Menu

UAE weather

യു.എ. ഇയിൽ ഒരു മാസത്തിനകം നടത്തിയത് 44 ക്ലൗഡ് സീഡിംങ്ങുകൾ

യു.എ.ഇയില്‍ കൃത്രിമ മഴക്ക് വേണ്ടി
ഒരുമാസത്തിനകം നടത്തിയത് 44 ക്ലൗഡ് സീഡിങ്ങുകൾ. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇതുവരെ 13 ക്ലൗഡ് സീഡിങ് നടത്തിയതായും നാഷണല്‍ സെന്റര്‍ ഓഫ് മീറ്റിയോ റോളജി (എന്‍.സി.എം) വക്താവ് പറഞ്ഞു. കൃത്രിമമഴ പെയ്യിക്കുന്നതിനാണ് ക്ലൗഡ് സീഡിങ് ചെയ്യുന്നത്. മഴയുടെ തോത് വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ യു.എ.ഇ. പതിവായി ക്ലൗഡ് സീഡിങ് പ്രക്രിയ നടത്താറുണ്ട്. ഇത്തവണ മഴയുടെ തോത് 25 ശതമാനത്തോളം വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ക്ലൗഡ് സീഡിംഗ് മാത്രമാണ് ശക്തമായ മഴയുടെ കാരണമെന്ന് അവകാശപ്പെടുന്നില്ലെന്നും വക്താവ് വിശദീകരിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി യു.എ.ഇ. യിലെമ്പാടും കനത്ത മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടിയും മിന്നലും ആലിപ്പഴവര്‍ഷവുമുണ്ട്. താപനില 15 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. പര്‍വതപ്രദേശങ്ങളിലെ താപനില രണ്ട് ഡിഗ്രിയാണ് ചില ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഏതാനും ദിവസങ്ങള്‍കൂടി മഴ തുടരാമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

2015 മുതല്‍ യു.എ.ഇ.യില്‍ മഴ വര്‍ധിപ്പിക്കുന്നതിനും ജലസുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി ഒട്ടേറെ രീതികള്‍ പരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടുള്ളത് ക്ലൗഡ് സീഡിങ് പ്രക്രിയയാണ്. ഇതുമൂലം, ഓരോ വര്‍ഷവും ശരാശരി 100 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്താറുള്ള യു.എ.ഇ.യില്‍ സമീപ വര്‍ഷങ്ങളില്‍ മഴയുടെ തോത് വലിയരീതിയില്‍ വര്‍ധിച്ചു. കടുത്ത വേനലിലും മഴ ലഭിക്കുന്നതിനായി ഇത്തരം പ്രക്രിയകള്‍ നടത്താറുണ്ട്. അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ രാസപദാര്‍ഥങ്ങളുടെ സഹായത്തോടെ വ്യത്യാസം വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. കഴിഞ്ഞവര്‍ഷം 311 ക്ലൗഡ് സീഡിങ് പ്രക്രിയകള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേതൃത്വം നല്‍കിയിരുന്നു.

വാർത്തകളും വിവരങ്ങളും അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക. https://chat.whatsapp.com/CBh4y7LOpCv5631ywoYixw

