പൂത്തുനിൽക്കുന്ന നീലപൂക്കൾ കാണാൻ മധ്യവേനൽ അവധിക്കിനി മൂന്നാറിലേക്ക് പോവണ്ട, എല്ലാം ഇനി നല്ല ഓർമകൾ
നീലാകാശത്തിൻ ചുവട്ടിൽ നീലവാക പൂത്തുനിൽക്കുന്നത് കാണാൻ മാത്രമായി വിനോദ സഞ്ചാരികൾ മൂന്നാറിലെത്താറുണ്ട്. മഞ്ഞു വിരിച്ച മൂന്നാറിലെ പാതയോരങ്ങളിൽ ഈ ജക്രാന്ത പൂക്കളങ്ങനെ തലയുയർത്തി നിൽക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഇന്നും ആ പ്രൗഡി ചോർന്നുപോയിട്ടില്ല. എന്നാൽ ചില കാര്യങ്ങൾ സംഭവിച്ചേ മതിയാകൂ.
നൂറ്റാണ്ടുകൾക്കു മുൻപ് ബ്രിട്ടീഷുകാർ മൂന്നാറിലെത്തിച്ച നീല വാക ഇനി ഓർമ്മ
കൊച്ചി-ധനുഷ്കോടി ദേശീയപാത വികസനത്തിന് വീതി കൂട്ടൽ പണികൾ ഊർജിതമായതോടെ ഈ നീല വാക ഇനി ഓർമകളാവുകയാണ്. ഒന്നേകാൽ നൂറ്റാണ്ട് മുൻപ് മൂന്നാറിൽ തേയില കൃഷിക്കെത്തിയ ബ്രിട്ടിഷുകാരാണ് തേയിലകൾക്കിടയിലും പാതയോരങ്ങളിലും സ്വന്തം നാട്ടിൽ നിന്നെത്തിച്ച ജക്രാന്ത മരങ്ങൾ വച്ചുപിടിപ്പിച്ചത്.
ഡിസംബർ മുതൽ ഏപ്രിൽ അവസാനം വരെ നീല വാക പൂത്തു നിൽക്കും
ഡിസംബറിൽ ഇലകൾ പൊഴിയുന്ന മരങ്ങളിൽ ഫെബ്രുവരി അവസാനം മുതൽ പൂവിടാൻ തുടങ്ങും. ഏപ്രിൽ അവസാനം വരെ നീലവാക പൂക്കൾ വിരിഞ്ഞു നിൽക്കും. പാതയോരങ്ങളിൽ പൂത്തു നിൽക്കുന്ന വയലറ്റ് വസന്തത്തിന്റ ഈ കാഴ്ച അതി മനോഹരമായിരുന്നു. മധ്യവേനലവധി ആഘോഷിക്കാനായി മൂന്നാറിലേക്ക് വരുന്ന സഞ്ചാരികൾ ഈ നീലവാക പൂക്കൾ കൺകുളിർക്കെ കണ്ടാണ് മടങ്ങാറ്. വയലറ്റ് പാനിക്’ എന്ന പേരിലും അറിയപ്പെടുന്നു.
രണ്ടാം മൈൽ മുതൽ ഹെഡ് വർക്സ് ഡാം വരെയും മൂന്നാർ -മറയൂർ റൂട്ടിലുമാണ് ഇനിയുള്ള കുറച്ചു മരങ്ങൾ അവശേഷിക്കുന്നത്. ഇതിൽ രണ്ടാം മൈൽ മുതൽ ഹെഡ് വർക്സ് വരെയുള്ള ഭാഗത്തെ മരങ്ങളാണ് മുറിച്ചു മാറ്റുന്നത്.
English summary: Discover the transformation of national highways as they expand, turning memories into history. Explore the legacy of British tea planters in Munnar.