ഇന്ത്യയിലുടനീളമുള്ള നദികൾ ഓരോ ദിവസവും മരിക്കുന്നു, കാലാവസ്ഥാ വ്യതിയാനം കൊടും വരൾച്ചയിലെത്തിക്കും, വൈദ്യുതി മുടങ്ങും
ഒരോ വർഷവും മാറി മാറി വരുന്ന കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലുടനീളമുള്ള നദികളെ കൊല്ലുന്നു. മനുഷ്യൻ്റെ പലരീതിയിലുമുള്ള ഇടപെടൽ പ്രകൃതിക്ക് ദോഷം ചെയ്യുന്നുവെന്ന് പ്രകൃതി നമുക്ക് കാണിച്ചു തരികയാണ്. വളരെ നേരത്തെ തന്നെ ഇന്ത്യയിലുടനീളമുള്ള നദികൾ ചുരുങ്ങാൻ തുടങ്ങിയിരിക്കുന്നുവെന്നത് ഇതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
നദികളിലെ ജലനിരപ്പ് താഴ്‌ന്നു
ഗംഗാ നദീതടത്തിന്റെ ഭാഗങ്ങൾ മുതൽ മധ്യ, വടക്കൻ സമതലങ്ങളിലെ ചെറിയ നദികൾ വരെ, സാധാരണ വരണ്ട കാലത്തിന് ആഴ്ചകൾ മുമ്പേ ജലനിരപ്പ് താഴുന്ന കാഴ്ചയാണ് കാണുന്നത്. ഈ മാറ്റത്തിൻ്റെ പ്രധാന കാരണമെന്തെന്നാൽ കുറഞ്ഞതും നേരവും കാലവും തെറ്റി വരുന്ന മൺസൂൺ, കൂടുതൽ വരണ്ട കാലാവസ്ഥ, ഭൂഗർഭജലത്തിന്റെ ദ്രുതഗതിയിലുള്ള കുറവ്, മഞ്ഞുരുകൽ കുറയൽ, ബാഷ്പീകരണം ത്വരിതപ്പെടുത്തുന്ന താപനിലയിലെ വർദ്ധനവ് എന്നിവയാണ് ഈ മാറ്റത്തിന് കാരണമാകുന്നത്.
ഭൂമിയിലെ മനുഷ്യനിർമിതികൾക്കാണ് ഏറിയ പങ്കും
മനുഷ്യനിർമിതികൾ മൂലം ഭൂമി കോൺക്രീറ്റ് ചെയ്യപ്പെടുമ്പോൾ, സ്വാഭാവിക റീചാർജ് കുറയുകയും നദികളിലേക്ക് തിരികെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു. ഇത് ബാധിക്കാൻ പോകുന്നത് വൈദ്യത നിലയങ്ങളെയാണ്.
ജനങ്ങൾ ജലക്ഷാമം നേരിടാൻ തുടങ്ങിയിരിക്കുന്നു
ജലവൈദ്യുത നിലയങ്ങൾ, കുറഞ്ഞ ജലവിതരണ അളവിൽ ബുദ്ധിമുട്ടുന്നു. കൂടാതെ ഉപരിതല ജലത്തെ ആശ്രയിക്കുന്ന നിരവധി പട്ടണങ്ങൾ ഓരോ വർഷവും ആദ്യം ക്ഷാമം നേരിടാൻ തുടങ്ങിയിരിക്കുന്നു. ഭൂഖണ്ഡങ്ങളിൽ നദികൾ, തടാകങ്ങൾ, തണ്ണീർത്തടങ്ങൾ, മണ്ണ് എന്നിവയിൽ നിന്നുള്ള ശുദ്ധജലം വലിയ തോതിൽ നഷ്ടപ്പെടുന്നതായി 2025-ൽ ഉപഗ്രഹ ഡാറ്റ ഉപയോഗിച്ച് നടത്തിയ ഒരു പ്രധാന ആഗോള വിശകലനത്തിൽ കണ്ടെത്തി. ഇത് ഭൂമിയിലെ ജലസംഭരണത്തിൽ വലിയ തോതിലുള്ള ഇടിവ് രേഖപ്പെടുത്തുകയും ഏഷ്യയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
എത്രയെത്ര പഠനങ്ങൾ, എല്ലാം പറയുന്നത് ജലക്ഷാമം
അതേസമയം ഗംഗാ തടത്തിൽ, ജലസേചനത്തിനും പരിസ്ഥിതിക്കും നിർണായകമായ ഉയർന്ന ഒഴുക്ക് കാലഘട്ടങ്ങളായ പീക്ക് നദീപ്രവാഹങ്ങൾ പല പ്രദേശങ്ങളിലും ഒരു ദശകത്തിൽ ഏകദേശം 17 ശതമാനം കുറഞ്ഞുവെന്ന് 2025 ലെ ഒരു പഠനം എടുത്തുകാണിക്കുന്നുണ്ട്. മാത്രല്ല , 2025 ലെ ഒരു റിപ്പോർട്ട് ഹിമാലയൻ മഞ്ഞുവീഴ്ചയിൽ കുത്തനെ കുറവുണ്ടാകുന്നതായി കാണിക്കുന്നു, ഇത് വേനൽക്കാല നദികളുടെ ഒഴുക്കിന് അത്യാവശ്യമാണ്.
ഗംഗാ തടത്തിൽ, മഞ്ഞുമൂടിയ ദൈർഘ്യം 2015-ൽ 30.2 ശതമാനത്തിൽ നിന്ന് 2025-ൽ 24.1 ശതമാനമായി കുറഞ്ഞു.
ഗംഗാ നദി വറ്റുന്നു
മലിനീകരണവും, നിർമ്മാണപ്രവർത്തനങ്ങളും നദികളെ തകർത്തു
നദികളുടെ ഒഴുക്കിനെ നിലനിർത്തുന്ന പ്രകൃതിദത്ത ബഫറുകളായി പ്രവർത്തിക്കുന്ന ചുരുങ്ങിവരുന്ന തടാകങ്ങളും തണ്ണീർത്തടങ്ങളും മലിനീകരണം, നിർമ്മാണപ്രവർത്തികൾ എന്നിവയാൽ തകർന്നു കൊണ്ടിരിക്കുകയാണ്. നദികൾ നേരത്തെ വറ്റുന്നത് സർവ്വചരാചരങ്ങളെയും ബാധിക്കുന്നു. ജലസേചനം, കുടിവെള്ള വിതരണം, ജലവൈദ്യുത പദ്ധതി, മത്സ്യബന്ധനം, ആവാസവ്യവസ്ഥ എന്നിവയെല്ലാം തകിടം മറയുന്നു. നദികളിൽ മലിനജലം ഏറിവരുമ്പോൾ നഗരങ്ങൾ അമിതമായി ചൂഷണം ചെയ്യപ്പെട്ട ഭൂഗർഭജലത്തിലേക്ക് തിരിയുന്നു, ഇത് കൂടുതൽ പ്രതിസന്ധിയിലേക്കെത്തിക്കുന്നു.
അതേസമയം ഡൽഹി, ബെംഗളൂരു തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങൾ "ഡേ സീറോ" തരത്തിലുള്ള അപകടസാധ്യതകളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഇതിനകം തന്നെ മുന്നറിയിപ്പുകൾ ഉയർന്നിട്ടുണ്ട്.
മാലിന്യകൂമ്പാരമായ യമുനാനദി
വിദഗ്ദർ മുന്നോട്ടുവെക്കുന്ന പോംവഴികൾ
ഭൂമിയെ ഇത്രയേറെ നശിപ്പിച്ചത് മനുഷ്യനാണെന്ന് പറയാതെ വയ്യ. കാലാവസ്ഥകളെ വരെ ബാധിക്കുന്ന തരത്തിലാണ് മനുഷ്യൻ്റെ ഇടപെടൽ. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഡൽഹിയിലെ വായു മലിനീകരണവും കൊച്ചിയിലെ പുകമഞ്ഞുമെല്ലാം. തണുപ്പില്ലാത്ത മഞ്ഞുകാലമാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥ. കടൽ ഉൾവലിയുന്ന പ്രതിഭാസങ്ങളും ഈ അടുത്ത കാലത്തായി കണ്ടുവരുന്നു. ഇതിനുള്ള പോംവഴി ഭൂഗർഭജല പുനരുജ്ജീവനം, തണ്ണീർത്തടങ്ങളുടെ സംരക്ഷണം, കാര്യക്ഷമമായ ജലസേചനം, സംസ്കരിച്ച മാലിന്യജല പുനരുപയോഗം, നദീതടനിരപ്പ് ആസൂത്രണം എന്നിങ്ങനെയാണ്. ഇതല്ലാതെ കാലാവസ്ഥയും നദികളുടെ ഇപ്പോഴത്തെ അവസ്ഥയും മാറണമെങ്കിൽ മറ്റു മാർഗ്ഗങ്ങളില്ല എന്നാണ് വിദഗ്ദർ പറയുന്നത്.
എത്രയും പെട്ടെന്ന് അടിയന്തര നടപടിയെടുത്തില്ലെങ്കിൽ, ഇന്ത്യയിലെ നദികൾ ഓരോ വർഷവും നേരത്തെ തന്നെ വറ്റുന്നത് തുടരാം - ഇത് സീസണൽ വെല്ലുവിളിയെ ദീർഘകാല ജലസുരക്ഷാ പ്രതിസന്ധിയാക്കി മാറ്റും. ഇത് നമ്മളെ കൊടും വരൾച്ചയിലേക്കെത്തിക്കും. നമ്മൾ മറ്റു കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാക്ഷിയാകേണ്ടി വരും.
English Summary : Discover how human actions have devastated our planet, impacting climate and air quality. Explore solutions like groundwater rejuvenation and effective water management.