പുതുവർഷ കിരണം ഇന്ത്യയിൽ ആദ്യമെത്തിയത് ഈ ഗ്രാമത്തിൽ

പുതുവർഷത്തിലെ സൂര്യന്റെ കിരണം ഇന്ത്യയിൽ ആദ്യം പതിച്ചത് അരുണാചൽ പ്രദേശിലെ ഡോങ് ഗ്രാമത്തിൽ. ഇന്ത്യയുടെ കിഴക്കേ അറ്റത്താണ് ഈ ഗ്രാമം. പുതുവർഷദിനത്തിൽ മാത്രമല്ല ഇന്ത്യയിൽ എല്ലാദിവസവും ആദ്യം പുലർകാല സൂര്യനെ കാണുന്നത് ഈ ഗ്രാമത്തിലുള്ളവരാണ്. സഞ്ചാരികൾക്ക് ഏറെ പ്രിയമല്ലാത്ത മനോഹര പ്രദേശമാണിവിടം. ഇത്തരം നിരവധി പ്രദേശങ്ങൾ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുണ്ട്.

കിഴക്കേ അറ്റത്തു കിടക്കുന്ന അരുണാചൽ പ്രദേശിലും ഇത്തരം സ്ഥലങ്ങൾ ഒരുപാടുണ്ട്. മലകളും വിശാലമായ താഴ്‌വരകളും ഇടയിലെ മഞ്ഞുരുകി നിറഞ്ഞു കിടക്കുന്ന തടാകങ്ങളും അരുവികളും പുഴകളും കാടും ഗോത്രവർഗക്കാരുമെല്ലാം ചേർന്ന് അരുണാചൽ പ്രദേശിനെ തികച്ചും വ്യത്യസ്തമായ പ്രദേശമാക്കി മാറ്റുന്നുണ്ട്. അരുണാചലിലെ പ്രത്യേകതകളിലൊന്നാണ് ആദ്യം സൂര്യൻ എത്തുന്ന ഡോങ് ഗ്രാമം.

വടക്കുകിഴക്ക് നേരത്തെ ഉണരും, നേരത്തെ ഉറങ്ങും

ഭൂമിശാസ്ത്രപരമായ സ്ഥാനത്തിന്റെ പ്രത്യേകതകളാൽ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളേക്കാൾ നേരത്തെ സൂര്യൻ ഉദിക്കുകയും നേരത്തെ അസ്തമിക്കുകയും ചെയ്യാറുണ്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ. അരുണാചൽ പ്രദേശിലും ഡോങിലും ആ പതിവിന് മാറ്റമില്ല. പുലർച്ചെ 5.50നാണ് ഡോങിൽ സൂര്യൻ ഉദിക്കുക. മഞ്ഞുകാലത്ത് വൈകീട്ട് നാലരയാകുമ്പോഴേക്കും രാത്രിയായിട്ടുണ്ടാവും. ഉപഗ്രഹ ചിത്രങ്ങളിൽ പോ്ക്കു സൂര്യൻ നിഴൽ വീഴ്ത്തുന്നതും ഉദയ സൂര്യന്റെ കിരണം ആദ്യം ഈ സംസ്ഥാനങ്ങളിൽ പതിക്കുന്നതും കാണാനാകും. മെറ്റ്ബീറ്റ് വെതറിന്റെ വെബ്‌സൈറ്റുകളിൽ (metbeat.com, metbeatnews.com) നിങ്ങൾക്ക് തൽസമയ ഉപഗ്രഹ ചിത്രങ്ങൾ കാണാനാകും.

