ദുരന്തങ്ങൾക്കു പിറകേ മറ്റൊരു ദുരന്തം,ഗസ്സയിൽ കനത്ത മഴ ടെൻ്റുകളിൽ വെള്ളം കയറി

ദുരന്തഭൂമിയിൽ ആളുകൾ അഭയം പ്രാപിച്ച ടെന്റുകളില്‍ വെള്ളം കയറി.ഇവിടെ കടുത്ത തണുപ്പും അനുഭവപ്പെടുന്നുണ്ട്. ഇതോടെ ടെന്റുകളിലും പുറത്തും കഴിയുന്നവര്‍ ദുരിതത്തിലാണ്.

Maneesha M.K
2 mins mins read

രണ്ടു ദിവസമായി ഗസ്സയില്‍ പെയ്യുന്ന ശക്തമായ മഴ ഗസ്സയിലെ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. യുദ്ധത്തിൻ്റെ ഭീകരതയിൽ നിന്നും കരകയറിയിട്ടില്ലാത്ത ഗസ്സയിലെ പാവങ്ങളെ മഴ ദുരിതത്തിലാക്കിയിരിക്കുകയാണ്.

ദുരന്തഭൂമിയിൽ ആളുകൾ അഭയം പ്രാപിച്ച ടെന്റുകളില്‍ വെള്ളം കയറി. ഇവിടെ കടുത്ത തണുപ്പും അനുഭവപ്പെടുന്നുണ്ട്. ഇതോടെ ടെന്റുകളിലും പുറത്തും കഴിയുന്നവര്‍ ദുരിതത്തിലാണ്. പകര്‍ച്ച വ്യാധി ഭീഷണിയും ഇവിടെ നിലനില്‍ക്കുന്നുണ്ട്

1763309244W.webp  

ഈ ശൈത്യകാല സീസണിലെ ആദ്യത്തെ കനത്ത മഴയാണ് ഗസ്സയില്‍ പെയ്തത്. മവാസി ടെന്റ് ക്യാമ്പിലാണ് പ്രളയം ദുരിതം വിതച്ചത്. ടാര്‍പോളിന്‍ കൊണ്ട് നിര്‍മിച്ച ടെന്റുകള്‍ കാറ്റില്‍ നിലം പതിച്ചു. തണുപ്പകറ്റാന്‍ തീ കൂട്ടി കഴിയുകയാണിവർ. വേനലിലെ കടുത്ത ചൂടിന് ശേഷമാണ് ഗസ്സയില്‍ കനത്ത മഴ എത്തിയത്.

താല്‍ക്കാലിക ടെന്റുകള്‍ വെയിലേറ്റ് നശിച്ചിരുന്നു. പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചു കെട്ടിയുണ്ടാക്കിയ ടെൻ്റ് ആണ് ഇവിടെയുള്ളത്. കരിഞ്ചന്തയില്‍ ഒരു ടെന്റിന് ഏകദേശം 63,250 രൂപ വില വരുന്നുണ്ട്. മഴവെള്ളം ഒഴുകി പോകാന്‍ ഡ്രൈനേജ് ടെന്റുകള്‍ പണിതിടങ്ങളില്‍ ഇല്ല. ഇതാണ് ടെന്റുകളില്‍ വെള്ളം കയറാന്‍ കാരണം.

അതേസമയം, ക്യാമ്പുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ ഗസ്സയിലേക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയായ യു.എൻ .ആർ .ഡബ്ലിയു.എ ആവശ്യപ്പെട്ടു.

1763309289W.webp  

അൽ മവാസിയില്‍ മാത്രം 4.25 ലക്ഷം ഫലസ്തീനികള്‍ ടെന്റുകളില്‍ കഴിയുന്നുണ്ടെന്നാണ് യു.എന്‍ കണക്ക്.വെള്ളിയാഴ്ച പുലർച്ചെ മുതൽ ഗസ്സയിൽ ശീതക്കാറ്റും കനത്ത മഴയും അനുഭവപ്പെടുന്നുണ്ട്. ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഭവനരഹിതരായ 1.5 ദശലക്ഷം ജനങ്ങളുടെ ജീവിതം ഇതോടെ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനവും ഇസ്രായേൽ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളും കാരണം ആകെയുള്ള 135,000 ടെന്റുകളിൽ 125,000 ടെന്റുകളും താമസയോഗ്യമല്ല എന്നാണ് ഗസ്സ ഗവൺമെന്റ് മീഡിയ ഓഫീസ് നൽകുന്ന വിവരം.

English Summary: For two days, relentless rain has devastated Gaza, flooding tents and adding to the suffering of those already affected by the horrors of war