ഏഷ്യയിലെ ഏറ്റവും മികച്ച റൂറൽ സ്പോട്ട് പട്ടികയിൽ ഇടം നേടിയ മൂന്നാറിലേക്കുള്ള യാത്രയിൽ അറിയേണ്ടതെല്ലാം 

തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ ദേവികുളം വഴി ചിന്നക്കനാൽ  യാത്ര രസകരമായ റോഡ് ട്രിപ്പാണ്.

Metbeat News
2 mins mins read

ഏഷ്യയിലെ ഏറ്റവും മികച്ച ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തിലെ കൊച്ചു മൂന്നാറും.  2025 ലെ ഏഷ്യയിലെ ഏറ്റവും മികച്ച റൂറൽ സ്പോട്ട് പട്ടികയിലാണ് മൂന്നാറിനും ഇടം കിട്ടിയത്. തേയിലത്തോട്ടങ്ങൾ, മൂടൽമഞ്ഞ് മൂടിയ താഴ്‌വരകൾ, തണുത്ത കാലാവസ്ഥ എന്നിവയ്ക്ക് പേരുകേട്ട മൂന്നാർ, സഞ്ചാരികൾക്ക് ഉൾപ്പെടെ എല്ലാവർക്കും പ്രിയപ്പെട്ട ഇടമാണ്.

മൂന്നാർ യാത്രയിൽ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ 

ചിത്രകാരന്റെ ക്യാൻവാസിൽ പതിഞ്ഞപോലെ മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്നു. ഒപ്പം മഞ്ഞു പുതച്ച്  മലമേടുകൾ ആസ്വദിക്കുമ്പോൾ കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും. വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ പ്രകൃതി സൗന്ദര്യം. കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാർ  കാഴ്ചകൾ.

പാറ കൂട്ടങ്ങൾക്കിടയിലൂടെ  ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ കണ്ണിനു കുളിർമയേകുന്ന അനുഭവം. മൂന്നാർ എന്ന പേരുണ്ടായത് മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടളി എന്നീ മൂന്ന് ‘ആറുകൾ’ ചേരുന്ന സ്ഥലം എന്ന വിശേഷണത്തിൽ നിന്നാണ്.  മൂന്നാർ  പള്ളിവാസൽ, ദേവികുളം, മളയൂർ, മാങ്കുളം, കുട്ടമ്പുഴ പഞ്ചായത്തുകൾക്കു നടുവിലാണ് . ടാറ്റയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടങ്ങളാണ് മൂന്നാറിന്റെ ആകർഷണങ്ങളിൽ ഒന്ന്.

അതേ സമയം ബ്രിട്ടീഷുകാരാണ് മൂന്നാർ പട്ടണത്തിനരികെ ആദ്യത്തെ ടൂറിസ്റ്റ് ബംഗ്ലാവുകൾ നിർമ്മിച്ചിരുന്നത്. പഴയ മൂന്നാറിലുള്ള സിഎസ്ഐ ദേവാലയവും സെമിത്തേരിയും ബ്രിട്ടീഷ് ഭരണ കാലത്താണ് നിർമ്മിച്ചിട്ടുള്ളത്. ഈ സെമിത്തേരിയുടെ ഏറ്റവും മുകളിലാണ് എലെയ്നർ ഇസബെൽ മെയ് എന്ന ബ്രിട്ടീഷുകാരിയുടെ കല്ലറ ഉള്ളത്.  തണുപ്പിന്റ ലഹരിയും കാഴ്ചയുടെ കൗതുകവും നിറഞ്ഞ യാത്രയായിരിക്കും മൂന്നാറിലെത്തുന്ന ഓരോ സഞ്ചാരിക്കും അനുഭവിക്കാൻ പറ്റുക.

ചീയപ്പാറ വെള്ളച്ചാട്ടം

നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ റോഡരികിലാണ് ചീയപ്പാറ വെള്ളച്ചാട്ടം ഉള്ളത്.  ഏഴു തട്ടുകളിലായി പാറപ്പുറത്തു കൂടി ഒഴുകിയിറങ്ങുന്ന ചീയപ്പാറ വെള്ളച്ചാട്ടം നേര്യമംഗലം മൂന്നാർ റോഡിലൂടെ താഴേക്ക് ആണ് ഒഴുകുന്നത്.  മൂന്നാർ യാത്രയിൽ ആദ്യത്തെ ഡെസ്റ്റിനേഷനാണ്  റോഡരികിൽ നിന്ന് ആസ്വദിക്കാൻ കഴിയുന്ന ചീയപ്പാറ വെള്ളച്ചാട്ടം.

