കഴുകന്മാരുടെ എണ്ണത്തിൽ വർദ്ധനവ് ; വയനാട്ടിൽ കണ്ടെത്തിയത് 121 എണ്ണം

കഴുകന്മാരുടെ എണ്ണത്തിൽ വർദ്ധനവ് ; വയനാട്ടിൽ കണ്ടെത്തിയത് 121 എണ്ണം

വയനാട് വന്യജീവി സങ്കേതം, സൗത്ത്, നോർത്ത് വനം ഡിവിഷനുകൾ എന്നിവിടങ്ങളിൽ നടത്തിയ സർവേയിൽ ചുട്ടി കഴുകൻ, കാതില കഴുകൻ, ഇന്ത്യൻ കഴുകൻ എന്നീ ഇനങ്ങളിൽപ്പെട്ട121 കഴുകൻമാരെ കണ്ടെത്തി. വയനാട് വൈൽഡ് ലൈഫ് ഡിവിഷന്റെ നേതൃത്വത്തിൽ കേരളം, കർണാടകം, തമിഴ്‌നാട് വനം വകുപ്പുകളുടെ സംയുക്തസഹകരണത്തോടെയാണ്‌ രണ്ടാമത് കഴുകൻ സർവേ നടത്തിയത്. ജില്ലയിലെ മൂന്ന് ഡിവിഷനുകളിൽ 18 ക്യാമ്പുകളായി തിരിച്ചായിരുന്നു നിരീക്ഷണം.

വനം, വന്യജീവിവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ സർവേയിൽ കഴുകന്മാരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. എല്ലാ ക്യാമ്പുകൾക്ക് കീഴിലും കഴുകനെ കണ്ടെത്തി എന്ന പ്രത്യേകത ഇത്തവണത്തെ സർവേക്കുണ്ടന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിൽപ്പെട്ടദൊഡ്ഡക്കുളശിയിലാണ് ഏറ്റവും കൂടുതൽ കഴുകന്മാരെ കണ്ടെത്തിയത്. രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ചയ്ക്ക് 1 മുതൽ 3 വരെയുമായിരുന്നു നിരീക്ഷണം.

ഓരോ ക്യാമ്പിനും ഒരു മുഖ്യകേന്ദ്രവും നാല് നിരീക്ഷണ സെഷനുകളുമായാണ് സർവേ നടത്തിയത്. വിവിധ ഗവേഷണ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 65 പേരാണ് സർവേയിൽ പങ്കാളികളായത്. ഇവരോടൊപ്പം 40 വനംവകുപ്പ് ജീവനക്കാരും പങ്കെടുത്തു. ഡിസംബർ 29 മുതൽ 31 വരെയാണ് സർവേ നടത്തിയത്. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പാലക്കാട്) പി. മുഹമ്മദ് ഷബാബ് സർവേ ഉദ്ഘാടനം ചെയ്തു. വയനാട് വൈൽഡ്‌ലൈഫ് വാർഡൻ ജി. ദിനേഷ്‌കുമാർ അധ്യക്ഷത
വഹിച്ചു. പക്ഷിശാസ്ത്രജ്ഞൻ സത്യൻ മേപ്പയ്യൂർ റാപ്റ്റർ ഐഡന്റിഫിക്കേഷനെക്കുറിച്ച് ക്ലാസെടുത്തു. വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ കൺസർവേഷൻ ബയോളജിസ്റ്റ് ഒ. വിഷ്ണു, സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്‌ന കരീം തുടങ്ങിയവർ സംസാരിച്ചു.

കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കാലിക്കറ്റ് സർവകലാശാല, കേരള വെറ്ററിനറി ആൻഡ്‌ ആനിമൽ സയൻസ് സർവകലാശാല, സർ സയ്യിദ് കോളേജ് തളിപ്പറമ്പ്, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, ആരണ്യകം നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി എന്നിവർ കഴുകൻ നിരീക്ഷണത്തിൽ പങ്കെടുത്തു.


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment