തിരുവനന്തപുരത്ത് ശക്തമായ മഴ, കാറ്റ്: മരം വീണു നാശനഷ്ടം

തെക്കൻ കേരളത്തിൽ വേനൽ മഴ ശക്തമായതോടെ നാശനഷ്ടം. തിരുവനന്തപുരം മലയോര മേഖലയിൽ കനത്ത മഴയും കാറ്റുമുണ്ടായി. നെടുമങ്ങാട് ചുള്ളിമാനൂരിൽ വാഹനങ്ങൾക്ക് മുകളിൽ മരം വീണു. റോഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾക്കും കാറിനും മുകളിലേക്കാണ് മരം വീണത്. മരം വീണ് വൈദ്യുതിലൈൻ തകരുകയും രണ്ട് പോസ്റ്റുകൾ വീഴുകയും ചെയ്തു. ഉച്ചയോടു കൂടിയാണ് ശക്തമായ കാറ്റും മഴയും മലയോര മേഖലകളിൽ തുടങ്ങിയത്.

നെടുമങ്ങാട് ഫയർഫോഴ്‌സും കെ.എസ.്ഇ.ബി ഉദ്യോഗസ്ഥരുമെത്തി മരം മുറിച്ചുമാറ്റി. ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. ഉച്ചയോടെ ആരംഭിച്ച മഴയും കാറ്റും രാത്രിയിലും തുടർന്നു.

കായംകുളത്ത് വൈകിട്ട് നാലുമണിയോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും പത്തിയൂരിൽ വ്യാപക നാശനഷ്ടമുണ്ടായി. പത്തിയൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ക്ഷേത്രത്തിന് വടക്ക് കറുകത്തറയിൽ വാസുദേവന്റെ വീട് കാറ്റിൽ പൂർണമായും തകർന്നു. പത്തിയൂർക്കാല മങ്ങാട്ട് കോളനിക്ക് കിഴക്ക് മാവിലേത്ത് ശരീഫിന്റെ വീടിന്റെ മുകളിൽ മാവിന്റെ ശിഖിരം ഒടിഞ്ഞുവീണ് വീടിന് കേടുപാട് സംഭവിച്ചു.

മങ്ങാട്ട് കോളനിയിൽ തെങ്ങ് കടപുഴകി വീണ് അഞ്ചു പോസ്റ്റുകൾ ഒടിഞ്ഞുവീണു. രാമപുരത്ത് കുരിശുമൂട് മരം റോഡിലേക്ക് ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കനത്ത കാറ്റിലും മഴയിലും വിവിധ ഇടങ്ങളിൽ വൈദ്യുത കമ്പികൾ പൊട്ടി വീണതിനെ തുടർന്ന് കായംകുളത്തും സമീപപ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. റോഡുകളിൽ വീണ മരങ്ങൾ നാട്ടുകാരും അഗ്‌നി രക്ഷാസേനയും ചേർന്ന് വെട്ടി മാറ്റി.

Share this post

Leave a Comment