Menu

strong wind

കാലിഫോർണിയയിൽ അന്തരീക്ഷ പുഴ പ്രതിഭാസം : പ്രളയം, കനത്ത മഞ്ഞുവീഴ്ച, കൊടുങ്കാറ്റ്: 17 മരണം

യു.എസിലെ കാലിഫോർണിയയിൽ ആകാശപ്പുഴ പ്രതിഭാസത്തെ തുടർന്ന് 17 മരണം. കാലിഫോർണിയ പ്രളയക്കെടുതി നേരിടുകയാണ്. ആയിരങ്ങളെ സുരക്ഷിത പ്രദേശങ്ങളിലേക്ക് ഒഴിപ്പിച്ചു. നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. പലയിടത്തും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. 100 കി.മി ലേറെ വേഗത്തിലാണ് പലയിടത്തും കാറ്റു വീശുന്നത്. 127 കി.മി വേഗത്തിൽ വരെ കാറ്റ് പാലിസേഡിൽ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഡിസംബർ മുതൽ കാലിഫോർണിയയിൽ ന്യൂനമർദത്തെ തുടർന്ന് കനത്ത മഴ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്നലെയും കനത്ത മഴയും കാറ്റും തുടരുകയാണ്. ഇതുവരെ 17 പേർ മരിച്ചെന്ന് ഗവർണർ അറിയിച്ചു. പ്രളയ മേഖലയിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്. ഒരു ലക്ഷം പേർക്ക് വൈദ്യുതി മുടങ്ങി. പർവത മേഖലകളിൽ ഉരുൾപൊട്ടലുമുണ്ടായി. അഞ്ചു വർഷം മുൻപ് ഉരുൾപൊട്ടലിൽ 23 പേർ കൊല്ലപ്പെടുകയും 100 വീടുകൾ തകരുകയും ചെയ്ത പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടലുണ്ടായി. മഴക്കൊപ്പം മഞ്ഞുവീഴ്ചയും ശക്തമാണ്. സെയ്‌റ നെവാഡ സ്‌കൈ റിസോർട്ടിൽ 1.5 മീറ്റർ ഉയരത്തിൽ മഞ്ഞുവീണു. റോഡുകളിൽ പാറകളും മണ്ണും വീണ് ഗതാഗതം തടസപ്പെട്ടു.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടുത്തയാഴ്ചയും മഴയും മഞ്ഞും വീഴ്ചയും മേഖലയിൽ തുടരുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നത്.

മന്ദൂസ് രൂപപ്പെട്ടു; കേരളത്തിലും മഴ സാധ്യത

ബംഗാൾ ഉൾക്കടലിൽ തമിഴ്നാടിന്റെ തീരത്തായി മന്ദൂസ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഇന്ന് പുലർച്ചയോടെയാണ് മന്ദൂസ് രൂപപ്പെട്ടത്. ചെന്നൈയിൽ നിന്ന് 550 കിലോമീറ്റർ തെക്കു കിഴക്കായാണ് മന്ദൂസിന്റെ ഇന്ന് പുലർച്ചെയുള്ള സ്ഥാനം. ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്ന് 330 കി.മിയും ജാഫ്നയിൽ നിന്ന് 450 കിലോമീറ്ററും അകലെയാണിത്. നാളെ അർദ്ധരാത്രിയോടുകൂടി വടക്കൻ തമിഴ്നാട്ടിലും തെക്കൻ ആന്ധ്രപ്രദേശിനും ഇടയിലൂടെ മന്ദൂസ് കരകയറും എന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ നിരീക്ഷണങ്ങൾ അനുസരിച്ച് മണ്ടൂസ് കരകയറുന്നതിന് മുൻപ് ദുർബലമാകാൻ ഇടയില്ല. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ശ്രീഹരിക്കോട്ടക്കും ഇടയിലുള്ള പ്രദേശത്തു കരകയറുമെന്നാണ് നിഗമനം. വടക്കൻ തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള മേഖലകളിൽ ശക്തമായ മഴയും കാറ്റും പ്രതീക്ഷിക്കാം. പുതുച്ചേരിയിലും തെക്കൻ ആന്ധ്രപ്രദേശിലും കനത്ത മഴയും കാറ്റും ഉണ്ടാകും. ഇവിടങ്ങളിൽ നേരിയതോതിൽ പ്രാദേശിക പ്രളയ സാധ്യതയും നിലനിൽക്കുന്നു. തമിഴ്നാടിന്റെ ഉൾനാടൻ പ്രദേശങ്ങളിലും മന്ദൂസിന്റെ ഭാഗമായി മഴയും കാറ്റും പ്രതീക്ഷിക്കാം. എന്നാൽ അവിടങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യത കുറവാണ്. തമിഴ്നാടിന്റെ വടക്കൻ തീരദേശം ആന്ധ്രയുടെ തെക്കൻ തീരദേശം എന്നിവിടങ്ങളിൽ അതിതീവ്രമഴക്ക് സാധ്യത നിലനിൽക്കുന്നു. ഉൾനാടൻ തമിഴ്നാട്ടിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്.

