Menu

ന്യൂനമർദ്ദം തീവ്രമായി : ശ്രീലങ്കയിൽ കരകയറും ; ശക്തമായ മഴ സാധ്യത

ബംഗാൾ ഉൾക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദം (Depression) ആയി. ഈ സിസ്റ്റം പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുകയാണ്. നാളെയോടെ തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ എത്തും. കഴിഞ്ഞ 6 മണിക്കൂറിൽ കിലോമീറ്റർ13 കി.മി വേഗതയിലാണ് സിസ്റ്റം സഞ്ചരിക്കുന്നത്. ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്ന് 530 കി.മി ഉം കാരൈക്കലിൽ നിന്ന് 750 കി.മി ഉം അകലെയാണ് തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നത്.

ശ്രീലങ്കയിലും, തമിഴ്‌നാട്ടിലും കേരളത്തിലും മഴ സാധ്യത

നിലവിൽ തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാൾ ഉൾക്കടലിലാണ് സിസ്റ്റം സ്ഥിതി ചെയ്യുന്നത്. ഇന്നു മുതൽ തീവ്ര ന്യൂനമർദം ശ്രീലങ്കയിൽ ശക്തമായ മഴ നൽകും. നാളെ (ചൊവ്വ) ശ്രീലങ്കയിൽ മഴ ശക്തിപ്പെടും. തമിഴ്‌നാട്ടിലും നാളെ ഒറ്റപ്പെട്ട ശക്തമായതോ, ഇടത്തരം മഴക്കോ സാധ്യതയുണ്ട്. ന്യൂനമർദം ഫെബ്രുവരി ഒന്നിന് ബുധനാഴ്ച ശ്രീലങ്കയിൽ കരകയറും. ഉച്ചയ്ക്ക് ശേഷമാണ് ശ്രീലങ്കയിൽ സിസ്റ്റം കരകയറുക. തുടർന്ന് തെക്കൻ തമിഴ്‌നാട്ടിലും കേരളത്തിന്റെ തെക്കൻ മേഖലയിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. കേരളത്തിൽ വടക്കൻ ജില്ലകളിൽ വരെ ഇന്ന് ഈർപ്പമുള്ള കാറ്റ് എത്തിത്തുടങ്ങിയിട്ടുണ്ട്. ഇത് അനുകൂല അന്തരീക്ഷസ്ഥിതിയുള്ള മേഖലകളിൽ മേഘരൂപീകരണത്തിന് കാരണമാകും. അതിനാൽ നാളെ മുതൽ തന്നെ കേരളത്തിൽ മഴ പലയിടങ്ങളിലായി ലഭിച്ചു തുടങ്ങുമെന്നാണ് ഞങ്ങളുടെ വെതർമാൻ പറയുന്നത്. പരക്കെ മഴ സാധ്യതയില്ല. അനുകൂല അന്തരീക്ഷസ്ഥിതിയുണ്ടാകുന്ന മേഖലകളിൽ പ്രത്യേകിച്ച് കൊല്ലം, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, എറണാകുളം ജില്ലകളുടെ കിഴക്കൻ മേഖലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്.

Related Posts

LEAVE A COMMENT

Make sure you enter the(*) required information where indicated. HTML code is not allowed