ഇന്ത്യൻ ചർമ്മം സൂര്യപ്രകാശത്തെ നേരിടുന്ന രീതി വ്യത്യസ്തം, അനുയോജ്യമായ സൺസ്‌ക്രീം തിരഞ്ഞെടുക്കണമെന്ന് ഡോക്‌ടർമാർ

SPF എന്നത് സൺസ്ക്രീൻ UVB കിരണങ്ങളെ എത്രമാത്രം തടയുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ്. സാധാരണയായി ചർമ്മത്തിൽ ഉണ്ടാകുന്ന ചുവപ്പ് നിറം (erythema) എത്രമാത്രം തടയാനാകുമെന്നത് അടിസ്ഥാനമാക്കിയാണിത് കണക്കാക്കുന്നത്.

Maneesha Prasoon
3 mins mins read

ഇന്ത്യൻ ചർമ്മം സൂര്യപ്രകാശത്തെ നേരിടുന്ന രീതി വ്യത്യസ്തം, അനുയോജ്യമായ സൺസ്‌ക്രീം തിരഞ്ഞെടുക്കണമെന്ന് ഡോക്‌ടർമാർ

സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്ക്രീം ഉപയോഗിക്കണമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ സൺസ്ക്രീനെക്കുറിച്ച് നമ്മൾ ഉപയോഗിക്കുന്ന ഭാഷയും മാനദണ്ഡങ്ങളും പ്രധാനമായും യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ജനസംഖ്യയെ അടിസ്ഥാനമാക്കി രൂപപ്പെട്ടതാണെന്ന് വിദഗ്ധർ പറയുന്നു. അവിടുത്തെ പ്രധാന ആശങ്ക അൾട്രാവയലറ്റ്-ബി (UVB) കിരണങ്ങൾ, സൂര്യാഘാതം (Sunburn), ചർമ്മകാൻസർ എന്നിവയാണ്. അതിനാലാണ് സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ SPF (Sun Protection Factor) എന്ന മാനദണ്ഡത്തിന് വലിയ പ്രാധാന്യം നൽകുന്നത്.
SPF എന്നത് സൺസ്ക്രീം UVB കിരണങ്ങളെ എത്രമാത്രം തടയുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ്. സാധാരണയായി ചർമ്മത്തിൽ ഉണ്ടാകുന്ന ചുവപ്പ് നിറം (erythema) എത്രമാത്രം തടയാനാകുമെന്നത് അടിസ്ഥാനമാക്കിയാണിത് കണക്കാക്കുന്നത്. എന്നാൽ ഈ മാനദണ്ഡം പ്രധാനമായും വെളുത്ത നിറമുള്ള ചർമ്മം ഉള്ള ആളുകളെ മുൻനിർത്തിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യൻ ചർമ്മം നേരിടുന്ന പ്രധാന പ്രശ്നം

ഇന്ത്യൻ ചർമ്മം സൂര്യപ്രകാശത്തെ നേരിടുന്ന രീതിയും അതിനാൽ ഉണ്ടാകുന്ന പ്രശ്നങ്ങളും പാശ്ചാത്യ രാജ്യങ്ങളിലെ ആളുകളുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്തമാണ്. ഓസ്ട്രേലിയയിലോ സ്കാൻഡിനേവിയൻ രാജ്യങ്ങളിലോ കാണുന്നതുപോലെ ചർമ്മകാൻസർ ഇന്ത്യയിൽ വളരെ അപൂർവമാണ്. ഇന്ത്യയിൽ കാണുന്ന ചില കാൻസർ കേസുകൾ പോലും പലപ്പോഴും സൂര്യപ്രകാശവുമായി ബന്ധപ്പെട്ടതല്ല; ആഴ്‌സനിക് സമ്പർക്കം, ദീർഘകാല ചൂട് സമ്പർക്കം തുടങ്ങിയ കാരണങ്ങളാണ് അതിന് പിന്നിൽ കാണപ്പെടുന്നത്. ചില ചർമ്മകാൻസർ വകഭേദങ്ങൾ കൈപ്പത്തിയും കാൽപ്പാദവും പോലുള്ള സൂര്യപ്രകാശം പതിവായി എത്താത്ത ഭാഗങ്ങളിലുമാണ് കണ്ടുവരുന്നത്.
പക്ഷേ ഇന്ത്യൻ ചർമ്മം ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നം പിഗ്മെന്റേഷൻ ആണ്. മെലാസ്മ (Melasma), പോസ്റ്റ്-ഇൻഫ്ലമേറ്ററി ഹൈപ്പർപിഗ്മെന്റേഷൻ, ഫോട്ടോഡെർമാറ്റോസിസ് തുടങ്ങിയ പ്രശ്നങ്ങൾ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വ്യാപകമാണ്. ലോകത്തിലെ മെലാസ്മയുടെ വ്യാപനം പരിശോധിക്കുമ്പോൾ ഇന്ത്യയും ദക്ഷിണേഷ്യയും മുൻനിരയിലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഗർഭിണികളായ ഇന്ത്യൻ സ്ത്രീകളിൽ ഇതിന്റെ ബാധിതർ വളരെ കൂടുതലാണ്. ചില പഠനങ്ങൾ പ്രകാരം രണ്ടിൽ ഒരാൾക്ക് വരെ മെലാസ്മ ഉണ്ടാകാം.

