മുല്ലപെരിയാർ അണക്കെട്ടിന് എന്തു സംഭവിക്കും, പരിശോധന കഴിഞ്ഞു, സത്യമറിയാൻ കേരളം കാത്തിരിക്കണം
മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ബലക്ഷയം സംബന്ധിച്ച് നിർണായകമാകാവുന്ന ജലത്തിനടിയിലെ ആർ.ഒ.വി (റിമോട്ടിലി ഓപറേറ്റഡ് വെഹിക്കിൾ) പരിശോധന കഴിഞ്ഞ ദിവസം സമാപിച്ചു. അണക്കെട്ട് സംബന്ധിച്ച് പ്രധാനപ്പെട്ട വിവരങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയതെന്നാണ് വിവരം.ഈമാസം 23നാണ് വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തിൽ അണക്കെട്ടിൽ പരിശോധന ആരംഭിച്ചത്. ഡൽഹിയിലെ സെൻട്രൽ സോയിൽ മെറ്റീരിയൽ റിസർച്ച് സ്റ്റേഷനിലെ വിദഗ്ധരായ പി. സെന്തിൽ, വിജയ്, ഡോ. ജാലേ ലിങ്ക സ്വാമി, ദീപക് കുമാർ ശർമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എങ്ങനെയായിരുന്നു പരിശോധന ?
1200 അടി നീളമുള്ള അണക്കെട്ട് 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചായിരുന്നു ആദ്യഘട്ട പരിശോധന. ഇത് പൂർത്തിയായ ശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് പരിശോധന നടത്തി. ഒടുവിൽ അണക്കെട്ടിന്‍റെ മധ്യഭാഗത്ത് 10 അടി വീതമായി ഭാഗിച്ച് ആർ.ഒ.വി ഉപയോഗിച്ച് ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിച്ചു. അണക്കെട്ടിൽ നിലവിൽ 132.45 അടി ജലമാണ് ഉള്ളത്. അണക്കെട്ട് സന്ദർശനത്തിനു ശേഷം നവംബർ 10ന് മധുരയിൽ നടന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് അണക്കെട്ടിലെ ജലത്തിനടി ഭാഗത്ത് പരിശോധന നടത്താൻ തീരുമാനിച്ചത്. ആറുദിവസം നീണ്ട പരിശോധന വിലയിരുത്താൻ കേരളത്തിലെയും തമിഴ്നാട്ടിലെയും സാങ്കേതിക വിദഗ്ധരും എത്തിയിരുന്നു.
കേരളം ഇനിയും കാത്തിരിക്കേണ്ടി വരും
പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ സി.എസ്.എം.ആർ.എസിലെ സാങ്കേതിക വിദഗ്ധർ വിലയിരുത്തി പിന്നീട് ഏഴംഗ ഉന്നതാധികാര സമിതിക്ക് സമർപ്പിക്കും. ഈ റിപ്പോർട്ട് പുറത്ത് വന്നാൽ മാത്രമേ അണക്കെട്ടിന്‍റെ ബലക്ഷയം സംബന്ധിച്ച വിവരങ്ങൾ അറിയാൻ കഴിയൂ. ഇതിനായി സുപ്രീംകോടതിയിൽ റിപ്പോർട്ട് എത്തുന്നതു വരെ കേരളം കാത്തിരിക്കേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
തമിഴ്‌നാടിന്റെ ജീവസ്രോതസായി നിലകൊള്ളുന്നു.
1895 ഒക്ടോബർ 10നാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് ആദ്യമായി വെള്ളം തുറന്നു വിട്ടത്. കേണൽ ജോൺ പെന്നി ക്വിക് എന്ന ബ്രിട്ടിഷ് എൻജിനീയറുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമായി രൂപം കൊണ്ട അണക്കെട്ട് ഇന്ന് ഏറെ വിവാദങ്ങൾക്ക് വഴിതെളിക്കുന്നുണ്ടെങ്കിലും തെക്കൻ തമിഴ്‌നാടിന്റെ ജീവസ്രോതസായി നിലകൊള്ളുന്നു.
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ വള്ളക്കടവിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ശർക്കരയും കരിമ്പിൻ നീരും മുട്ടവെള്ളയും ചുണ്ണാമ്പും ചേർത്തു തയാറാക്കിയ സുർക്കി ചാന്തിൽ കരിങ്കല്ല് കെട്ടിയുണ്ടാക്കിയതാണ് അടിത്തറ. 152 അടി ഉയരവും 1200 അടി നീളവുമുള്ള പ്രധാന ഡാം, 240 അടി നീളവും 115 അടി ഉയരവുമുള്ള ബേബി ഡാം, 240 അടി നീളവും 20 അടി വീതിയുമുള്ള എർത്ത് ഡാം എന്നിവ ചേർന്നതാണ് മുല്ലപ്പെരിയാർ അണക്കെട്ട്.
തുടക്കത്തിൽ 152 അടി വെള്ളമാണ് അണക്കെട്ടിൽ സംഭരിച്ചു നിറുത്തിയിരുന്നത്. സ്പിൽവേയിൽ 13 ഷട്ടറുകളാണ് ഉള്ളത്. ഇവ തുറക്കുമ്പോൾ വെള്ളം പെരിയാർ നദിയിലൂടെ വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ജലസംഭരണിയിലെത്തും. ഡാം നിർമ്മിച്ചതോടെയാണ് തേക്കടി തടാകമുണ്ടായത്. തേക്കടിയിൽ നിന്ന് രണ്ട് കിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെയാണ് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്നത്. കുളങ്ങളിലും വൈഗ അണക്കെട്ടിലും സംഭരിക്കുന്ന വെള്ളമാണ് തമിഴ്‌നാട്ടിലെ തേനി, മധുര, ഡിണ്ടിഗൽ, രാംനാട്, ശിവഗംഗ എന്നീ ജില്ലകളിലേക്ക് കുടിക്കാനും കൃഷിക്കായും ഉപയോഗിക്കുന്നത്.
English Summary : Explore the detailed inspection of a 1200-foot dam, divided into sections for thorough evaluation. Discover findings and expert insights from Kerala and Tamil Nadu.