ക്ലൗഡ് സീഡിങ്ങ് സാങ്കേതിക വിദ്യ: മഴ ഇരട്ടിപ്പിച്ച് യു.എ.ഇ

അഷറഫ് ചേരാപുരം
ദുബൈ:ക്ലൗഡ് സീഡിങ് സാങ്കേതിക വിദ്യയിലൂടെ മഴ വര്‍ധിപ്പിച്ച് യു.എ.ഇ. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ പരമാവധി മഴ ലഭ്യമാക്കാനുള്ള നടപടികളാണ് രാജ്യം നടത്തുന്നത്. വിമാനം ഉപയോഗിച്ച് രാസവസ്തുക്കള്‍ മേഘങ്ങളില്‍ വിതറിയാണ് മഴ പെയ്യിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ക്ലൗഡ് സീഡിങ് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കിയെന്ന് അധികൃതര്‍ വ്യക്തമാക്കി. അബൂദബിയില്‍ നടന്ന ഇന്റര്‍നാഷനല്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് ഫോറത്തിലാണ് അധികൃതര്‍ കണക്കുകള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 311 ക്ലൗഡ് സീഡിങ്ങാണ് നടത്തിയത്. 1000 വിമാന മണിക്കൂറുകളാണ് ഇതിനായി ഉപയോഗിച്ചത്. 2016ല്‍ 177 വിമാനങ്ങള്‍ ക്ലൗഡ് സീഡിങ് നടത്തിയ സ്ഥാനത്താണ് ഇപ്പോള്‍ ഇരട്ടിയായി ഉയര്‍ത്തിയത്.
പദ്ധതിക്കായി 66 ദശലക്ഷം ദിര്‍ഹം നിക്ഷേപിച്ചതായി കണക്കുകള്‍ പറയുന്നു.മഴ വര്‍ധിപ്പിക്കുക, ഭൂഗര്‍ഭജലം വര്‍ധിപ്പിക്കുക, ശുദ്ധജല വിതരണം മെച്ചപ്പെടുത്തുക എന്നിവയാണ് മഴ പെയ്യിക്കുന്നതിന്റെ പ്രധാന ലക്ഷ്യങ്ങള്‍.ഒരു വര്‍ഷത്തില്‍ ശരാശരി 79 മില്ലിമീറ്റര്‍ സ്വാഭാവിക മഴ മാത്രമാണ് യു.എ.ഇയില്‍ ലഭിക്കുന്നത്.

അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. വിമാനങ്ങളും റോക്കറ്റുകളും ഉപയോഗിച്ചാണ് രാസവസ്തുക്കള്‍ മേഘങ്ങളില്‍ വിതറുന്നത്. രാസപദാര്‍ഥങ്ങളായ സില്‍വര്‍ അയോഡൈഡ്, ഡ്രൈ ഐസ് (മരവിപ്പിച്ച കാര്‍ബണ്‍ ഡയോക്സൈഡ്) എന്നിവ പൂജ്യം ഡിഗ്രിയെക്കാള്‍ താഴ്ന്ന ഊഷ്മാവില്‍ മേഘത്തിലേക്ക് കലര്‍ത്തുകയാണ് ചെയ്യുന്നത്.

കനത്ത മഴയിൽ യു.എ.ഇ ; നാളെയും മേഘാവൃതം

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കനത്ത മഴ രേഖപ്പെടുത്തി. ദുബൈയിലും ഷാർജയിലും രാവിലെ മുതൽ ശക്തമായ മഴയും മിന്നലും കാറ്റുമുണ്ടായി.
ഇന്നും മേഘാവൃതമായ അന്തരീക്ഷം തുടരുമെന്ന് നാഷനൽ സെന്റർ ഓഫ് മീറ്റിയോറളജി അറിയിച്ചു. പൊടിക്കാറ്റിനും 50 കി.മി വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.

മഴ ചൂടു കുറച്ചു
മഴയെ തുടർന്ന് ദുബൈയിലെ താപനിലയും കുറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 1.35 ന് ദുബൈയിൽ 21 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. രാജ്യവ്യാപകമായി നാലു മുതൽ ആറു ഡിഗ്രിവരെ താപനില കുറഞ്ഞു. പടിഞ്ഞാറൻ തീരദേശത്തും അബൂദബിയിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നൽകി. ശക്തമായ കാറ്റും മേഘങ്ങളും കാരണമാണ് മഞ്ഞ അലർട്ട് നൽകിയത്.

മഴയുള്ളതിനാൽ വാഹനങ്ങൾ ജാഗ്രതയോടെ ഓടിക്കണമെന്ന് കാലാവസ്ഥാ വകുപ്പും ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നൽകി.
ഷാർജയിലും ശക്തമായ മഴയുണ്ടായി. മോശം കാലാവസ്ഥയെ തുടർന്ന് ഷാർജയിലെ പാർക്കുകൾ അടയ്ക്കാൻ മുനിസിപ്പാലിറ്റി നിർദേശം നൽകി. അജ്മാനിൽ ബസ് ഗതാഗതം നിർത്തിവച്ചു. അജ്മാൻ ട്രാൻസ്‌പോർട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ചിത്രം കടപ്പാട്: മജ്ഞുഷ രാധാകൃഷ്ണൻ, ഗൾഫ് ന്യൂസ്

