ഡൽഹിയിലെ വായുമലിനീകരണം കുറയ്ക്കാൻ മാന്ത്രികവടി കൈയ്യിലില്ലെന്ന് ജീഫ് ജസ്റ്റിസ്, എന്തുവന്നാലും പിന്നോട്ടില്ലെന്ന് പ്രതിഷേധക്കാർ
കഴിഞ്ഞ ദിവസം ഡൽഹിയിൽ വായുമലിനീകരണത്തിനെതിരെ പ്രതിഷേധമുന്നയിച്ച 17 പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി. കോടതിയില്‍ ഹാജരാക്കിയ 17 പ്രതിഷേധക്കാരില്‍ നാലുപേരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ രണ്ടുമണിക്ക് കോടതി വാദം കേൾക്കും. എന്നാല്‍ പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് വീണ്ടും പ്രതിഷേധക്കാർ ആരോപിച്ചു. പീഡകർ സ്വൈര്യ വിഹാരം നടത്തുമ്പോൾ 20 വയസ്സുള്ള കുട്ടികളെ ഭീകരവാദികളാക്കുന്നുവെന്നും കസ്റ്റഡിയിൽ മർദിച്ചെന്നും അറസ്റ്റിലായ വിദ്യാർത്ഥികൾ ആരോപിച്ചിരിക്കുകയാണ്. പ്രശ്‌നം കൂടുതൽ വഷളാവുകയാണ് ചെയ്യുന്നത്.
വായുമലിനീകരണം മോശമായി തുടരുന്നു
അതേസമയം നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തിയതിന് പിന്നാലെ ദില്ലിയിലെ വായുഗുണനിലവാരം വീണ്ടും മോശമായി തുടരുകയാണ്. ഇന്ന് ശരാശരി എക്യുഐ 351 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞദിവസം 327 ആയിരുന്ന എക്യുഐ ആണ് മണിക്കൂറുകൾകൊണ്ട് ഉയർന്നത്. വരും ദിവസങ്ങളിലും സ്ഥിതി സമാനമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.
കഴിഞ്ഞ മൂന്ന് ദിവസം ദില്ലിയിലെ വായുഗുണനിലവാരം മെച്ചപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്. വായുഗുണനിലവാര മേൽ നോട്ട സമിതിയുടെ നിർദ്ദേശ പ്രകാരം ഗ്രാപ്പ് മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇതോടെ ദില്ലിയിലെ ഓഫീസുകളിലെ ജീവനക്കാരിൽ പകുതിക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണം എന്ന നിർദ്ദേശവും പിൻവലിച്ചു. കൂടാതെ ദില്ലി സ്കൂളുകളിൽ നേരിട്ടുള്ള ക്ളാസുകൾക്കൊപ്പം ഓൺലൈൻ സൗകര്യം കൂടി നല്കിയിരുന്നതും ഒഴിവാക്കി. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് അതുപോലെ തുടരുമെന്നും ഒഴിവാക്കാനാകാത്തവയ്ക്ക് കമ്മീഷന്റെ പ്രത്യേക അനുമതി വേണമെന്നും സമിതി വ്യക്തമാക്കി.
വായുമലിനീകരണം കുറയ്ക്കാൻ മന്ത്രികവടി കൈയ്യിലില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
വായുമലിനീകരണം കുറഞ്ഞതുകൊണ്ടാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് എന്നാണ് സമിതിയുടെ വിശദീകരണം. എന്നാൽ ഈ അവകാശവാദത്തിന് വിരുദ്ധമായി ദില്ലിയിൽ വായു ഗുണനിലവാരം ഇപ്പോഴും വളരെ മോശമായി തന്നെ തുടരുകയാണ്. അതേസമയം വായുമലിനീകരണവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണമാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. ഒന്നിലധികം കാരണങ്ങൾ വായു മലിനീകരണത്തിന് ഉണ്ടെന്നും മലിനീകരണതോത് കുറയ്ക്കാൻ മാന്ത്രികവടി കയ്യിലില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. വെറും നിർദ്ദേശങ്ങൾ അല്ല മറിച്ച് വിദഗ്ധരുമായി ചർച്ച ചെയ്ത് സുസ്ഥിരമായ പരിഹാരങ്ങളാണ് വിഷയത്തിൽ വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
English Summary: Delhi's air quality worsens again, with an average AQI of 351. Supreme Court to address pollution-related petitions on Monday. Stay informed on air quality updates.