഷത്തിന്റെ ഭാഗമായ മഴ തിങ്കൾ മുതൽ കുറയുമെങ്കിലും കിഴക്കൻ മേഖലയിൽ ഇടിയോടെ മഴ തുടരാൻ കാരണമാകും. നിലവിൽ ഇടനാട്ടിലും തീരത്തും രാവിലെയും പുലർച്ചെയും കനത്ത മഴ തുടരുന്നുണ്ടെങ്കിലും പകൽ ഇടവേള ലഭിക്കും. എന്നാൽ വൈകിട്ടും രാത്രിയും കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. ഒറോഗ്രാഫിക് ലിഫ്റ്റിംഗ് ഉൾപ്പെടെയുള്ള പ്രതിഭാസത്തിന് മലയോരത്ത് സാധ്യതയുണ്ട്. വനമേഖലയിൽ കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടൽ സാധ്യതയും നില നിൽക്കുന്നു. തമിഴ്നാട്ടിലും കനത്ത മഴ പശ്ചിമഘട്ടത്തോട് ചേർന്ന് പെയ്യുന്നുണ്ട്. അതിനാൽ പുഴകളിൽ പെട്ടെന്ന് ജലനിരപ്പ് കൂടും. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അടുത്ത 5 ദിവസം ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടി വരും.

Leave a Comment