ബെംഗളൂരു  ഏറ്റവും തണുപ്പുള്ള ഡിസംബറിലേക്ക്:  നഗരം വിറയ്ക്കുന്നു

അടുത്ത കുറച്ച് ദിവസങ്ങളിലും സമാനമായ കാലാവസ്ഥ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. രാത്രികളിൽ അസാധാരണമാംവിധം തണുപ്പ് തുടരുമെന്നും, തെളിഞ്ഞ ആകാശവും പുലർച്ചെ കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്

Sinju P
2 mins mins read

ബെംഗളൂരുവിൽ തുടർച്ചയായി അനുഭവപ്പെടുന്ന തണുത്ത താപനില  സോഷ്യൽ മീഡിയയിൽ വലിയ ചലനമുണ്ടാക്കുകയും ചെയ്തു. നഗരത്തിലെ മാറിക്കൊണ്ടിരിക്കുന്ന ശൈത്യകാലത്തെക്കുറിച്ചുള്ള തമാശകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാണ് .

 കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച്, തെക്കൻ കർണാടകയിലെ ഉൾപ്രദേശങ്ങളിലുടനീളം കുറഞ്ഞ താപനില സാധാരണ നിലയിലും താഴെയാണ്, ബെംഗളൂരുവിൽ കുറഞ്ഞത് 14.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇത് സീസണൽ ശരാശരിയേക്കാൾ ഏകദേശം 2.7 ഡിഗ്രി സെൽഷ്യസ് കുറവാണ്. രാത്രിയിലും പുലർച്ചെയും  കനത്ത മഞ്ഞുവീഴ്ചയും തണുപ്പും ആണ് അനുഭവപ്പെടുന്നത്.

തണുപ്പ് പല നിവാസികളെയും വിറപ്പിച്ചു, കനത്ത മൂടൽ മഞ്ഞ് യാത്രയെ തടസ്സപ്പെടുത്തിയതായി പലരും റിപ്പോർട്ട് ചെയ്തു. ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള അവരുടെ വിമാനം ഒരു മണിക്കൂറിലധികം വൈകിയെന്ന് പറഞ്ഞു. 

ഈ സീസണിലെ ഏറ്റവും തണുപ്പുള്ള പ്രഭാതമാണോ നഗരത്തിൽ അനുഭവപ്പെടുന്നതെന്ന് ചിലർ  സംശയിച്ചു. “ഇന്ന് അത്യധികം തണുപ്പ് അനുഭവപ്പെടുന്നു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും തണുപ്പുള്ള പ്രഭാതമായിരിക്കാം,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, മറ്റൊരാൾ “ബാംഗ്ലൂരിലെ നീസോക്സ് കാലാവസ്ഥ” എന്ന് പരിഹസിച്ചു.

അടുത്ത കുറച്ച് ദിവസങ്ങളിലും സമാനമായ കാലാവസ്ഥ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. രാത്രികളിൽ അസാധാരണമാംവിധം തണുപ്പ് തുടരുമെന്നും, തെളിഞ്ഞ ആകാശവും പുലർച്ചെ കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താമസക്കാർ ചൂടുള്ള വസ്ത്രം ധരിക്കാനും മുൻകരുതലുകൾ എടുക്കാനും, പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും, ശ്രദ്ധിക്കണമെന്നും നിർദ്ദേശം നൽകി.

Metbeat news