ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ മഴ തുടരും; ചൂടു കൂടും

കേരളം ഉൾപ്പെടെ ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ അടുത്ത അഞ്ചു ദിവസം മഴക്ക് സാധ്യത. ദക്ഷിണേന്ത്യയിൽ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ബുധനാഴ്ച വരെ ഇടിയോടെ മഴ പ്രതീക്ഷിക്കാം. മഹാരാഷ്ട്രയിൽ ചൊവ്വാഴ്ച വരെയും ഇടിയും മഴയും ഉണ്ടാകും.

മധ്യ ഇന്ത്യയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലും മഴയും കാറ്റും ഉണ്ടാകും. മധ്യപ്രദേശ്, ചത്തീസ്ഗഡ്, വിദർഭ എന്നിവിടങ്ങളിലാണ് മഴക്ക് സാധ്യത. കിഴക്കൻ ഇന്ത്യയിൽ ഒഡിഷയിലും ജാർഖണ്ഡിലുമാണ് മഴക്ക് സാധ്യത. ചൊവ്വാഴ്ച വരെ ശക്തമായ മഴയും ഇടിമിന്നലും കാറ്റും ഇവിടെ പ്രതീക്ഷിക്കാം.

വേനൽ മഴക്കൊപ്പം ഉത്തരേന്ത്യയിൽ ചൂടും കൂടും. ശരാശരിയേക്കാൾ 2 മുതൽ 4 ഡിഗ്രിവരെയാണ് ചൂടു കൂടുക. എന്നാൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും ചൂട് സാധാരണ രീതിയിൽ തുടരും. ഇത്തവണ ഉഷ്ണതരംഗ സാധ്യത കൂടുതൽ ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡിഷ, ബംഗാൾ, ചത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുജ്ഞയ് മഹാപത്ര പറഞ്ഞു.

നേരത്തെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിലും ഈ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാധ്യത പ്രവചിച്ചിരുന്നു. എന്നാൽ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണ താപനിലയോ, സാധാരണയിൽ കുറവ് താപനിലയോ ആണ് പ്രവചിച്ചിരുന്നത്.

Leave a Comment