ന്യൂനമർദം നാളെ : ചക്രവാതചുഴി രൂപപ്പെട്ടു

തെക്കൻ ആൻഡമാൻ കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനു മുന്നോടിയായി ചക്രവാതച്ചുഴി രൂപപ്പെട്ടു. നാളെ ഇത് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ ന്യൂനമർദമായി മാറിയേക്കും.

ചുഴലിക്കാറ്റായേക്കും
ന്യൂനമർദം ശക്തിപ്പെടാനും മണ്ടൂസ് ചുഴലിക്കാറ്റ് വരെ രൂപപ്പെടാനുമുള്ള അനുകൂല അന്തരീക്ഷമാണ് ബംഗാൾ ഉൾക്കടലിലുള്ളത്. ഈ മാസം ഏഴിനകം സിസ്റ്റം തീവ്ര ന്യൂനമർദമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് അതിവേഗം ശക്തിപ്പെട്ട് ചുഴലിക്കാറ്റ് വരെയാകാം. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് സിസ്റ്റം സഞ്ചരിക്കുക. ആൻഡമാൻ കടലിനും തമിഴ്‌നാട് തീരത്തിനും ഇടയിൽവച്ചാണ് സിസ്റ്റം പരമാവധി ശക്തിപ്പെടുക. തുടർന്ന് തമിഴ്‌നാട് തീരത്തേക്ക് നീങ്ങുന്നതോടെ ശക്തി കുറയും. പുതുച്ചേരിക്കും തെക്കൻ ആന്ധ്രാപ്രദേശിലെ നല്ലൂരിനും ഇടയിൽ കരകയറാനാണ് സാധ്യത. സാധാരണ അറബിക്കടലിലോ ബംഗാൾ ഉൾക്കടലിലോ ഡിസംബറിൽ ചുഴലിക്കാറ്റ് രൂപപ്പെടാറില്ലെങ്കിലും ഇത്തവണ എം.ജെ.ഒ, കെൽവിൻ തരംഗം തുടങ്ങിയവയുടെ സാന്നിധ്യവും അനുകൂല സമുദ്രോപരി താപനിലയും കാറ്റിന്റെ ഖണ്ഡധാരയും നിലനിൽക്കുന്നതാണ് ഇത്തവണ ചുഴലിക്കാറ്റ് സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നതെന്ന് ഞങ്ങളുടെ വെതർമാൻ പറയുന്നു.

ദക്ഷിണേന്ത്യയിൽ മഴ
സിസ്റ്റം വ്യാഴാഴ്ച മുതൽ ഇന്ത്യയുടെ കിഴക്കൻ തീരത്തേക്ക് അടുക്കുന്നതോടെ തമിഴ്‌നാട്, ആന്ധ്ര പ്രദേശ് തീരത്ത് മഴ ലഭിച്ചുതുടങ്ങും. തുടർന്ന് മഴ ഉൾനാടൻ തമിഴ്‌നാട്, കർണാടക, വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ, മധ്യ കേരളം എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴയായി പെയ്യും. ന്യൂനമർദം കരകയറിയ ശേഷം വടക്കൻ തമിഴ്‌നാട്, കർണാടക വഴിയോ വടക്കൻ കേരളം വഴിയോ അറബിക്കടലിൽ പ്രവേശിക്കാനാണ് സാധ്യത. വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ മധ്യ, വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാം. ഇതോടൊപ്പമുള്ള വിഡിയോയിൽ ഇക്കാര്യം വിശദമാക്കുന്നുണ്ട്. കേരളവുമായി ബന്ധപ്പെട്ട കാലാവസ്ഥാ വിവരം നേരത്തെ അറിയാൻ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക. ഞങ്ങളുടെ വെബ്‌സൈറ്റുകളും പിന്തുടരാം.

Leave a Comment