ചർമ്മത്തിന്റെ പ്രായമാകുന്ന രീതിയും വ്യത്യസ്തം

പാശ്ചാത്യ രാജ്യങ്ങളിലെ ആളുകളുടെ ചർമ്മം പ്രായം കൂടുമ്പോൾ സാധാരണയായി ചെറിയ ചുളിവുകൾ, വരണ്ടത്വം, ചുരുങ്ങൽ എന്നിവയാണ് കാണിക്കുന്നത്. എന്നാൽ ഇന്ത്യൻ ചർമ്മത്തിൽ പ്രായം കൂടുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ പിഗ്മെന്റേഷൻ, വലിയ രോമരന്ധ്രങ്ങൾ, ചർമ്മം തളരൽ എന്നിവയാണ്. അതിനാൽ നമ്മുടെ സാഹചര്യത്തിൽ സൺസ്ക്രീൻ പ്രധാനമായും പിഗ്മെന്റേഷൻ തടയാനും ഫോട്ടോ ഏജിംഗ് കുറയ്ക്കാനുമുള്ള ഉപാധിയാണ്.

SPF മാത്രം നോക്കുന്നത് മതിയാകില്ല

UVB കിരണങ്ങൾ സൂര്യാഘാതത്തിന് പ്രധാന കാരണമാണ്, അതിനെയാണ് SPF സൂചിപ്പിക്കുന്നത്. എന്നാൽ സൂര്യപ്രകാശത്തിൽ UVA കിരണങ്ങളും വലിയ പങ്ക് വഹിക്കുന്നു. UVA വർഷം മുഴുവൻ നിലനിൽക്കും, മേഘങ്ങളെയും ഗ്ലാസിനെയും തുരന്ന് ചർമ്മത്തിലേക്ക് എത്തും. ഇന്ത്യൻ ചർമ്മത്തിൽ പിഗ്മെന്റേഷനും പ്രായമാകലും ഉണ്ടാക്കുന്നതിൽ UVA വലിയ പങ്ക് വഹിക്കുന്നു.
അതുകൊണ്ട് സൺസ്ക്രീം തിരഞ്ഞെടുക്കുമ്പോൾ PA റേറ്റിംഗ് ശ്രദ്ധിക്കണം. സൺസ്ക്രീം  ലേബലുകളിൽ കാണുന്ന PA+, PA++, PA+++, PA++++ എന്നത് UVA സംരക്ഷണത്തിന്റെ അളവാണ്. എന്നാൽ ഇന്ത്യയിലെ പല ഉപഭോക്താക്കൾക്കും ഈ മാനദണ്ഡത്തെക്കുറിച്ച് അറിയില്ല.

ബ്ലൂ ലൈറ്റും ഒരു കാരണമാണ്

UVA, UVB എന്നിവയ്ക്ക് പുറമെ HEVL (High Energy Visible Light) എന്നറിയപ്പെടുന്ന നീല-വയലറ്റ് പ്രകാശവും പിഗ്മെന്റേഷനെ ബാധിക്കാമെന്ന് ഗവേഷണങ്ങൾ പറയുന്നു. ഏകദേശം 380 മുതൽ 450 നാനോമീറ്റർ വരെ ഉള്ള ഈ പ്രകാശം ചർമ്മത്തിൽ പെട്ടെന്ന് പിഗ്മെന്റേഷൻ ഉണ്ടാക്കാൻ കഴിയും.
ഇത് വെറും സൂര്യപ്രകാശത്തിൽ നിന്നല്ല, LED ലൈറ്റുകൾ, കമ്പ്യൂട്ടർ സ്ക്രീനുകൾ, മൊബൈൽ ഫോണുകൾ എന്നിവയിൽ നിന്നുമുണ്ടാകാം. അതിനാൽ വീട്ടിനുള്ളിൽ ജോലി ചെയ്യുന്നവർക്കും പിഗ്മെന്റേഷൻ പ്രശ്നങ്ങൾ ഉണ്ടാകാം.