ഗൾഫിൽ മഴ , ആലിപ്പഴ വർഷം , ശൈത്യം തുടരും

ഗൾഫിൽ ശക്തമായ മഴക്ക് സാധ്യത. പലയിടങ്ങളിലായി മഴ, മഞ്ഞുവീഴ്ച എന്നിവയ്ക്കാണ് അടുത്ത ദിവസങ്ങളിൽ സാധ്യത. സൗദിയിൽ മക്ക, ജിദ്ദ, റാബിഗ്, അൽ ബഹ, മദീന മേഖലകളിൽ ഇടത്തരം മഴയും ആലിപ്പഴ വർഷവും ഉണ്ടാകും. യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ രാജ്യങ്ങളിലും മഴക്ക് സാധ്യതയുണ്ട്. വിവിധ രാജ്യങ്ങളിലെ കാലാവസ്ഥാ ഏജൻസികൾ അവിടെയുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്താണ് മഴക്ക് കാരണം?
ചെങ്കടലിൽ നിന്നും മറ്റും കഴിഞ്ഞ ഏതാനും ദിവസമായി അറേബ്യൻ ഉപഭൂഖണ്ഡത്തിലേക്ക് ഈർപ്പ പ്രവാഹമുണ്ട്. മധ്യ, വടക്കൻ സൗദിക്കു മുകളിലൂടെയാണ് മേഘങ്ങൾ കരയറുന്നത്. ആഫ്രിക്കയുടെ മുകളിലൂടെ വരുന്ന ഈർപ്പമുള്ള കാറ്റും അറേബ്യൻ മേഖലയിൽ മഴ നൽകും. ഒപ്പം മധ്യധരണ്യാഴിയിൽ നിന്നുള്ള പശ്ചിമവാതത്തിന്റെ സാന്നിധ്യം മഞ്ഞുവീഴ്ച, മഴ, ആലിപ്പഴ വർഷം എന്നിവയ്ക്ക് കാരണമാകും. ഗൾഫിനു മുകളിലെ കാറ്റിന്റെ ചുഴിക്ക് കൂടി സാധ്യതയുള്ളതിനാൽ അടുത്ത ദിവസങ്ങളിൽ ഇതേ കാലാവസ്ഥ നീണ്ടു നിന്നേക്കാമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു.

ബുധൻ മുതൽ യു.എ.ഇയിൽ താപനില കുത്തനെ കുറയും

യു.എ.ഇയിൽ ശൈത്യകാലം ബുധനാഴ്ച തുടങ്ങാനിരിക്കെ താപനില കുത്തനെ കുറയുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ താപനില 9 ഡിഗ്രി സെൽഷ്യസ്‍ വരെയാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച അബുദാബിയിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെടുക. ഇന്നലെ ഇവിടെ 26 ഡിഗ്രിയായിരുന്ന താപനില ബുധനാഴ്ച 9 ഡിഗ്രിയായി കുറയും. ദുബൈയിൽ താപനില 11 ഡിഗ്രി സെൽഷ്യസ് ആയി കുറയും.

അടുത്ത ആഴ്ചയിൽ താപനില വീണ്ടും കുറയുമെന്നാണ് സൂചന. ഫുജൈറയിൽ ഇന്നലെ പകൽ തണുപ്പും രാത്രി ചൂടും അനുഭവപ്പെട്ടു. വാരാന്ത്യങ്ങളിൽ റാസൽഖൈമയിലെ ജബൽജെയ്സിലാണ് ഏറ്റവും കുറഞ്ഞ താപനില (9.9 ഡിഗ്രി) അനുഭവപ്പെട്ടത്. ഇന്നു ചിലയിടങ്ങളിൽ മഴ പെയ്യാനും കാറ്റുവീശാനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

