മഴ കനക്കാൻ കാരണങ്ങൾ ഇവയാണ്, നാളെ മഴ കുറഞ്ഞേക്കും, വ്യാഴം വീണ്ടും മഴ

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന ശക്തമായ മഴ മിക്കയിടങ്ങളിലും നാളെ രാവിലെ വരെ തുടരും. ഇന്ന് വൈകിട്ട് അഞ്ചര വരെയുള്ള ഡാറ്റ അനുസരിച്ച് കൊയിലാണ്ടി മുതൽ കായംകുളം വരെയുള്ള മേഖലയിലാണ് മഴ ശക്തമായി ലഭിക്കുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും കണ്ണൂരിലും കാസർകോട്ടും ഇന്ന് വൈകിട്ട് ഏതാനും മണിക്കൂർ മഴക്ക് ശമനമുണ്ടാകും. മറ്റു ജില്ലകളിൽ ഇടത്തരം മഴയോ ശക്തമായ മഴയോ ഇന്നു രാത്രിയിലും തുടരുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു.

മഴക്ക് കാരണം എന്തെല്ലാം

കേരളത്തിൽ ഇന്ന് മഴ ശക്തിപ്പെട്ടതിന് നിരവധി കാരണങ്ങളുണ്ട്. ജൂൺ 25 നും 30 നും ഇടയിൽ കേരളത്തിൽ മഴ കനക്കുമെന്ന് കഴിഞ്ഞ ആഴ്ച മെറ്റ്ബീറ്റ് വെതർ ഈ വെബ്‌സൈറ്റിലും ഞങ്ങളുടെ സോഷ്യൽമീഡിയ പേജുകളിലും അറിയിച്ചിരുന്നു. ഞായറാഴ്ച എത്തിയ മഴ തിങ്കളാഴ്ച മന്ദഗതിയിലായ ശേഷം ഇന്ന് വീണ്ടും ശക്തിപ്പെട്ടു.

നിലവിൽ അറബിക്കടലിൽ മേഘരൂപീകരണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഒഡിഷ വഴി കരകയറി ചത്തീസ്ഗഡിലെത്തിയ ന്യൂനമർദം കാലവർഷക്കാറ്റിനെ സ്വാധീനിക്കുന്നുണ്ട്. ഒപ്പം അറബിക്കടലിൽ ആഗോള മഴപ്പാത്തി എന്നറിയപ്പെടുന്ന മാഡൻ ജൂലിയൻ ഓസിലേഷൻ (എം.ജെ.ഒ)യുടെ സാന്നിധ്യവും മഴക്ക് അനുകൂലമാണ്. ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദപാത്തിയും നീണ്ടു കിടക്കുന്നു. അതിനാൽ പടിഞ്ഞാറൻ തീരത്ത് കാലവർഷം ശക്തിപ്പെടാനുള്ള എല്ലാ അനുകൂല സാഹചര്യവും ഉണ്ടെന്ന് മെറ്റ്ബീറ്റ് വെതറിലെ വെതർമാൻ പറയുന്നു.

നാളെ മഴ കുറഞ്ഞേക്കും, പെരുന്നാളിന് മഴ സാധ്യത

അതേസമയം നാളെ പുലർച്ചെയോ രാവിലെയോ വരെ നീണ്ടു നിന്ന ശേഷം മഴ താൽക്കാലികമായി പിൻവാങ്ങാനുള്ള സാധ്യതയും ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. നാളെ വടക്കൻ ജില്ലകളിൽ മഴക്ക് നേരിയ ശമനമുണ്ടാകുകയും ബലിപെരുന്നാൾ ദിവസമായ വ്യാഴം മഴ വീണ്ടും ശക്തിപ്പെടാനും സാധ്യതയുണ്ട്. അന്ന് മിക്ക ജില്ലകളിലും മഴ ലഭിക്കാൻ അനുകൂലമായി വീണ്ടും അന്തരീക്ഷം മാറും.

Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment