Low pressure update 02/01/24: ന്യൂനമർദം കേരളത്തിന് സമാന്തരമായി നീങ്ങും; മഴ സാധ്യത

Low pressure update 02/01/24: ന്യൂനമർദം കേരളത്തിന് സമാന്തരമായി നീങ്ങും; മഴ സാധ്യത

തെക്ക് കിഴക്കൻ അറബിക്കടലിൽ രണ്ടുദിവസം മുമ്പ് രൂപപ്പെട്ട ന്യൂനമർദ്ദം ( low pressure area) ഇന്ന് ശക്തിപ്പെട്ടേക്കും. ന്യൂനമർദ്ദം ഇന്നലെ കരയിലേക്ക് അല്പം അടുത്തതിനാൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. ഭൂമധ്യരേഖക്കും തെക്കുകിഴക്കൻ അറബിക്കടലിനും ഇടയിലായി രൂപപ്പെട്ട ന്യൂനമർദ്ദം ഇപ്പോൾ തെക്കു കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തേക്ക് എത്തുന്നുണ്ട്. ഇന്ന് ഈ സിസ്റ്റം ശക്തിപ്പെട്ട് well marked low pressure (WML) ആകാനാണ് സാധ്യത.

ന്യൂനമർദ്ദത്തിന്റെ സഞ്ചാര പാത (track) കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമായിരുന്നില്ല. എന്നാൽ കേരളത്തിന് സമാന്തരമായി വടക്കോട്ടേക്ക് നീങ്ങാനാണ് സാധ്യത എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. ന്യൂനമർദ്ദം കൂടുതൽ ശക്തിപ്പെടുകയോ ചുഴലിക്കാറ്റ് ആവുകയോ ചെയ്യുകയില്ല. പക്ഷേ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ മഴ നൽകാൻ ഈ സിസ്റ്റത്തിന് കഴിഞ്ഞേക്കും.

സാധാരണ ഈ മേഖലയിൽ ഉണ്ടാകുന്ന ന്യൂനമർദ്ദങ്ങളിൽ ഭൂരിഭാഗവും ഒമാനിലേക്കോ യമനിലേക്കോ നീങ്ങുകയാണ് പതിവ്. എന്നാൽ ഏതാനും ന്യൂനമർദ്ദങ്ങൾ ഈ ദിശയിൽ നിന്ന് റീ കറവ് ചെയ്ത് വടക്കോട്ടേക്കും പോകാറുണ്ട്. ഈ സിസ്റ്റവും ഇതുപോലെ റീ കർവ് ചെയ്ത് വടക്കോട്ടേക്ക് നീങ്ങാനാണ് സാധ്യത. കേരളം, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ന്യൂനമർദ്ദം മഴ നൽകും.

ജനുവരി മാസത്തിലും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് വിവിധ കാലാവസ്ഥ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും കർണാടകയിലും മഹാരാഷ്ട്രയിലും ഇന്നുമുതൽ മൂന്ന് ദിവസം മഴ സാധ്യതയുണ്ടെന്ന് Metbeat Weather പറഞ്ഞു. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയും (isolated heavy rain) കർണാടകയിൽ ഇടത്തരം മഴയും ( moderate rain) മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് , തെലങ്കാന എന്നിവിടങ്ങളിൽ ഇടത്തരം (moderate rain) മഴയോ ചാറ്റൽ മഴയോ ( lifht rain) ആണ് പ്രതീക്ഷിക്കുന്നത് .

ന്യൂനമർദ്ദം കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്ന അറബിക്കടലിലെ മേഖലകളിൽ സമുദ്രോപരി താപനിലയോ ( sea surface temperature -SST) മറ്റ് അനുകൂല ഘടകങ്ങളും നിലവിൽ സംജാതമായിട്ടില്ല. അതിനാൽ ന്യൂനമർദ്ദം ശക്തിപ്പെടാനും സാധ്യതയില്ല. Well Marked Low Pressure ആയ ശേഷം ദുർബലപ്പെടാനാണ് തുടങ്ങുക. തീവ്ര ന്യൂനമർദ്ദമോ ( Depression) ചുഴലിക്കാറ്റോ ( Cyclonic Storm) ആകില്ല. ന്യൂനമർദ്ദമായി ദുർബല പെടുമെങ്കിലും സിസ്റ്റത്തിന് തെക്കൻ സംസ്ഥാനങ്ങളിൽ മഴ നൽകാൻ ശേഷി ഉണ്ടാകും. കേരളതീരത്തോട് കൂടുതൽ അടുത്താൽ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. അല്ലെങ്കിൽ മഴ തീരദേശങ്ങളിൽ ആയി ഒതുങ്ങും.

ജനുവരി ആയതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ കുറയുകയും ചൂട് കൂടുകയും ആണ്. വരൾച്ചാ ഭീഷണിയും മുന്നിലുണ്ട്. കർഷകർ ജലസേചനത്തിനും മറ്റും സംവിധാനങ്ങൾ ഒരുക്കുന്നത് കാർഷിക വിളകൾ നശിക്കാതിരിക്കാൻ സഹായിക്കും. ജനുവരിയിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും ജനുവരിയിൽ ലഭിക്കേണ്ട മഴയുടെ അളവ് വളരെ കുറവാണ്. ഇപ്പോഴത്തെ മഴ കർഷകർക്ക് അനുഗ്രഹമാകും എന്നാണ് കരുതുന്നത്.

അതേസമയം, വടക്കേ ഇന്ത്യയിൽ ശൈത്യ തരംഗം ഈ ആഴ്ചയിലും തുടരാനാണ് സാധ്യത. തെക്കേ ഇന്ത്യയിൽ ചൂട് കൂടുമെങ്കിലും വടക്കേ ഇന്ത്യയിൽ പകൽതാപനില സാധാരണയേക്കാൾ കുറയും. ഈമാസം 11 വരെയാണ് ശൈത്യ തരംഗം തുടരാൻ സാധ്യതയുള്ളത് .

ന്യൂനമർദ്ദത്തെ തുടർന്ന് കേരള കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് ഈ മേഖലയിൽ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.

© Metbeat News

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment