കാലാവസ്ഥ പ്രവചിക്കുന്നത് എങ്ങനെ എന്നറിയേണ്ടെ? വിശദമായി വായിക്കാം

കാലാവസ്ഥാ പ്രവചനം നടക്കുന്നത് എങ്ങനെ. അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാം. കാലാവസ്ഥാ ശാസ്ത്രജ്ഞനും ബ്രസല്‍സിലെ റോയല്‍ ബെല്‍ജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്വറല്‍ സയന്‍സസിലെ റിസര്‍ച്ച് സയിന്റിസ്റ്റായ സഹീദ് പുത്തന്‍പുരയില്‍ എഴുതുന്നു.

ഇന്ത്യന്‍ കാലാവസ്ഥ പ്രവചനവും സങ്കീര്‍ണ്ണതകളുമെന്തെല്ലാം എന്ന് പരിശോധിക്കാം.
നമ്മുടെ രാജ്യത്ത് രണ്ടു കാലാവസ്ഥ നിഗമന സിസ്റ്റങ്ങള്‍ ആണ് ഉള്ളത് ;
1. ഇന്ത്യന്‍ മീറ്റിയരോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, IMD യുടെ GFS
2. National Center for Medium Range Weather Forecasting NCMRWF nte NCUM
ഈ രണ്ടു കാലാവസ്ഥ നിഗമന സിസ്റ്റങ്ങള്‍ക്കും വേണ്ട initial conditions (ഒരു ദിവസത്തെ കാലവസ്ഥ പ്രവചനം തുടങ്ങുമ്പോള്‍ നിലവില്‍ ഉള്ള ഭൗമ അന്തരീക്ഷകടല്‍ അവസ്ഥ) ഉണ്ടാക്കുന്നത് NCMRWF ആണ് !
ഈ initial conditions ഉണ്ടാക്കുന്ന പ്രോസസിന്റെ തുടക്കം ഭൗമ അന്തരീക്ഷത്തെയും കടലിനെയും നിരന്തരമായി വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഉപഗ്രങ്ങള്‍, കപ്പലുകള്‍, യാത്രാ വിമാനങ്ങള്‍, കരയിലും കടലിലും സ്ഥാപിതമായ കാലാവസ്ഥ സ്റ്റേഷനുകള്‍ എന്നിവ ശേഖരിക്കുന്ന നൂറു കണക്കിന് ഗിഗാബൈറ്റ് ഡാറ്റ ഒരുമിച്ച് കൂട്ടി വ്യത്യസ്തമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് ആവശ്യമുള്ളത് സ്വീകരിക്കുക എന്നത് ആണ് , സാധാരണക്കാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ നെല്ലും പതിരും വേര്‍തിരിക്കല്‍ ! ഇങ്ങിനെ ഉണ്ടാക്കി എടുക്കുന്ന ഡാറ്റയാണ് പിന്നീട് ന്യൂമറിക്കല്‍ മോഡലുകള്‍ അഥവാ കാലാവസ്ഥ നിഗമന (പ്രവചന) സിസ്റ്റത്തിലേക്ക് പോകുന്നത്.
ഈ ന്യൂമറിക്കല്‍ മോഡലുകള്‍ ആകട്ടെ ഭൂമിയുടെ ചലന നിയമങ്ങളും ഈ ശാസ്ത്ര ശാഖയുടെ ചരിത്രത്തില്‍ അനവധി നിരവധി ശാസ്ത്ര പ്രതിഭകള്‍ നടത്തിയ ഗവേഷണ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന, കടലിലെ ചൂടും അന്തരീക്ഷ മര്‍ദ്ദവും നീരാവിയും മല നിരകളും അന്തരീക്ഷത്തില്‍ തൂങ്ങി കിടക്കുന്ന ചെറു കണികകളും അവയുമായി മേഘങ്ങള്‍ ഉണ്ടാകുന്നതിനും മേഘങ്ങള്‍ ഘനീഭവിക്കുന്നതിലുമൊക്കെയുള്ള, അനവധി നിരവധി സൂക്തവാക്യങ്ങളും അടങ്ങിയതും ആണ് !
ഒരു സ്ഥലത്ത് അടിക്കുന്ന കാറ്റ്, മഴ, അന്തരീക്ഷ ഊഷ്മാവ്, അന്തരീക്ഷ മര്‍ദ്ദം എന്നിവയുടെ തോത് ആ സ്ഥലത്ത് മാത്രം നടക്കുന്ന അന്തരീക്ഷ കടല്‍ പ്രതിഭാസങ്ങളുടെ അനന്തരഫലമായി മാത്രം അല്ല, ഭൗമ പ്രതലത്തില്‍ ആകെ, അന്തരീക്ഷത്തിലും കടലിലും ഒന്നടങ്കം നടക്കുന്ന സമയ കാല വ്യത്യാസങ്ങള്‍ ഉള്ള അനവധി നിരവധി പ്രതിഭാസങ്ങളുടെ ആകെ തുകയാണ് !
അത് കൊണ്ട് തന്നെ ഈ മോഡലുകള്‍ ഭൗമ അന്തരീക്ഷം മൊത്തമായി ഉള്‍പ്പെടുത്തി വേണം computation നടത്താന്‍ !