യു.എ.ഇ യിൽ ഇന്ന് കടൽ പ്രക്ഷുബ്ധമായേക്കും

യു.എ.ഇയില്‍ ഇന്ന് കടല്‍ പ്രക്ഷുബ്ധമായേക്കും എന്ന് മുന്നറിയിപ്പ്. ആകാശം പൊതുവേ ഭാഗികമായി മേഘാവൃതമായിരിക്കും. കാലാവസ്ഥ ഏജൻസി കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. റെഡ്, യെല്ലോ, ഫോഗ് അലര്‍ട്ടുകളാണ് നല്‍കിയത്. വടക്കു പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 40 കി.മി വേഗതയിൽ വിശാൻ സാധ്യതയുണ്ട്. തിരമാലകളുടെ ഉയരം ഞായറാഴ്ച വൈകീട്ടുവരേ 6 അടിവരേ ഉയര്‍ന്നേക്കാം. താപ നില 32 ഡിഗ്രിവരേ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യു.എ. ഇ യിലും ഒമാനിലും മഴ

ദുബൈ: കാലാവസ്ഥയുടെ മാറ്റം സൂചിപ്പിച്ച് യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയും മഴ ലഭിച്ചു.ഖോര്‍ഫുഖാന്‍ പോലുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച രാജ്യത്തെ കാലാവസ്ഥാ വിഭാഗം മഴയുമായി ബന്ധപ്പെട്ട് മഞ്ഞ, ഓറഞ്ച് അലര്‍ട്ടുകള്‍ നല്‍കിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷവും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു.

ഫുജൈറ, റാസല്‍ഖൈമ, അജ്മാന്‍, ഷാര്‍ജ എന്നീ എമിറേറ്റുകളുടെ ചില ഭാഗങ്ങളിലുമാണ് മഴ ലഭിച്ചതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്. ചില സ്ഥലങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി.
ദുബൈ വേൾഡ് ട്രേഡ് സെന്റർ മുതൽ ജുമൈറ, കരാമ, മുഹൈസിന, വർസാൻ എന്നിവിടങ്ങളിലേയ്ക്കും ഷാർജ, അജ്മാൻ, അബൂദബി, ഉമ്മുൽ ഖുവൈൻ എന്നീ അയൽ എമിറേറ്റുകളിലും മഴ പെയ്തതു. വർസാനിൽ ശക്തമായ മഴയാണ് പെയ്ത്.

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നവംബർ 11നു രാജ്യത്തെ എല്ലാ പള്ളികളിലും മഴ പ്രാർഥന നടത്താൻ നിർദ്ദേശിച്ചിരുന്നു. ദുബൈ, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങളിൽ ചെറിയ രീതിയിൽ കനത്ത മഴയും അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ, ഖോർഫക്കാൻ എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴയും രേഖപ്പെടുത്തി.ചില ഭാഗങ്ങളിലും കഴിഞ്ഞ രണ്ടു ദിവസമായി ഒറ്റപ്പെട്ട മഴ രേഖപ്പെടുത്തി.

ശൈത്യത്തിന് മുന്നോടി; മൂടല്‍ മഞ്ഞില്‍ മുങ്ങി യു.എ.ഇ

അഷറഫ് ചേരാപുരം
ദുബൈ: ശൈത്യത്തിന് മുന്നോടിയായി യു.എ.ഇയില്‍ മൂടല്‍ മഞ്ഞ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ എമിറേറ്റുകളില്‍ മൂടല്‍ മഞ്ഞ് തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലിസ് മുന്നറിയിപ്പ് നല്‍കി. തണുപ്പുകാലത്തിന്റെ തുടക്കമായതിനാല്‍ അപ്രതീക്ഷിതമായി കാലാവസ്ഥയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊലിസ് അറിയിച്ചു.
banner
ദുബൈക്കു പുറമെ മറ്റ് എമിറേറ്റുകളിലും മുന്നറിയിപ്പ് നിര്‍ദേശമുണ്ട്.റോഡില്‍ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും പ്രതികൂലമായ കാലാവസ്ഥകളില്‍ വേഗത കുറക്കാനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ശ്രദ്ധയുണ്ടാവണമെന്നാണ് നിര്‍ദേശങ്ങള്‍. രാത്രിയില്‍ തുടങ്ങി നേരം പുവരുന്നവരേ മഞ്ഞ് വ്യാപിക്കുകയാണ്.

