ഇരട്ട ന്യൂനമർദങ്ങൾ, കേരള തീരത്ത് ചക്രവാത ചുഴി, മഴ തുടരുന്നു
ഇരട്ട മൺസൂൺ ന്യൂനമർദ്ദങ്ങളുടെ (Monsoon Low pressure) സാന്നിധ്യം മൂലം കേരളത്തിൽ ഇന്നും മഴ തുടരും. കഴിഞ്ഞദിവസം ബംഗാൾ കടലിൽ നിന്ന് കരകയറിയ ന്യൂനമർദ്ദം ( low pressure area) നിലവിൽ ഗുജറാത്തിന് മുകളിലാണ് ഉള്ളത്.
അവിടെവച്ച് അറബി കടലിലേക്ക് എത്തുന്നതിനു മുമ്പ് ദുർബലമാകാനാണ് സാധ്യത. ഈ സിസ്റ്റം ഇന്നു തന്നെ ചക്രവാത ചുഴിയായി (cyclonic Circulation) ദുർബലമായേക്കും. കൊങ്കൺ മുതൽ കേരളതീരം വരെ ന്യൂനമർദ്ദ പാത്തിയും (off shore trough) നിലനിന്നിരുന്നു.
ഈ ന്യൂനമർദ്ദത്തിന്റെ സ്വാധീനം മൂലം പടിഞ്ഞാറൻ തീരത്ത് ശക്തമായ മഴ തുടരുന്നുണ്ട്. കൊങ്കൺ, തീരദേശ കർണാടക തീരങ്ങളിലും ഗുജറാത്തിലും ശക്തമായ മഴ ലഭിക്കുന്നു. വടക്കൻ കേരളത്തിലെ മഴയെയും ഗുജറാത്തിനു മുകളിലെ ഈ സിസ്റ്റം സ്വാധീനിക്കുന്നുണ്ട്.

രണ്ടാമതായി ബംഗാൾ ഉൾക്കടലിൽ ഈ രൂപപ്പെട്ട ന്യൂനമർദ്ദം, നിലവിൽ ആന്ധ്രാ പ്രദേശിന്റെ തീരത്താണ് ഉള്ളത്. വിശാഖപട്ടണത്തിനും ശ്രീകാകുളത്തിനും ഇടയിലായി ഇത് കരകയറുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സിസ്റ്റം കരകയറിയാൽ തെലങ്കാന വഴി കടന്നു പോകും.
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തും തെക്കു കിഴക്കൻ തീരത്തും ന്യൂനമർദ്ദ സ്വാധീനം ഉള്ളതിനാൽ തെക്കുപടിഞ്ഞാറൻ തീരദേശ സംസ്ഥാനമായ കേരളത്തിലും കാലവർഷമായ സ്വാധീനിക്കുന്നുണ്ട്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്.
മധ്യ കേരളത്തിലും തെക്കൻ ജില്ലകളിലും ഇന്നും മഴ തുടരും. മഴ ഇടവേള ലഭിക്കുന്ന ഇടങ്ങളിൽ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും. തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും കർണാടകയുടെ ഉൾനാടൻ മേഖലകളിലും മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും. വടക്കൻ തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെ ഇന്നലെ ലഭിച്ചു.
കേരളത്തിൽ മലപ്പുറം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. എന്നാൽ മലപ്പുറത്തിന് തെക്കോട്ടുള്ള ജില്ലകളിൽ നാളെ മുതൽ മഴയിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടേക്കും. അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദം ദുർബലമാകുന്നതോടെ മഴയിലും കുറവ് വരും.
9 ഡാമുകളിൽ റെഡ് അലർട്ട്
കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സംസ്ഥാനത്തെ ഒന്‍പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കക്കി, മൂഴിയാര്‍, ഇടുക്കി മാട്ടുപ്പെട്ടി, കല്ലാര്‍ക്കുടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, തൃശൂര്‍ ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, വയനാട് ബാണാസുരസാഗര്‍ എന്നീ ഡാമുകളിലാണ് മുന്നറിയിപ്പ്.
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ന് (ഓഗസ്റ്റ് 18) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്. ഇന്ന് നടക്കേണ്ട ഓണപ്പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും. (മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല)
ഇന്നലെയും ദിവസങ്ങളിലും, ജില്ലയിൽ തുടർച്ചയായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ജില്ലയിൽ പല സ്ഥലങ്ങളിൽ ഉള്ള വെള്ളക്കെട്ടിന്റെയും, ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ആണ് മുൻകരുതൽ നടപടിയുടെ ഭാഗമായി, വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
ജലശായങ്ങളിലും മറ്റു വെള്ളക്കെട്ടുകളിലും ഇറങ്ങാതെ വിദ്യാർത്ഥികൾ വീടുകളിൽ കഴിയണം എന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. അവധി വീട്ടിൽ ഇരുന്നു പഠിക്കുവാനും റിവിഷനും മറ്റുമായി ഉപയോഗപ്പെടുത്തണം.