വേനൽ മഴ എത്തിയില്ലെങ്കിൽ കേരളം കടുത്ത വരൾച്ച നേരിടും, ചൂട് 4 ഡിഗ്രി സെൽഷ്യസ് ഉയർന്നു, 5 ജില്ലകളിൽ കഠിനമായ ചൂട്

പകൽ സമയത്ത് കനത്ത ചൂടിൽ തുടർച്ചയായി വെയിൽ ഏൽക്കുന്നതും ജോലി ചെയ്യുന്നതും ശാരീരിക അസ്വസ്ഥ‌തകൾക്ക് ഇടയാക്കും. ഉയർന്ന ഈർപ്പം കാരണം അനുഭവപ്പെടുന്ന ചൂട് യഥാർഥ താപനിലയെക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കും.

Maneesha M.K
2 mins mins read

വേനൽ മഴ എത്തിയില്ലെങ്കിൽ കേരളം കടുത്ത വരൾച്ച നേരിടും, ചൂട് 4 ഡിഗ്രി സെൽഷ്യസ് ഉയർന്നു, 5 ജില്ലകളിൽ കഠിനമായ ചൂട്

കേരളത്തിൽ പുലർച്ചെ പൊതുവെ ഇപ്പോഴും തണുപ്പനുഭവപ്പെടുന്നുണ്ട്. എന്നാൽ പകൽ സമയം സഹിക്കാൻ പറ്റാത്ത ചൂടാണ് പലജില്ലകളിലും ലഭിക്കുന്നത്. സംസ്ഥാനത്തു പകൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നനിലയിലാണ് ഇപ്പോഴുള്ളത്. മുൻ കാലങ്ങളിൽ വേനൽക്കാലത്തു മാത്രം നേരിട്ടിരുന്ന കഠിനമായ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഈമാസം 2ന് കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ 37 ഡിഗ്രി സെൽഷ്യസ് ഇതേസമയത്തു രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയിൽ ഒന്നായിരുന്നു. പല ജില്ലകളിലും ശരാശരിയെക്കാൾ 4 ഡിഗ്രി വരെ അധികം ചൂടാണ് അനുഭവപ്പെട്ടത്. കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ രാത്രികാല താപനില വളരെ കൂടുതലായിരുന്നു. 

വരും മാസങ്ങളിലും കഠിനമായ ചൂടിന് സാധ്യത

പകൽ സമയത്ത് കനത്ത ചൂടിൽ തുടർച്ചയായി വെയിൽ ഏൽക്കുന്നതും ജോലി ചെയ്യുന്നതും ശാരീരിക അസ്വസ്ഥ‌തകൾക്ക് ഇടയാക്കും. ഉയർന്ന ഈർപ്പം കാരണം അനുഭവപ്പെടുന്ന ചൂട് യഥാർഥ താപനിലയെക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കും. വിയർപ്പ് ബാഷ്പീകരിക്കാത്തതിനാൽ ശരീരം തണുക്കാൻ വൈകുന്നതാണ് അസ്വസ്‌ഥതയ്ക്കു കാരണം. ശക്തിയേറിയ വെയിൽ അൾട്രാവയലറ്റ് സൂചിക ഉയരാൻ ഇടയാക്കും. വരും മാസങ്ങളിലും കഠിനമായ ചൂടിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 

മഴയുടെ സാധ്യത നിലനിൽക്കുന്നു

മഴയുടെ സാധ്യത നിലനിൽക്കുമ്പോഴും കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൂട് സാധാരണയേക്കാൾ ഉയർന്ന നിലയിലായിരിക്കും. വടക്കൻ ജില്ലകളിൽ വെയിൽ കഠിനമാകാനാണ് സാധ്യത. ശരാശരി 34°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. അതുകൊണ്ട് തന്നെ പൊതുജനങ്ങൾ ഉച്ചസമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഉയർന്ന ചൂട് സൂര്യാഘാതം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

ഇനി വേനൽമഴയിൽ മാത്രമാണ് പ്രതീക്ഷയുള്ളത്. മഴയുടെ പൂർണമായ പിൻവാങ്ങൽ സംസ്ഥാനത്തുടനീളമുള്ള കർഷകരെയും കാര്യമായി ബാധിച്ചേക്കും. മാർച്ച് മുതൽ മെയ് വരെ ലഭിക്കേണ്ട വേനൽമഴ കൃത്യസമയത്ത് എത്തിയാൽ മാത്രമേ സംസ്ഥാനത്തെ കുടിവെള്ള ക്ഷാമത്തിൽ നിന്നും കൃഷിനാശത്തിൽ നിന്നും ഒരു പരിധിവരെ രക്ഷനേടാൻ കഴിയൂ. ജനുവരിയിലെ മഴയുടെ അഭാവം വരും മാസങ്ങളിൽ ചൂട് റെക്കോർഡ് തലത്തിലേക്ക് ഉയരാൻ കാരണമായേക്കുമെന്നതിൽ സംശയം വേണ്ട. 

English Summary : Even though there is a possibility of rain, temperatures will remain above normal in most parts of Kerala. The sun is likely to be intense in the northern districts.