ഡസ്റ്റ് ഡെവിള്‍: അപൂര്‍വ വിഡിയോയുമായി യു.എ.ഇ കാലാവസ്ഥാ വിഭാഗം

അഷറഫ് ചേരാപുരം
ദുബൈ: യു.എ.ഇയില്‍ കാലാവസ്ഥാ മാറ്റത്തിന്റെ സൂചനകള്‍ക്കൊപ്പം അപൂര്‍വ കാലാവസ്ഥാ പ്രതിഭാസം. ഡസ്റ്റ് ഡെവിള്‍ എന്നറിയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെ വിഡിയോ അധികൃതര്‍ പങ്കു വച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് അസാധാരണ വിഡിയോ പുറത്തുവിട്ടത്. ചുഴലിക്കാറ്റില്‍ പൊടി ഫണല്‍ രൂപത്തില്‍ ആകാശത്തേക്ക് ഉയരുന്ന കാഴ്ചയാണിത്. ഷാര്‍ജയിലെ മദാം മേഖലയില്‍നിന്നാണ് ഇത് കാമറയില്‍ പകര്‍ത്തിയത്.

യു.എ.ഇയുടെ പലഭാഗങ്ങളിലും കഴിഞ്ഞ ദിവസം മഴയും ആലിപ്പഴ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡസ്റ്റ് ഡെവിള്‍ യു.എ.ഇയില്‍ അപൂര്‍വ കാഴ്ചയാണെങ്കിലും കഴിഞ്ഞദിവസം സമാനമായ വിഡിയോ സമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.ഗള്‍ഫ് മേഖലയില്‍ ഇനി ശൈത്യകാലം ആരംഭിക്കുകയാണ്.

യു.എ.ഇയിലെ വേനൽ അവസാനിക്കുന്നു; വസന്തം വരവായി

ദിവസങ്ങള്‍ക്കുള്ളില്‍ യുഎഇയിലെ വേനല്‍ക്കാലം അവസാനിക്കും. രാജ്യം ഉടന്‍ ശരത്കാല സീസണിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച്, സെപ്റ്റംബര്‍ 23 വെള്ളിയാഴ്ചയാണ് ശരത്കാലം ആരംഭിക്കുന്നത്. അതേ ദിവസം പുലര്‍ച്ചെ 5.04 ന് ശരത്കാലദിനം ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി അറിയിച്ചു.
ഇത് ശരത്കാല സീസണിന്റെ ആരംഭത്തെ അടയാളപ്പെടുത്തുന്നു. പകലുകളും രാത്രികളും തുല്യ ദൈര്‍ഘ്യമുള്ളതായിരിക്കും, അതായത് സൂര്യോദയവും സൂര്യാസ്തമയവും യഥാക്രമം രാവിലെയും വൈകുന്നേരവും ഏതാണ്ട് ഒരേ സമയത്തായിരിക്കും. സീസണ്‍ പുരോഗമിക്കുകയും രാജ്യം പൂര്‍ണമായി ശീതകാലത്തിലേക്ക് മാറുകയും ചെയ്യുമ്പോള്‍, രാത്രികള്‍ നീണ്ടുനില്‍ക്കുകയും പകലുകള്‍ കുറയുകയും ചെയ്യും.ശരത്കാല സീസണില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിനും 20 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നും മരുഭൂമിയില്‍ മെര്‍ക്കുറി 20 ഡിഗ്രി സെല്‍ഷ്യസിനു താഴെയാകുമെന്നും എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അടുത്തിടെ ഒരു ട്വീറ്റില്‍ പറഞ്ഞിരുന്നു.
വേനല്‍ച്ചൂടിന് വിരാമമിട്ട് ഓഗസ്റ്റ് 24-ന് സുഹൈല്‍ നക്ഷത്രം ഉദിച്ചിരുന്നു. യു.എ.ഇ.യുടെ ശരത്കാലത്തിലേക്കുള്ള മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ക്രമേണ താപനില കുറയുമെന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് സിഇഒ ഹസന്‍ അല്‍ ഹരീരി അടുത്തിടെ വ്യക്തമാക്കിയിരുന്നു.