രാജമല : ഇരവികുളം ദേശീയോദ്യാനത്തിലെ ഒരു മലയാണ് നീലക്കുറിഞ്ഞി പൂക്കുന്ന രാജമല. വരയാടുകളുടെ വാസസ്ഥാനമായ രാജമലയിലേക്ക് വനംവകുപ്പ് സഫാരി നടത്തുന്നു. അടിവാരത്തു നിന്ന് 4 കിലോമീറ്റർ വാഹനയാത്രയുണ്ട്. പിന്നീട് അവിടെ നിന്ന് ഒരു കിലോമീറ്റർ നടത്തം. ഇതിനിടയിൽ 10 ഹെയർപിൻ വളവുകൾ ഉണ്ട്. രാജമലയുടെ അടിവാരത്തേക്ക് മൂന്നാറിൽ നിന്ന് 14 കി.മീ യാത്ര.  അവിടേക്കുള്ള പ്രവേശനത്തിനു ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

ചിന്നക്കനാൽ

തേയിലത്തോട്ടങ്ങൾക്കു നടുവിലൂടെ ദേവികുളം വഴി ചിന്നക്കനാൽ  യാത്ര രസകരമായ റോഡ് ട്രിപ്പാണ്. ആനയിറങ്കൽ അണക്കെട്ടിൽ ബോട്ട് സവാരി ആസ്വദിച്ചുള്ള യാത്ര. വ്യൂപോയിന്റാണ് ചിന്നക്കനാലിലെ മറ്റൊരു ഡെസ്റ്റിനേഷൻ.
മാട്ടുപെട്ടി അണക്കെട്ട്
മൂന്നാർ സഞ്ചാരികളുടെ ബോട്ടിങ് പോയിന്റാണ് മാട്ടുപെട്ടി അണക്കെട്ട്. താഴ്‍വരയുടെ സൗന്ദര്യം ക്യാമറയിൽ പകർത്താൻ അണക്കെട്ടിനു സമീപത്ത് ഇക്കോ പോയിന്റുണ്ട്. മൂന്നാറിൽ നിന്നു 15 കി.മീ ദൂരമുണ്ട് .

 കുണ്ടള അണക്കെട്ട്

ടോപ് സ്റ്റേഷൻ യാത്രയ്ക്കിടെ രണ്ടാമത്തെ അണക്കെട്ടാണ് കുണ്ടള. അണക്കെട്ടിൽ ബോട്ട് സവാരി ഉണ്ട്. അണക്കെട്ടിനു സമീപത്തായി ചെറി പൂക്കൾ വിടരുന്ന പൂന്തോട്ടവും.

ടോപ് സ്റ്റേഷൻ

മൂന്നാറിന്റെ അതിർത്തിയിലുള്ള മലഞ്ചെരിവുകൾ ആസ്വദിക്കാൻ പറ്റിയ സ്ഥലമാണു ടോപ് സ്റ്റേഷൻ. ഇത് മൂന്നാറിലെ ഏറ്റവും ഉയരമേറിയ പ്രദേശമാണ് . തമിഴ്നാടിന്റെ അതിർത്തിയിലുള്ള ടോപ് സ്റ്റേഷനില്‍ സഞ്ചാരികളെ സ്വീകരിക്കാൻ ഒരു റസ്റ്ററന്റുണ്ട്. മൂന്നാറിൽ നിന്നു 36കി.മീ അകലെയാണ് ടോപ് സ്റ്റേഷൻ (മൂന്നാർ കൊടൈക്കനാൽ റോഡ്).

സ്പൈസസ് ഗാര്‍ഡൻ

 മൂന്നാറിലെ മലനിരകൾ   സുഗന്ധവ്യഞ്ജനങ്ങളുടെയും തേയിലയുടെയും പറുദീസയാണ്. സുഗന്ധവ്യഞ്ജന തോട്ടം സന്ദര്‍ശിക്കുക എന്നത് മൂന്നാറിൽ എത്തുന്നവർക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. ടൂർ ഗൈ‍ഡ് ഓരോ സുഗന്ധവ്യഞ്ജനത്തിന്റെയും പച്ചമരുന്നിന്റെയും ഗുണവും പ്രാധാന്യവും മനസ്സിലാക്കി തരുന്നത് സഞ്ചാരികൾക്ക് പ്രയോജനകരമാണ്.കൂടാതെ  ബഡ്ജറ്റിൽ ഒതുങ്ങുന്ന യാത്രയെങ്കിൽ സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങാം.

മൂന്നാറിലെ ഷോപ്പിങ്

 വളരെ ചെറിയ ഒരു നഗരമാണ് മൂന്നാർ . എങ്കിലും മനോഹരമായ ദൃശ്യവിസ്മയങ്ങൾ സമ്മാനിക്കുന്നതിൽ ഒട്ടും പിന്നിലല്ല മൂന്നാർ. കോടമഞ്ഞു ചൊരിയുന്ന മൂന്നാറിൽ പ്രധാനമായും ഹോംമെയ്ഡ് ചോക്ലേറ്റുകളും വ്യത്യസ്ത രുചിയിലുള്ള തേയിലപ്പൊടികളും ഹെർബൽ ഉത്പന്നങ്ങളുമാണ് സുലഭമായി കിട്ടുന്നത്. മൂന്നാറിൽ എത്തുന്നവർ മൂന്നാറിന്റെ മണമുള്ള തേയിലപ്പൊടി വാങ്ങാതെ തിരിച്ചു പോകാറില്ല .

Metbeat news