സൺസ്ക്രീൻ വാങ്ങുമ്പോൾ ചോദിക്കേണ്ട ചോദ്യങ്ങൾ

സൺസ്ക്രീം  തിരഞ്ഞെടുക്കുമ്പോൾ “SPF എത്ര?” എന്ന ചോദ്യം മാത്രം മതിയാകില്ല. ഇതുപോലുള്ള കാര്യങ്ങളും പരിശോധിക്കണം:
• ഇത് Broad Spectrum സംരക്ഷണം നൽകുന്നുണ്ടോ?
• UVA സംരക്ഷണത്തിനായി PA++++ റേറ്റിംഗ് ഉണ്ടോ?
• ബ്ലൂ ലൈറ്റിൽ നിന്ന് സംരക്ഷണം നൽകുന്നുണ്ടോ?
• ഉപയോഗിച്ചിരിക്കുന്ന UV ഫിൽറ്ററുകൾ ഫോട്ടോസ്റ്റേബിള്‍ ആണോ?
• ചൂടും ഈർപ്പവും കൂടിയ ഇന്ത്യൻ കാലാവസ്ഥയിൽ ഉപയോഗിക്കാൻ സൗകര്യമുണ്ടോ?

സുരക്ഷിതമായ ഫിൽറ്ററുകളുടെ ആവശ്യകത

പഴയ തലമുറ സൺസ്ക്രീൻ ഫിൽറ്ററുകളായ Oxybenzone, Octocrylene എന്നിവ മനുഷ്യശരീരത്തിലെ രക്തത്തിൽ പോലും കണ്ടെത്തിയതായി ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിനെ തുടർന്ന് യൂറോപ്യൻ യൂണിയൻ പോലുള്ള മേഖലകൾ ഇവയുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുകയാണ്.
ഇതിനുപകരം Bemotrizinol പോലുള്ള പുതിയ തലമുറ UV ഫിൽറ്ററുകൾ കൂടുതൽ സുരക്ഷിതവും ഫോട്ടോസ്റ്റേബിളുമായതായി കരുതപ്പെടുന്നു. ദീർഘനേരം സൂര്യപ്രകാശത്തിൽ പോലും ഇവ കൂടുതൽ സ്ഥിരത പുലർത്തുന്നു.

ഉള്ളിൽ നിന്നുള്ള സംരക്ഷണവും

പുറത്ത് പുരട്ടുന്ന സൺസ്ക്രീനിനൊപ്പം ശരീരത്തിനുള്ളിൽ നിന്നുള്ള സംരക്ഷണവും പ്രാധാന്യമേറുകയാണ്. Pycnogenol എന്ന ഫ്രഞ്ച് സമുദ്ര പൈൻ മരത്തിന്റെ തോലിൽ നിന്നുള്ള സാരാംശം പിഗ്മെന്റേഷൻ കുറയ്ക്കാനും കൊളാജൻ സംരക്ഷിക്കാനും സഹായിക്കാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
ചർമ്മപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും ജീവിതത്തിൽ ഒരിക്കൽ പോലും ഡെർമറ്റോളജിസ്റ്റിനെ കാണേണ്ടിവരാതിരുന്നാലും സൺസ്ക്രീം നിങ്ങളുടെ ദിവസേന ഉപയോഗത്തിൽ ഉണ്ടായിരിക്കണം എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ അത് വലിയ SPF നമ്പർ ഉള്ളത് മാത്രം ആയിരിക്കേണ്ടതില്ല.
UVA സംരക്ഷണം, ബ്ലൂ ലൈറ്റ് സംരക്ഷണം, സുരക്ഷിതമായ ഫിൽറ്ററുകൾ, ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഫോർമുല എന്നിവ ഉൾക്കൊള്ളുന്ന സൺസ്ക്രീനാണ് നമ്മുടെ ചർമ്മത്തിന് ഏറ്റവും അനുയോജ്യം.
മെലനിൻ കൂടുതലുള്ള ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യകളിലൊന്നാണ് ഇന്ത്യക്കാർ. അതിനാൽ നമ്മുടെ ചർമ്മത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി രൂപപ്പെടുത്തിയ സൺസ്ക്രീൻ സംസ്കാരം രൂപപ്പെടേണ്ട സമയം കഴിഞ്ഞുകഴിഞ്ഞുവെന്ന് വിദഗ്ധർ പറയുന്നു. 
English Summary : While Sun Protection Factor (SPF) is the global gold standard for sunscreens, experts argue that the metric—originally designed for Caucasian skin—is insufficient for the unique needs of Indian skin. In South Asia, the primary concern isn't sunburn or skin cancer (which remain relatively rare), but rather hyperpigmentation, Melasma, and photo-aging.