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത
നാളെ മുതൽ കേരളത്തിന്റെ വടക്കൻ മേഖലയിലും മധ്യ, തെക്കൻ മേഖലയിലും ന്യൂനമർദ്ദത്തിന്റെ ഭാഗമായുള്ള ഒറ്റപ്പെട്ട ഇടത്തരം മഴയോ ശക്തമായ മഴയോ ലഭിക്കാം. ഇടുക്കിയിൽ നാളെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. എറണാകുളം നാളെ പകൽ മഴക്ക് സാധ്യത കൊല്ലം , പത്തനംതിട്ട ജില്ലകളിലും നാളെ വൈകിട്ട് മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ ജില്ലകളിൽ നാളെ രാത്രിയോടെ മഴക്ക് സാധ്യത. തൃശൂർ മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിൽ നാളെ രാത്രി മുതൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത.

Donate and Support Metbeat Weathers Indipendent Weather Forecast Send Your Contributions
Click Here

കാനഡയിൽ ഹുറികേയ്ൻ : പതിനായിരങ്ങൾ ഇരുട്ടിൽ

കാനഡയുടെ കിഴക്കൻ തീരത്ത് അതിശക്തമായ ഹുറികേയ്ൻ ഫിയോനയെ തുടർന്ന് പതിനായിരങ്ങൾ ഇരുട്ടിലായി. ഇതുവരെ എട്ടു മരണം റിപ്പോർട്ട് ചെയ്തു. മണിക്കൂറിൽ 140 കി.മി വേഗതയിലുള്ള ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയതിനെ തുടർന്നാണിത്. സെന്റ് ലോറൻസ് കടലിലാണ് ഹുറികേയ്ൻ ഉള്ളതെന്ന് യു.എസ് നാഷനൽ ഹുറികേയ്ൻ സെന്റർ അറിയിച്ചു.
നൊവാ സ്‌കോടിയ, പ്രിൻസ് എഡ്വേർഡ് ദ്വീപ് എന്നിവിടങ്ങളിലാണ് കനത്ത കാറ്റും മഴയുമുണ്ടായത്. നൊവാസ്‌കോടിയയിലെ 79 ശതമാനവും പ്രിൻസ് എഡ്വേർഡ് ദ്വീപിലെ 95 ശതമാനം ഉപയോക്താക്കൾക്കും വൈദ്യുതി വിതരണം മുടങ്ങിയെന്നാണ് കമ്പനികൾ പറയുന്നത്. മൊബൈൽ ഫോൺ സർവിസിനെയും ഇതു ബാധിച്ചു. പലയിടത്തും റോഡുകൾ അടച്ചതായി പൊലിസ് പറഞ്ഞു.
ഹുറികേയ്‌നിനെ തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വിദേശയാത്ര മാറ്റിവച്ചു. ജപ്പാനിലേക്കാണ് അദ്ദേഹം പോകേണ്ടിയിരുന്നത്.

