ബിപര്‍ജോയ് സൂപ്പര്‍ സൈക്ലോണ്‍ ആയേക്കും, കാലവര്‍ഷം എത്തിയെന്ന് സ്ഥിരീകണം രണ്ടു ദിവസത്തിനകം

തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട് ഇപ്പോള്‍ മധ്യകിഴക്കന്‍ അറബിക്കടലിലെത്തിയ ബിപാര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റ് ആയി. നാളെയോടെ ഇത് സൂപ്പര്‍ സൈക്ലോണ്‍ ആകാനാണ് സാധ്യത. നിലവില്‍ ബിപാര്‍ജോയ് മുംബൈക്ക് തെക്കുപടിഞ്ഞാറ് 940 കി.മി ആണ് നിലക്കൊള്ളുന്നത്. ഒമാന്‍ ലക്ഷ്യമാക്കിയാണ് ചുഴലിക്കാറ്റ് പുരോഗമിക്കുന്നത്. ഈ ചുഴലിക്കാറ്റ് കേരളത്തിന്റെ കാലാവസ്ഥയില്‍ കാര്യമായ ചലനം സൃഷ്ടിക്കില്ല.

കാലവര്‍ഷക്കാറ്റ് കേരളത്തിലെത്തി

ബിപാര്‍ചുഴലിക്കാറ്റ് തെക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് നീങ്ങിയതോടെ, കേരളത്തിലേക്ക് കാലവര്‍ഷക്കാറ്റ് എത്തി. ഇതോടെ ഇന്ന് വിവിധ ജില്ലകളില്‍ മഴ തുടങ്ങി. എന്നാല്‍ കാലവര്‍ഷം എത്തി എന്നു സ്ഥിരികരിക്കാനുള്ള മാനദണ്ഡം പൂര്‍ത്തിയാകാത്തതിനാല്‍ കാലവര്‍ഷ സ്ഥിരീകരണം വൈകുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് കാലവര്‍ഷം എത്തിയെന്ന് സ്ഥിരീകരിക്കേണ്ട ഔദ്യോഗിക ഏജന്‍സി. ഇന്നു രാത്രിയിലെ കാലാവസ്ഥാ വകുപ്പിന്റെ ബുള്ളറ്റിന്‍ അനുസരിച്ച് മിനിക്കോയില്‍ നിന്ന് കാലവര്‍ഷം പുരോഗമിച്ചിട്ടില്ല.

രണ്ടു ദിവസത്തിനകം സ്ഥിരീകരണം
അടുത്ത 48 മണിക്കൂറില്‍ കാലവര്‍ഷം കേരളത്തില്‍ എത്താന്‍ അനുകൂലമായ അന്തരീക്ഷമാണെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. കാലവര്‍ഷം എത്തിയെന്ന് സ്ഥിരീകരിക്കാന്‍ രണ്ടു ദിവസം 14 സ്റ്റേഷനുകളില്‍ മഴ ലഭിക്കേണ്ടതുണ്ട്. അറബിക്കടലില്‍ നിന്ന് കേരളത്തിലേക്ക് പടിഞ്ഞാറന്‍ കാറ്റ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പടിഞ്ഞാറന്‍ കാറ്റ് ട്രോപോസ്ഫിയറിന്റെ മധ്യഭാഗം വരെ വ്യാപിച്ചു. അറബിക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ മേഘവിന്യാസവും സജീവമാണ്. കേരളത്തില്‍ കാലവര്‍ഷം എത്തുന്നതോടെ, ലക്ഷദ്വീപിലും പൂര്‍ണമായി വ്യാപിക്കും.

Leave a Comment