കിണർകുഴിക്കണമെങ്കിൽ ഇനി സർക്കാറിൻ്റെ അനുമതി വേണം, കുടിവെള്ളത്തിന് വിലകൂടും, ജനങ്ങൾക്ക് സാമ്പത്തിക തിരിച്ചടി.
ഇനി മുതൽ കിണർ കുഴിക്കുന്നതിന് മുൻപ് സർക്കാറിൻ്റെ അനുമതി തേടണമെന്നതാണ് പുതിയ നിയമം. ഇല്ലെങ്കിൽ കടുത്ത നടപടിക്ക് വിധേയരാകേണ്ടി വരും. കേരളത്തിലെ ഭൂഗർഭജലത്തിൻ്റെ ഉടമസ്ഥാവകാശം നിയമപരമായി സർക്കാരിൽ നിക്ഷിപ്തമാക്കാൻ ശുപാർശ ചെയ്യുന്ന കരട് സംസ്ഥാന ജലനയം 2025 ചില ശുപാർശകൾ മുന്നോട്ട് വെക്കുന്നുണ്ട്. ഇത് ഗാർഹിക ഉപഭോക്താകൾക്കും വ്യാവസായങ്ങൾക്കും മറ്റും കടുത്ത നിയന്ത്രണങ്ങൾക്ക് വഴിവെക്കുകയാണ്.
സാധാരണ ജനങ്ങളെ ഇത് വലിയ രീതിയിൽ തന്നെ ബാധിക്കുമെന്നതിൽ സംശയം വേണ്ട. അശാസ്ത്രീയമായ കിണർ നിർമ്മാണവും ജലത്തിൻ്റെ ദുരുപയോഗവും തടയുന്നതിനാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. "കേരളത്തിൽ ജലം സമൃദ്ധമാണ്" എന്ന തെറ്റായ ധാരണ തിരുത്തി ജലസംരക്ഷണത്തിന് പ്രാധാന്യം നൽകാനാണ് കരട് നയം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇത് ഗാർഹിക ഉപയോക്താക്കളുടെയും ചെറുകിട വ്യവസായങ്ങളുടെയും ചിലവ് ഗണ്യമായി വർധിപ്പിക്കുമെന്നതിൽ സംശയം വേണ്ട.
ഇവർ മുന്നോട്ടു വെക്കുന്ന ശുപാർശകൾ ഇങ്ങനെ
വീടുകളിൽ 2 ടാങ്കുകൾ നിർബന്ധം: ഗാർഹിക ഉപയോക്താക്കൾ വെള്ളം പാഴാക്കുന്നത് തടയാൻ വീടുകളിൽ രണ്ട് ജലസംഭരണ ടാങ്കുകൾ നിർബന്ധമാക്കും.
ജലത്തിൻ്റെ വില നിർണ്ണയം: ശുദ്ധജലം, ഉപയോഗിച്ച ജലം, മഴവെള്ളം എന്നിവയുടെ വില നിശ്ചയിക്കും. ഇത് കുടിവെള്ളത്തിൻ്റെ നിരക്ക് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
വ്യവസായങ്ങൾക്ക് നിയന്ത്രണം: വ്യവസായങ്ങൾക്കുള്ള ജലലഭ്യത നിയന്ത്രിക്കുകയും, പുനരുപയോഗിച്ച ജലം ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്യും.
അനധികൃതമായി കിണറുകൾ കുഴിക്കുന്നതും വിവരങ്ങളുടെ അഭാവവും കാരണം ഭൂഗർഭജലം അമിതമായി ചൂഷണം ചെയ്യപ്പെടുന്നത് പ്രാദേശിക പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. കൂടാതെ, അശാസ്ത്രീയമായ സെപ്റ്റിക് ടാങ്കുകൾ, മാലിന്യ സംസ്കരണത്തിലെ അപാകതകൾ എന്നിവ മലിനീകരണത്തിന് കാരണമാവുന്നു. കാർഷിക, വ്യാവസായിക ആവശ്യങ്ങളെക്കാൾ കൂടുതൽ ഭൂഗർഭജലം ഉപയോഗിക്കുന്നത് ഗാർഹിക ആവശ്യങ്ങൾക്കാണെന്നും നയം ഓർമ്മിപ്പിക്കുന്നു.
കിണർ കുഴിക്കുന്നവർക്ക് ഭൂഗർഭജലത്തിന്മേൽ നിയന്ത്രണമുണ്ട് എന്ന നിലവിലെ ധാരണയ്ക്ക് ഇനി വിരാമമാകും. അശാസ്ത്രീയമായ കിണർ നിർമ്മാണവും ദുരുപയോഗവും തടയാൻ ഈ നിയന്ത്രണം അത്യാവശ്യമാണെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു.
English Summary: Unregulated well digging and lack of information lead to groundwater depletion, causing local environmental issues. Learn about the impact of improper waste management.