കൊച്ചി: അന്തരീക്ഷ റഡാർ സിഗ്നലുകളിൽ നിന്നുള്ള മഴയുടെ വിവരങ്ങൾ കൃത്യമായി വേർതിരിച്ചെടുക്കാൻ മെഷീൻ ലേണിംഗിനെ അടിസ്ഥാനമാക്കിയുള്ള നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചതിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് (കുസാറ്റ്) പേറ്റന്റ് ലഭിച്ചു.
205 MHz സ്‌ട്രാറ്റോസ്ഫിയർ–ട്രോപോസ്ഫിയർ (ST) റഡാറിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി, ഡിസ്ട്രിബ്യൂഷൻ അടിസ്ഥാനമാക്കിയുള്ള സിഗ്നൽ പ്രോസസ്സിംഗ് ആൽഗോരിതങ്ങളും ആധുനിക മെഷീൻ ലേണിംഗ് ആൽഗോരിതങ്ങളും സംയോജിപ്പിക്കുന്ന സമഗ്രമായ രീതിയാണ് ഗവേഷകർ അവതരിപ്പിച്ചത്. സാധാരണയായി റഡാർ ഡാറ്റയിൽ വായുവിൽ നിന്നുള്ള എക്കോകളും മഴതുള്ളികളിൽ നിന്നുള്ള എക്കോകളും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതിനാൽ വിശ്വസനീയമായ അന്തരീക്ഷ വിവരങ്ങൾ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്.
ഈ പ്രശ്നം പരിഹരിക്കാൻ ഗവേഷകർ ഹൈബ്രിഡ് അഡാപ്റ്റീവ് ബൈ-ഗൗസിയൻ ഫിറ്റിംഗ് ആൽഗോരിതംവികസിപ്പിച്ചു. ഇതിലൂടെ 5 കിലോമീറ്റർ താഴെയുള്ള ട്രോപോസ്ഫിയറിൽ വായു എക്കോകളെയും മഴ എക്കോകളെയും വ്യക്തമായി വേർതിരിക്കാനാകുന്നു. കൂടാതെ, ഗൗസിയൻ മിശ്രിത മോഡൽ (GMM) പ്രയോഗിച്ച് ജടിലമായ അന്തരീക്ഷ സാഹചര്യങ്ങളിലും സ്പെക്ട്രൽ ഘടകങ്ങളെ കൃത്യമായി തിരിച്ചറിയാൻ സാധ്യമാണെന്ന് പഠനത്തിലൂടെ തെളിയിച്ചു. GMM-ന്റെ പ്രോബബിലിസ്റ്റിക് സ്വഭാവം മഴസിഗ്നലുകളെയും വായു എക്കോകളെയും കൃത്യമായി വേർതിരിക്കാൻ സഹായിക്കുന്നു.
ToCH ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് പ്രൊഫസറും കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ഇലക്ട്രോണിക്സ് വകുപ്പ് റിസർച്ച് സ്കോളറായിരുന്ന ധന്യ ആർ, കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രൊഫസർ അഞ്ചു പ്രദീപ്, കുസാറ്റ് റഡാർ റിസർച്ച് സെന്റര് ഡയറക്ടർ ഡോ. അഭിലാഷ് എസ്, കുസാറ്റ് റഡാർ സെന്റർ റിസർച്ച് സ്കോളർ അഭിരാം നിർമൽ എന്നിവരുടെ സംയുക്ത ഗവേഷണപ്രവർത്തനത്തിന്റെ ഫലമായാണ് ഈ പേറ്റന്റ് ലഭിച്ചത്.