വടക്കു കിഴക്കൻ മൺസൂൺ (തുലാവർഷം) ഔദ്യോഗിക മഴ കണക്കെടുപ്പ് ഇന്നലെ അവസാനിച്ചതോടെ കേരളത്തിൽ ലഭിച്ചത് സാധാരണ മഴ. ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള മഴയാണ് തുലാവർഷ കലണ്ടറിൽ ഉൾപ്പെടുത്തുന്നത്. ഇതു പ്രകാരം കേരളത്തിൽ 492 എം.എം മഴയാണ് ലഭിക്കേണ്ടത്. എന്നാൽ 476.1 എം.എം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. മൂന്നു ശതമാനം മഴക്കുറവുണ്ടെങ്കിലും സാങ്കേതികമായി ഇത് സാധാരണ മഴയാണ്. ലക്ഷദ്വീപിൽ 10 ശതമാനം മഴക്കുറവുണ്ടെങ്കിലും സാധാരണ മഴ ലഭിച്ചു.
കണക്ക് കണക്കുന്നത് ഇങ്ങനെ
19 ശതമാനം മഴ കൂടുതലോ മഴ കുറവോ സാധാരണ മഴയും 20 മുതൽ 59 ശതമാനം വരെ മഴ കൂടുതൽ മഴ കൂടുതലായും 60 മുതൽ മുകളിലേക്കുള്ള ശതമാനം മഴ കൂടുതൽ വളരെ കൂടുതലുമായാണ് കണക്കാക്കുക. 20 മുതൽ 59 ശതമാനം കുറവ് മഴക്കുറവും 60 മുതൽ 99 ശതമാനം വരെ മഴക്കുറവ് വളരെ കുറവുമായാണ് കണക്കാക്കുക. 100 ശതമാനം മഴക്കുറവിനെ മഴയില്ലാതെയും കണക്കാക്കും.
2021 ൽ 109 % കൂടുതൽ ഇപ്പോൾ 3 % കുറവ്
2021 ൽ ന്യൂനമർദങ്ങൾ ശക്തമായതു കാരണം തുലാമഴയിൽ കേരളത്തിൽ 109 ശതമാനത്തിന്റെ വർധനവുണ്ടായിരുന്നു. അന്ന് കാലവർഷം (തെക്കുപടിഞ്ഞാറൻ മൺസൂൺ) 14 ശതമാനം കുറയുകയും ചെയ്തു. ഈ വർഷം കണ്ണൂരിലാണ് ഏറ്റവും കൂടുതൽ മഴ കുറഞ്ഞത്. 41 ശതമാനം മഴക്കുറവിലാണ് കണ്ണൂരുള്ളത്. തൃശൂർ 31 ശതമാനവും കാസർകോട് 21 ശതമാനവും മലപ്പുറം 25 ശതമാനവും പാലക്കാട് 22 ശതമാനവും മഴ കുറഞ്ഞു.
കോട്ടയം (15%, എറണാകുളം (11%, ആലപ്പുഴ (2%), കാഴിക്കോട് (-2%)തിരുവനന്തപുരം (0%), വയനാട് (-18%) കൊല്ലം (-14%)സാധാരണ മഴ ലഭിച്ചു.
പത്തനംതിട്ടയിലും(37%) ഇടുക്കിയിലും (23%) കൂടുതൽ ലഭിച്ചു.
ഡാമുകളിൽ 73 % വെള്ളമുണ്ട്
ശനിയാഴ്ച രാവിലെ ഏഴു മണിയിലെ കണക്കുപ്രകാരം 3027.47 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള വെള്ളം എല്ലാ സംഭരണികളിലുമായുണ്ട്. ആകെ സംഭരണശേഷിയുടെ 73 ശതമാനമാണിത്. മുൻ വർഷങ്ങളിൽ ഡിസംബർ 31ലെ ജലനിരപ്പ് ഇങ്ങനെയാണ്. 2021 (3722.811 ദശലക്ഷം യൂനിറ്റ്, 89%), 2020 (3457.169, 83%), 2019 (3155.802, 76%). 2018ൽ മഹാപ്രളയമായിരുന്നുവെങ്കിലും ഈ സമയം 2953.931 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമേ ഉണ്ടായിരുന്നുള്ളൂ. ഡിസംബർ ഒന്നു മുതൽ 31 വരെ 273.965 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തുമെന്നാണ് കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് സെന്റർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്നലെവരെ എത്തിയത് 246.127 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ്. മഴമാറിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കൂടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ശരാശരി ഉപഭോഗം 80 ദശലക്ഷം യൂനിറ്റാണ്. കരുതൽ സംഭരണത്തിന്റെ ഭാഗമായി ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം കുറച്ചിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് ഉപയോഗിച്ച 79.0395 ദശലക്ഷം യൂനിറ്റ് വൈദ്യുതിയിൽ 20.9645 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ആഭ്യന്തര ജലവൈദ്യുതി ഉൽപ്പാദനം. 55.8862 ദശലക്ഷം യൂനിറ്റ് ദീർഘകാല കരാർ വൈദ്യുതിയും കേന്ദ്ര പൂളുമാണ്. 2.188 ദശലക്ഷം യൂനിറ്റ് പാരമ്പര്യേതര ഊർജവും.