യു.എ.ഇയില്‍ കൃത്രിമ മഴക്ക് വേണ്ടി
ഒരുമാസത്തിനകം നടത്തിയത് 44 ക്ലൗഡ് സീഡിങ്ങുകൾ. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇതുവരെ 13 ക്ലൗഡ് സീഡിങ് നടത്തിയതായും നാഷണല്‍ സെന്റര്‍ ഓഫ് മീറ്റിയോ റോളജി (എന്‍.സി.എം) വക്താവ് പറഞ്ഞു. കൃത്രിമമഴ പെയ്യിക്കുന്നതിനാണ് ക്ലൗഡ് സീഡിങ് ചെയ്യുന്നത്. മഴയുടെ തോത് വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ യു.എ.ഇ. പതിവായി ക്ലൗഡ് സീഡിങ് പ്രക്രിയ നടത്താറുണ്ട്. ഇത്തവണ മഴയുടെ തോത് 25 ശതമാനത്തോളം വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ക്ലൗഡ് സീഡിംഗ് മാത്രമാണ് ശക്തമായ മഴയുടെ കാരണമെന്ന് അവകാശപ്പെടുന്നില്ലെന്നും വക്താവ് വിശദീകരിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി യു.എ.ഇ. യിലെമ്പാടും കനത്ത മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടിയും മിന്നലും ആലിപ്പഴവര്‍ഷവുമുണ്ട്. താപനില 15 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. പര്‍വതപ്രദേശങ്ങളിലെ താപനില രണ്ട് ഡിഗ്രിയാണ് ചില ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഏതാനും ദിവസങ്ങള്‍കൂടി മഴ തുടരാമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
2015 മുതല്‍ യു.എ.ഇ.യില്‍ മഴ വര്‍ധിപ്പിക്കുന്നതിനും ജലസുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി ഒട്ടേറെ രീതികള്‍ പരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടുള്ളത് ക്ലൗഡ് സീഡിങ് പ്രക്രിയയാണ്. ഇതുമൂലം, ഓരോ വര്‍ഷവും ശരാശരി 100 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്താറുള്ള യു.എ.ഇ.യില്‍ സമീപ വര്‍ഷങ്ങളില്‍ മഴയുടെ തോത് വലിയരീതിയില്‍ വര്‍ധിച്ചു. കടുത്ത വേനലിലും മഴ ലഭിക്കുന്നതിനായി ഇത്തരം പ്രക്രിയകള്‍ നടത്താറുണ്ട്. അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ രാസപദാര്‍ഥങ്ങളുടെ സഹായത്തോടെ വ്യത്യാസം വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. കഴിഞ്ഞവര്‍ഷം 311 ക്ലൗഡ് സീഡിങ് പ്രക്രിയകള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേതൃത്വം നല്‍കിയിരുന്നു.
വാർത്തകളും വിവരങ്ങളും അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/CBh4y7LOpCv5631ywoYixw