വടക്കുകിഴക്കൻ സഞ്ചാരം കരുതി വേണം
സമതലങ്ങളിലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലും യാത്ര ചെയ്തുള്ള പരിചയം പോര വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ റോഡ് ട്രിപ്പുകൾക്ക്. ഡോങിൽ സൂര്യൻ ഉദിക്കുന്നതിന്റെ ഏറ്റവും മനോഹര ദൃശ്യങ്ങൾ കാണണമെങ്കിൽ പുലർച്ചെ മൂന്നിനെങ്കിലും പുറപ്പെടേണ്ടി വരും. എങ്കിൽ മാത്രമേ മലമുകളിലെത്തി സൂര്യൻ ഉദിച്ചു വരുന്നത് കാണാനാവൂ. കുറച്ചു സമയം കൂടി ഉറങ്ങിയാൽ കൊള്ളാമെന്ന് ആഗ്രഹമുള്ളവർക്ക് മലമുകളിൽ ക്യാപു ചെയ്യുകയും ആവാം. മല മുകളിൽ നിന്നു നോക്കുമ്പോൾ താഴെ പഞ്ഞിക്കെട്ടു പോലുള്ള സീറസ് മേഘങ്ങൾ നിറഞ്ഞു കിടക്കുന്നതും അകലെ ചക്രവാളത്തിൽ നിന്നും സൂര്യൻ പതിയെ തല പൊക്കുന്നതും സ്വപ്‌ന സമാനമായ കാഴ്ച്ചയാണ്. ആ സ്വപ്‌ന കാഴ്ച്ചയെ സഞ്ചാരികൾക്ക് പകർന്നു നൽകാൻ ഡോങിന് സാധിക്കുമെങ്കിലും ഏറെയൊന്നും സഞ്ചാരികൾ ഇവിടെയെത്താറില്ലെന്നാണ് യാഥാർഥ്യം.


ആൻഡമാനിലല്ല, ഡോങിലാണ് ആദ്യം വെളിച്ചം വീഴുന്നത്

ഇന്ത്യൻ ഭൂപടം നോക്കുന്നവർക്ക് ഏറ്റവും കിഴക്കേ അറ്റത്ത് ആൻഡമാൻ നിക്കോബർ ദ്വീപുകളല്ലേ എന്ന സംശയം തോന്നിയേക്കാം. എന്നാൽ ഇതു തെറ്റാണ് 1999ലാണ് ഇന്ത്യയിൽ ആദ്യം സൂര്യൻ ഉദിക്കുന്നത് അരുണാചൽ പ്രദേശിലെ ഡോങിലാണെന്ന് തിരിച്ചറിയുന്നത്. ഇതിനു കാരണം ആൻഡമാൻ കുറേകൂടി തെക്കോട്ട് ഭൂമധ്യ രേഖയോട് അടുത്തു സ്ഥിതി ചെയ്യുന്നു എന്നതിനിലാണ്. ഇതോടെയാണ് അരുണാചൽ പ്രദേശിന് ഇന്ത്യയിലെ ഉദയസൂര്യന്റെ നാട് എന്ന വിളിപ്പേര് ലഭിച്ചത്. ഇന്ത്യയിലെ ജപ്പാൻ എന്നും അരുണാചലിനെ സഞ്ചാരികൾ വിളിക്കാറുണ്ട്.

ഉയർന്ന പ്രദേശത്തെ കൊച്ചു ഗ്രാമം
സമുദ്ര നിരപ്പിൽ നിന്നും 4,070 അടി ഉയരത്തിലുള്ള ഡോങ് ഗ്രാമം ബ്രഹ്മപുത്രയുടെ പോഷക നദിയായ ലോഹിതും സതി അരുവിയും കൂടിച്ചേരുന്നിടത്താണ് സ്ഥിതി ചെയ്യുന്നത്. വാലോങിൽ നിന്നും അര മണിക്കൂർ നടന്നാൽ ഏഴു കിലോമീറ്ററോളം അകലെയുള്ള ഡോങിലെത്താം. ലോഹിതിന് കുറുകേ ഇരുമ്പു പാലവും നിർമിച്ചിട്ടുണ്ട്.

വായനക്കാർക്ക് മെറ്റ്ബീറ്റ് വെതറിന്റെ പുതുവൽസരാശംസകൾ

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment