kerala weather today 03/01/24 : വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യത
കഴിഞ്ഞദിവസം തെക്കു കിഴക്കൻ അറബിക്കടലിൽ (southeast arabian sea ) രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് വടക്കൻ കേരളത്തിൽ ഇന്ന് ഉച്ചവരെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യത. ന്യൂനമർദ്ദം കേരളത്തിന് സമാന്തരമായി സഞ്ചരിക്കുമെന്നും കേരളത്തിൽ മഴയുണ്ടെന്നും ഇന്നലെ രാവിലെയുള്ള കാലാവസ്ഥ അവലോകന റിപ്പോർട്ടിൽ ഈ വെബ്സൈറ്റിൽ (metbeatnews.com) വ്യക്തമാക്കിയിരുന്നു.
കൊച്ചിയിൽ നിന്ന് ഏകദേശം 1,050 ഉം കോഴിക്കോട്ട് നിന്ന് ഏകദേശം 1,045 ഉം കി.മീ അകലെയാണ് ഇപ്പോൾ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. കരയിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിന്റെ തീരദേശങ്ങളിൽ മഴ സാധ്യതയുണ്ടെന്നും ഇന്നലെത്തെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇന്ന് പുലർച്ചെ കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ വിവിധ പ്രദേശങ്ങളിൽ ചാറ്റൽ മഴയോ ഇടത്തരം മഴയോ ലഭിച്ചു.
കോഴിക്കോടിന്റെ വടക്കൻ മേഖലകൾ, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ ഉച്ചയ്ക്ക് മുമ്പ് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറഞ്ഞു. ന്യൂനമർദ്ദം ഇന്ന് ശക്തി കൂടിയ ന്യൂനമർദ്ദം അഥവാ well marked low pressure (WML) ആകുമെന്ന് ഞങ്ങളുടെ വെതർമാൻ പറഞ്ഞു. തീവ്ര ന്യൂനമർദ്ദമോ ചുഴലിക്കാറ്റോ ആകാനുള്ള അന്തരീക്ഷ സാഹചര്യം ഇല്ലാത്തതിനാൽ കൂടുതൽ ന്യൂനമർദ്ദം ശക്തിപ്പെടില്ല.
ഇന്ന് രാത്രി മുതൽ കർണാടക മഹാരാഷ്ട്രയുടെ തെക്കൻ മേഖല എന്നിവിടങ്ങളിലും ന്യൂനമർദ്ദത്തിന്റെ ഭാഗമായി മഴ ലഭിക്കും. രാവിലത്തെ ഉപഗ്രഹ , റഡാർ ദൃശ്യങ്ങൾ പ്രകാരം അറബിക്കടലിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. വടക്കൻ കേരളത്തിന്റെ മുകളിൽ ചില പ്രദേശങ്ങളിൽ ശക്തമായ മഴക്ക് കാരണമായേക്കാവുന്ന മേഘങ്ങളും ദൃശ്യമാണ്. ഉച്ചയ്ക്കുശേഷം വയനാട് ജില്ലയിലും ശക്തമായ മഴക്ക് സാധ്യത കാണുന്നു. എറണാകുളം ജില്ലയിലെ തീരദേശങ്ങളിലും ഇന്ന് മഴ സാധ്യതയുണ്ട്.
ഇടുക്കി ജില്ലയിലെ മൂന്നാറിന് സമീപം, ഇടുക്കി ജില്ലയുടെ തെക്കു പടിഞ്ഞാറൻ മേഖല എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടെ മഴ സാധ്യത. തിരുവനന്തപുരം ജില്ലയിലും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. രാത്രിയോടെ എറണാകുളം, കോട്ടയം, മലപ്പുറം ജില്ലയിലെ മഞ്ചേരി, നിലമ്പൂർ, വണ്ടൂർ, പൂക്കോട്ടുംപാടം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കൊല്ലം, തിരുവനന്തപുരം, ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത.