മുല്ലപ്പൂ ചൂടിയതിന് നടി നവ്യാ നായര്‍ക്ക് ഒന്നേകാല്‍ ലക്ഷം പിഴ നല്‍കേണ്ടി വന്നത് ഈ നിയമം മൂലം
ആസ്‌ത്രേലിയയില്‍ നടി നവ്യാ നായര്‍ക്ക് തിരുവോണ ദിവസം മുല്ലപ്പൂ ചൂടിയതിന് ഒന്നേകാല്‍ ലക്ഷം രൂപ പിഴ നല്‍കേണ്ടി വന്നത് ജൈവ സുരക്ഷാ നിയമം മൂലം. തിരുവോണ ദിവസം ആസ്‌ത്രേലിയയിലെ വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ചടങ്ങില്‍ പങ്കെടുക്കാനാണ് നടി നവ്യാ നായര്‍ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

15 സെന്റിമീറ്റര്‍ നീളമുള്ള മുല്ലപ്പൂ നടി ചൂടിയിരുന്നു. ഇതിന് വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ 1980 ആസ്‌ത്രേലിയന്‍ ഡോളര്‍ പിഴ ഈടാക്കി. ഏകദേശം ഒന്നേകാല്‍ ലക്ഷം ഇന്ത്യന്‍ രൂപ വരും ഇത്. തുടര്‍ന്ന് ചടങ്ങില്‍ സംബന്ധിക്കവെ നവ്യാനായര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താന്‍ ഒന്നേകാല്‍ ലക്ഷം രൂപ വിലയുള്ള മുല്ലപ്പൂ ചൂടിയാണ് ഇവിടെ എത്തിയതെന്നാണ് അവര്‍ ചടങ്ങില്‍ പറഞ്ഞത്.
ആസ്‌ത്രേലിയയിലെ ജൈവ സുരക്ഷാ നിയമ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്ന് മുല്ലപ്പൂ ഉള്‍പ്പെടെയുള്ളവ രാജ്യത്തേക്ക് കൊണ്ടുവരുന്നത് തടയുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെടികളും പൂക്കളം ആസ്‌ത്രേലിയയിലെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നത് തടയാനാണിത്. ഇത്തരം പൂവിലോ ചെടിയിലോ ആസ്‌ത്രേലിയയിലെ പരിസ്ഥിതിയെ ബാധിക്കുന്ന സൂക്ഷ്മ ജീവികളോ രോഗാണുക്കളോ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഇത്തരം സൂക്ഷ്മജീവികളോ രോഗാണുക്കളോ ആസ്‌ത്രേലിയയിലെ കൃഷി, വനം തുടങ്ങിയവയെ നശിപ്പിക്കാന്‍ കാരണമാകുകയും തദ്ദേശീയമായ സസ്യ- ജന്തുജാലങ്ങള്‍ക്ക് ഭീഷണിയാകുകയും ചെയ്യുമെന്നതിനാലാണ് ഈ നിയമം കര്‍ശനമായി പാലിക്കുന്നത്. മുല്ലപ്പൂ കൊണ്ടുവരാന്‍ പാടില്ലെന്ന നിയമം തനിക്കറിയില്ലായിരുന്നുവെന്നും പക്ഷേ, അറിവില്ലായ്മ ഒഴിവുകഴിവല്ലെന്നും നടി സമ്മതിച്ചു.
ഗ്ലോബൽ മലയാളികൾ വാർത്തകൾ അറിയാൻ ഈ WhatsApp ഗ്രൂപ്പിൽ ചേരുക