ഒരു സാധാരണ ഡെസ്‌ക്ടോപ്പ് കംപ്യൂട്ടറിനേക്കാള്‍ ആയിരം മടങ്ങ് അല്ലെങ്കില്‍ കൂടുതല്‍ ശക്തിയുള്ള ( പ്രോസസ്സിംഗ് സ്പീഡ്, storage etc) ഹൈപര്‍ഫോര്‍മിങ് സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് മാത്രമേ, കാലാവസ്ഥ വിവരം ആവശ്യമായ മണിക്കൂറുകള്‍ക്ക് മുന്‍പ് ഇത് ലഭ്യമാകുന്ന തരത്തില്‍ ഈ computation ചെയ്യാന്‍ കഴിയുകയുള്ളൂ !
നമ്മുടെ രാജ്യത്ത് കാലാവസ്ഥ പ്രവചനത്തിന് ഉപയോഗിക്കുന്ന ഇന്ന് നിലവിലുള്ള സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ലോകത്ത് ഏതു സ്ഥാപനത്തിനോടും കിടപിടിക്കുന്നതും പല വികസിത രാജ്യങ്ങളെ പോലും കവച്ചുവെക്കുന്നതും ആണ് !
ഇനി ഇന്ത്യന്‍ കാലാവസ്ഥ നിഗമനത്തിന്റെ (പ്രവചനത്തിന്റെ) സങ്കീര്‍ണ്ണത ആകട്ടെ കാലാവസ്ഥ ശാസ്ത്ര മേഖലയില്‍ ലോകത്തെമ്പാടുമുള്ള ഏറ്റവും മികച്ചത് എന്ന് പറയപ്പെടുന്ന യൂണിവേഴ്‌സിറ്റികളിലെയും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലെയും പ്രതിഭകളായ ശാസ്ത്രജ്ഞരെ പോലും വിഷമം പിടിപ്പിക്കുന്ന ഒരു ശാസ്ത്ര സമസ്യയാണ് !
തികച്ചും വ്യത്യസ്തമായ സ്വഭാവ സവിശേഷതകള്‍ ഉള്ള രണ്ടു കടലുകള്‍ ഇരു വശങ്ങളിലും, ഇന്ത്യന്‍ മഹാ സമുദ്രം താഴെയും, ഹിമാലയ പര്‍വ്വതം മുകളിലും, ഇതൊന്നും കൂടാതെ ശാന്ത സമുദ്രത്തില്‍ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിന്റെ അവശിഷ്ടങ്ങള്‍ പലപ്പോഴായി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുമ്പോ ഉണ്ടാകുന്ന സങ്കീര്‍ണ്ണത വേറെയും !
ഒരു ദിവസത്തെ കാലാവസ്ഥ നിലവില്‍ ഉള്ള അവസ്ഥ (അഥവാ initial condition) എന്നത് കാലാവസ്ഥ പ്രവചനത്തില്‍ ഏറ്റവും നിര്‍ണായകമാണ് ! ഇതിന് നാം ആശ്രയിക്കുന്ന ഡാറ്റ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇനിയും ധാരാളം മുന്നോട്ട് പോകാന്‍ ഉണ്ട് , റഡാര്‍ ഡാറ്റകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള initial condition ഉണ്ടാക്കുക എന്നതാണ് പുതുതായി വരാനിരിക്കുന്ന ഒരു മാറ്റം !
നിരവധി ശാസ്ത്ര പ്രതിഭകള്‍ , മാസ്റ്റര്‍ ഡിഗ്രി ചെയ്യുന്ന കുട്ടികള്‍ മുതല്‍ വളരെ പ്രഗല്‍ഭരായ ശാസ്ത്ര പ്രതിഭകള്‍ വരെ കഠിന പ്രയത്‌നം തന്നെ ഈ മേഖലയില്‍ നടത്തുന്നുണ്ട് !
സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും ജീവിത ഉപാധിയും സംരക്ഷിക്കുക എന്ന മഹനീയ ലക്ഷം തന്നെയാണ് അവരുടെ മുന്നില്‍ !
ഒരു കാലാവസ്ഥ പ്രവചനം തെറ്റുമ്പോള്‍ ശെരിയായ കാലാവസ്ഥ നിഗമനങ്ങള്‍ ഇത്രയും സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയിലൂടെ ആണ് തങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത് എന്ന് മനസ്സിലാക്കാനുള്ള വിവരും വിവേകവും ഉണ്ടാകണം !
എന്താണ് ശാസ്ത്രം, എന്താണ് കാലാവസ്ഥ പ്രവചനം എന്താണ് ഇന്ത്യന്‍ കാലാവസ്ഥ ലോക കാലാവസ്ഥാ ഭൂപടത്തില്‍ ഇത്രയും സങ്കീര്‍ണ്ണമായ ഒരു സമസ്യ ആക്കുന്നത് എന്നൊന്നും ലവലേശം വിവരം ഇല്ലാത്ത കുറെ ആളുകള്‍ ഉണ്ട് ! അവര്‍ക്ക് ഇതൊന്നും തന്നെ, ഈ എഴുത്തും വാക്കുകളും ഒരു പ്രയോജനവും ചെയ്യുകയില്ല ! പക്ഷേ വിവേകമുള്ള ധാരാളം ആളുകള്‍ക്ക് ഇതൊക്കെ ഒന്ന് മനസ്സിലാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ !

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment