പ്രളയ മോക്ഡ്രില്ലിനിടെ മുങ്ങിതാഴുന്നത് അഭിനയിച്ച യുവാവ് മുങ്ങി മരിച്ചു

പ്രളയദുരന്തങ്ങൾ നേരിടാനുള്ള പ്രചാരണ പരിശീലനത്തിനിടെ അഭിനയിക്കാൻ രക്ഷാസേനകൾ ആറ്റിലേക്കിറക്കിയ നാട്ടുകാരൻ മുങ്ങി മരിച്ചു. കല്ലൂപ്പാറ പാലത്തിങ്കൽ കാക്കരകുന്നിൽ ബിനു സോമൻ (34) ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയാണ്. മല്ലപ്പള്ളിക്ക് സമീപം മണിമലയാറ്റിലെ പടുതോട് കടവിൽ വ്യാഴാഴ്ച രാവിലെ ഒൻപതരയ്ക്കാണ് സംഭവം. ദേശീയ ദുരന്തനിവാരണ സേനയടക്കം വിവിധ എജൻസികളുടെ നേതൃത്വത്തിലായിരുന്നു പ്രചാരണ പരിശീലനം.
പടുതോട് പാലത്തിന് മുകളിൽ പുറമറ്റം പഞ്ചായത്തിലെ കടവിൽ കുറച്ചുപേർ ഒഴുക്കിൽപ്പെടുന്ന രംഗമാണ് ചിത്രീകരിക്കാൻ ശ്രമിച്ചത്. ബിനു ഉൾപ്പെടെ നാലുപേരെയാണ് ആറ്റിലേക്ക് ഇറക്കിയത്. ഇതിന് എതിർവശത്ത് കല്ലൂപ്പാറ പഞ്ചായത്തിലെ കടവിൽനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ യന്ത്രവത്കൃത ബോട്ടിൽ എത്തി രക്ഷിക്കണം എന്നതായിരുന്നു ധാരണ. എന്നാൽ വെള്ളത്തിൽ ഇറങ്ങിയ ബിനു സോമൻ യഥാർഥത്തിൽ മുങ്ങിത്താണു. വെപ്രാളത്തിൽ ഇയാൾ പലവട്ടം കൈകൾ ഉയർത്തിയെങ്കിലും അഭിനയമാണെന്നാണ് കരയിൽ നിന്നവർ കരുതിയത്. ലൈഫ് ബോ എറിഞ്ഞുകൊടുത്തെങ്കിലും പിടിക്കാനാവാതെ താഴുകയായിരുന്നു.

മറ്റുള്ളവർ ബോട്ടിൽ പിടിച്ചുകിടക്കുമ്പോഴാണ് കൂടെയുള്ള ഒരാളെ കാണാനില്ലെന്ന് വ്യക്തമായത്. തുടർന്ന് ദേശീയദുരന്ത നിവാരണ സേനയുടെ മുങ്ങൽ വിദഗ്ധരടക്കം വേറെ ബോട്ടുകളിൽ എത്തി. ഇരുപത് മിനിറ്റോളം നടത്തിയ തിരച്ചിലിൽ വെള്ളത്തിനടിയിൽനിന്ന് എൻ.ഡി.ആർ.എഫ്. സ്കൂബാ ഡൈവർ അനിൽ സാഹുവാണ് ബിനുവിനെ കണ്ടെത്തിയത്. ബോട്ടിൽ കയറിയെങ്കിലും യന്ത്രം പ്രവർത്തിക്കാതിരുന്നതോടെ തുഴഞ്ഞും കയർ കെട്ടി വലിച്ചുമാണ് ഒടുവിൽ കരയ്ക്കെത്തിച്ചത്.
ആംബുലൻസിൽ കയറ്റി ഉടനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. നേരിയ തോതിൽ നാഡി സ്പന്ദനമുണ്ടെന്ന നിഗമനത്തെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടേകാലോടെ മരണം സംഭവിക്കുകയായിരുന്നു.

പരേതരായ സോമന്റേയും വിജയകുമാരിയുടേയും മകനാണ് ബിനു.സഹോദരങ്ങൾ:പരേതനായ വിനോദ്,വിനീത.മൃതദേഹം വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തുമെന്ന് മല്ലപ്പള്ളി തഹസിൽദാർ പി.എ സുനിൽ പറഞ്ഞു.

എ.കെ. ചൗഹാൻ കമാൻഡറായ ദേശീയ ദുരന്തനിവാരണ സേന യൂണിറ്റ്, സ്റ്റേഷൻ ഓഫീസർ കുരുവിള മാത്യു എന്നിവരുടെ നേതൃത്വത്തിൽ റാന്നിയിൽനിന്ന് അഗ്നിരക്ഷാസേന ഇൻസ്പെക്ടർ സജീഷ് കുമാർ, എസ്.ഐ.മാരായ ബി.എസ്. ആദർശ്, ടി.എസ്. ജയകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശീലനം. തഹസിൽദാർ പി.എ. സുനിൽ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ ഷിബു തോമസ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment