അത് ചുഴലിക്കാറ്റല്ല; നീർച്ചുഴി സ്തംഭം

കോഴിക്കോട് വെള്ളയിൽ ഹാർബറിന് സമീപം ഇന്ന് രാവിലെയുണ്ടായ നീർച്ചുഴി സ്തംഭം (water spout) മൂലം മൂന്നു വള്ളങ്ങൾക്ക് നാശനഷ്ടം. രാവിലെ പത്തോടെയാണ് സംഭവം. ഏതാനും നിമിഷമാണ് നീർച്ചുഴി സ്തംഭം ഉണ്ടായത്. ഹാർബറിൽ നിർത്തിയിട്ടിരുന്ന ബോട്ടുകളുടെ മേൽക്കൂരയാണ് കാറ്റിൽ പറന്നുപോയത്. മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഇന്നലെയും ഇത്തരത്തിൽ ശക്തമായ കാറ്റുണ്ടായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

എന്താണ് നീർച്ചുഴി സ്തംഭം (water spout)
മേഘവും കാറ്റും കലർന്ന വായു സ്തംഭത്തെയാണ് നീർച്ചുഴി സ്തംഭം എന്നു വിളിക്കുന്നത്. സാധാരണ ടൊർണാഡോകളെ പോലെ തന്നെയാണ് ഇവ. പക്ഷേ നീർച്ചുഴി സ്തംഭത്തിന് ടൊർണാഡോയെ അപേക്ഷിച്ച് ശക്തി കുറവായിരിക്കും. കേരളത്തിൽ പലപ്പോഴായി ഇത് റിപ്പോർട്ട് ചെയ്യാറുണ്ട്. കായലിലും കടലിലും നീർച്ചുഴി സ്തംഭം കഴിഞ്ഞ വർഷവും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 100 മൈൽ വരെ നീർച്ചുഴി സ്തംഭത്തിനുള്ളിലെ കാറ്റിന് വേഗതയുണ്ടാകാറുണ്ട്.

എങ്ങനെ രൂപപ്പെടുന്നു?
തടാകത്തിലോ മറ്റോ ജലോപരിതലത്തോട് ചേർന്നു കിടക്കുന്ന തണുത്ത കാറ്റും മുകളിലെ ചൂടുള്ള വായുവും തമ്മിൽ കലരുമ്പോഴാണ് സാധാരണ നീർച്ചുഴി സ്തംഭം ഉണ്ടാകുക. 10 മുതൽ 15 നോട്ടിക്കൽ മൈൽ വേഗത്തിൽ വരെ കാറ്റ് പെട്ടെന്ന് വേഗത കൂടും. ടൊർണാഡോ സാധാരണ കരയിൽ ഉണ്ടാകുമ്പോൾ ശക്തി കുറഞ്ഞ നീർച്ചുഴി സ്തംഭം കടലിൽ ഉണ്ടാകുന്നുവെന്ന് മാത്രം. കോഴിക്കോട് കടലിലുണ്ടായ നീർച്ചുഴി സ്തംഭം ശക്തികൂടിയതും ഈർപ്പസാന്നിധ്യം കുറഞ്ഞതുമാണെന്നാണ് ഞങ്ങളുടെ ഓഷ്യനോഗ്രാഫറുടെ നിഗമനം.

Leave a Comment