കടൽ പ്രക്ഷുബ്ധം, ബോട്ട് മറിഞ്ഞ് അപകടം (വിഡിയോ)

കാലവർഷം ശക്തിപ്പെട്ടതിനു പിന്നാലെ കടൽക്ഷോഭം രൂക്ഷമായതിനെത്തുടർന്ന് കൊല്ലത്ത് രണ്ടിടങ്ങളിൽ അപകടം. കഴിഞ്ഞ ദിവസങ്ങളിൽ ജൂലൈ 31 മുതൽ കടലിൽ കാറ്റിന് ശക്തികൂടുമെന്ന് മെറ്റ്ബീറ്റ് വെതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നു രാവിലത്തെ യൂറോപ്യൻ ഉപഗ്രഹ റീഡിങ്ങുകളിൽ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ മേഖലകളിൽ കടലിൽ 50 കി.മി വേഗത കാറ്റിന് രേഖപ്പെടുത്തിയിരുന്നു.
കൊല്ലത്ത് മീൻപിടിത്തബോട്ടുകളിൽ നിന്ന് കടലിൽ വീണ മൽസ്യത്തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപെട്ടു. നീണ്ടകര അഴിമുഖത്തായിരുന്നു ആദ്യത്തെ അപകടം. തിരയിൽപ്പെട്ട് ആടിയുലഞ്ഞ ബോട്ടിൽ നിന്ന് ഒരു മൽസ്യത്തൊഴിലാളി കടലിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വന്ന ബോട്ടിലുണ്ടായിരുന്നവരാണ് രക്ഷപെടുത്തിയത്. കരുനാഗപ്പളളി അഴീക്കൽ തുറമുഖത്ത് ബോട്ടിൽ നിന്ന് കടലിൽ വീണ മൂന്ന് മൽസ്യത്തൊഴിലാളികൾ നീന്തി രക്ഷപെട്ടു. ചേറ്റുവയിൽ നിന്ന് മീൻപിടിക്കാൻ പോയവരാണ് ശക്തമായ തിരയിൽപ്പെട്ട് തെറിച്ച് കടലിൽ വീണത്. വിഡിയോ കാണാം.

അതിനിടെ, ചാവക്കാട് അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞു 2 പേരെ കാണാതായി. നാലുപേർ രക്ഷപ്പെട്ടു. തിരുവനന്തപുരം പുല്ലുവിള സ്വദേശികളുടെ ടിയാമോൾ എന്ന വള്ളമാണ് അപകടത്തിൽ പെട്ടത്. മണിയൻ, ഗിൽബർട്ട് എന്നിവരെയാണ് കാണാതായത്.

കോതമംഗലത്ത് ദുരിതം വിതച്ച് ശക്തമായ കാറ്റ്

കോതമംഗലത്ത് ഇന്ന് ഉണ്ടായ ശക്തമായ കാറ്റിൽ മുപ്പതോളം വീടുകൾ തകർന്നു. വ്യാപക കൃഷിനാശം നേരിട്ടു. നഷ്ടം കണക്കാക്കുന്നതേയുള്ളൂ. കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, കാട്ടാട്ടുകുളം പ്രദേശങ്ങളിലും തൃക്കാരിയൂർ, മുനിസിപ്പാലിറ്റിയിലെ മലയൻകീഴ് ഗോമേന്തപ്പടി, വലിയപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്ന് പകൽ പതിനൊന്നര മണിയോടെ ശക്തമായ മഴക്കൊപ്പം ഏകദേശം പത്ത് മിനിറ്റോളം ശക്തമായ കാറ്റ് വീശിയത്. പെട്ടെന്നുള്ള കാറ്റിൽ ജനം പരിഭ്രാന്തരായി. പലയിടത്തും കൂറ്റൻ മരങ്ങൾ വീണ് ഗതാഗത തടസ്സമുണ്ട്: നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.

കോതമംഗലം തഹസീൽദാർ റെയ്ച്ചൽ കെ.ബേബി, ഫയർഫോഴ്സ് ടീം ,ഫോറസ്റ്റ് അധികൃതൽ, പോലീസ് ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി. എൽസി പീച്ചാട്ട്, ടിനു തോമസ് അമ്പയത്തിനാൽ, റോയി പുളിയേലിൽ, മത്തായി പാറപ്പാട്ട്,
ഏലിയാമ്മ ചൂരക്കുഴി കവളങ്ങാട്, വളയം തൊട്ടി റോജി, കുടിയിരിക്കൽ ബേസിൽ എന്നിവരുടെ വീടുകളിലേക്ക് മരം മറിഞ്ഞ് അപകടം ഉണ്ടായത്.
കവളങ്ങാട് പഞ്ചായത്ത് ഓഫീസിനു സമീപം സാജു കൃഷി ചെയ്തിരുന്ന ഒരേക്കറോളം പാകമാകാറായ ഏത്തവാഴകളാണ് കാറ്റിൽ പൂർണ്ണമായി നശിച്ചത്. പൗലോസ് എടയ്ക്കാട്ടിൻ്റെ വാഴകൃഷികളും പൂർണ്ണമായി നശിച്ചു. കുട്ടമംഗലം, കവളങ്ങാട്, തക്കാരിയൂർ ,കോതമംഗലം വില്ലേജ് ഓഫീസർമാർ നഷ്ടം കണക്കാക്കി വരുന്നു. പകൽ സമയത്ത് കാറ്റ് വീശിയതിനാൽ ആളപായമില്ല.

കടലിൽ കാറ്റിന്റെ വേഗം 60 കി.മീ ആകാം: മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം

ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം (ഇൻകോയിസ്) അറിയിക്കുന്നതനുസരിച്ച് ജൂൺ 30-ാം തിയതി വ്യാഴാഴ്ച രാത്രി 8 മണിക്കുള്ള അറിയിപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രതാ മുന്നറിയിപ്പ്

വരുന്ന തിങ്കളാഴ്ച വരെ കേരളം, കർണാടക, ലക്ഷദ്വീപ്, കന്യാകുമാരി, തെക്കൻ തമിഴ്നാട്, തെക്കൻ മഹാരാഷ്ട്ര, ഗോവ തീരങ്ങളിലും മാന്നാർ കടലിലും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആയിരിക്കുമെന്നും ഐ.എം.ഡി മുന്നറിയിപ്പ് നൽകുന്നു. കൂടാതെ മധ്യ – തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും ശ്രീലങ്കയ്ക്ക് സമീപമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ ആയിരിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു ആയതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടൽപ്പണിക്ക് പോവരുതെന്നാണ് ഐ.എം.ഡിയുടെ നിർദേശം. ഇതോടൊപ്പം കേരളത്തിലും കർണാടകയിലും ഇന്ന് രാത്രി വരെ 10 മുതൽ 11 അടി വരെ ഉയരത്തിലും ലക്ഷദ്വീപ് തീരത്ത് 12 അടി വരെ ഉയരത്തിലും തിരമാലയ്ക്ക് സാധ്യതയുള്ളതായി ഇൻകോയിസ് മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുക.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 28 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 30 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 34 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ്. പൊതുവേ വൈകുന്നേരത്തോടെയാണ് കാറ്റിൻറെ വേഗത കൂടുന്നത്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാം. അലകൾ തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 9 അടി വരെ ഉയരത്തിലും ദൂരക്കടലിൽ 10 അടി വരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടവിട്ട് ചെറിയ മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിക്കുന്നു.

ശനിയാഴ്ചയും ഞായറാഴ്ചയും അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 34 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 34 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലും കാറ്റുണ്ടാകാം.

കടപ്പാട്: radiomonsoon