കനത്ത മൂടൽ മഞ്ഞ്; താജ്മഹൽ അപ്രത്യക്ഷമായി, ചിരിപ്പിച്ച് വൈറൽ വീഡിയോ
ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ കാണാൻ ആഗ്രയിലേക്കെത്തിയ സഞ്ചാരികൾക്പകച്ചു പോയ നിമിഷമായിരുന്നു അത്. പ്രണയത്തിന്റെ നിത്യസ്മാരകം കൺകുളിർക്കെ കാണാൻ ടിക്കറ്റുമെടുത്ത് അകത്തു കയറിയവർ കണ്ടത് പുക പോലെ മൂടൽ മഞ്ഞ് മാത്രം.
വീഡിയോ നാടെങ്ങും വൈറലാണ്.
കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നതും ഈ കാണാമറയത്തെ താജ്‌മഹലിന്റെ ദൃശ്യങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെട്ടത്. ഇതിനിടെയാണ് താജ്‌മഹൽ സന്ദർശിക്കാനെത്തിയ ഒരു സഞ്ചാരി വീഡിയോ സോഷ്യൽ പങ്കുവെച്ചത്. താജ്മഹലിനെ ഒരു തരി പോലും കാണാനില്ല. എവിടെ നോക്കിയാലും മൂടൽ മഞ്ഞ് മാത്രം. കൂടുതൽ അടുത്തേക്ക് നീങ്ങുമ്പോൾ മങ്ങിയ രീതിയിൽ താജ്‌മഹൻ ദൃശ്യമാകും. അത്ര തന്നെ. "താജ്മഹൽ കാണാനില്ല…" എന്ന ക്യാപ്ഷനോടെ പങ്കുവച്ച വീഡിയോ ഇപ്പോൾ നാടെങ്ങും വൈറലാണ്.
മലിനീകരണവും തണുപ്പും കാരണം ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കാഴ്ചാപരിധി വളരെ കുറവാണ്. തൊട്ടടുത്തു നിൽക്കുന്ന ആളെപ്പോലും കാണാൻ പറ്റാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. ഏതായാലും, ഈ മഞ്ഞുകാലത്ത് ആഗ്രയിലേക്ക് വണ്ടി കയറുന്നവർ അവിടുത്തെ കാലാവസ്ഥ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. ഇല്ലെങ്കിൽ താജ്മഹലിന് പകരം മൂടൽ മഞ്ഞ് കണ്ടും വിഷപ്പുക ശ്വസിച്ചും മടങ്ങേണ്ടി വരും.
നിയന്ത്രണങ്ങൾ കടുപ്പിച്ചു
വായു മലിനീകരണം രൂക്ഷമായതിനെത്തുടർന്ന് തലസ്ഥാന നഗരിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ നാലാം ഘട്ടം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് സർക്കാരിന്റെ നടപടി. ഇതിന്റെ ഭാഗമായി, ഡൽഹിയിലെ ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും 50 ശതമാനം ജീവനക്കാർക്ക് മാത്രമാണ് ഹാജരാകാൻ അനുമതി നൽകിയിരിക്കുന്നത്. ബാക്കിയുള്ള ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള മാനദണ്ഡങ്ങൾ തൊഴിൽ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു.
English Summary : Discover the impact of pollution and fog on visibility in Delhi. Plan your Agra trip wisely to avoid missing the Taj Mahal amidst the haze.