യുഎഇ തണുത്ത് വിറയ്ക്കും, മഴ കനക്കും, പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്
യുഎഇയിൽ ഇന്ന് മുതൽ ഒരാഴ്ചയോളം അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. തീരദേശ വടക്കൻ പ്രദേശങ്ങളെയാണ് പ്രധാനമായി ഈ കാലാവസ്ഥാ മാറ്റം കൂടുതൽ ബാധിക്കുക. മേഘാവൃതമായ ആകാശവും ഇടയ്ക്കിടെയുള്ള മഴയും താപനിലയിൽ ഗണ്യമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു
പെട്ടെന്നുള്ള ഈ കാലാവസ്ഥാ വ്യതിയാനം കാരണം പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് പോലീസ് ഉൾപ്പെടെയുള്ള അധികൃതർ പ്രത്യേക പൊതു സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രതിദിന ബുള്ളറ്റിൻ അനുസരിച്ച് ഇന്ന് പലയിടത്തും മേഘങ്ങൾ രൂപപ്പെടുകയും ഇത് ഇടയ്ക്കിടെ മഴയ്ക്ക് കാരണമാകുകയും ചെയ്യും.
കാറ്റിന് സാധ്യത
ഈ മേഘങ്ങളുടെ സാന്നിധ്യം കാരണം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റ് തുറന്ന പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയർത്താൻ കാരണമാവുകയും ചില സമയങ്ങളിൽ ദൃശ്യപരത കുറയ്ക്കുകയും ചെയ്യുമെന്നും അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ കാറ്റ് തെക്ക് കിഴക്ക് ദിശയിൽ നിന്ന് വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നും തിങ്കളാഴ്ചയും നേരിയ മഴ പ്രതീക്ഷിക്കുന്നുവെന്നും അധികൃതർ അറിയിച്ചു. രാത്രിയിൽ അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട് എന്നാണ് അറിയിപ്പ്.
അതേസമയം ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മേഘങ്ങൾ ഉണ്ടാകുകയും ഇത് മഴയ്ക്ക് കാരണമാകുമെന്നും ശക്തമായയോ മിതമായതോ ആയ തെക്ക് കിഴക്കൻ, വടക്ക് പടിഞ്ഞാറൻ കാറ്റുകൾ ഈ ദിവസങ്ങളിൽ ഉണ്ടാകാമെന്നും ഇത് കൂടുതൽ പൊടിക്കാറ്റിനും കടലിന്റെ പ്രക്ഷുബ്ധതയ്ക്കും കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല ഈ ദിവസങ്ങളിൽ താപനിലയിൽ വൻ മാറ്റങ്ങൾ കാണാം. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസിൽ നിന്ന് 23 ഡിഗ്രി സെൽഷ്യസിലേക്ക് കുറയാൻ സാധ്യതയുണ്ട്. കൂടാതെ താഴ്ന്ന താപനില 20 ഡിഗ്രി സെൽഷ്യസിനും 10 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
ഒമാനിൽ മഴ കനക്കും
ഒമാനില്‍ ഈ മാസം ഇരുപത് വരെ മഴക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. മിക്ക ഗവര്‍ണറേറ്റുകളിലും മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് മഴ ശക്തമാകുന്നതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെ മുസന്ദം ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്. ബുറൈമി, നോര്‍ത്ത് ബാത്തിന, സൗത്ത് ബാത്തിന എന്നിവിടങ്ങളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ വ്യാഴം വരെയുളള ദിവസങ്ങളില്‍ മുസന്ദം, ബുറൈമി, നോര്‍ത്ത് ബാത്തിന, സൗത്ത് ബാത്തിന എന്നിവിടങ്ങളില്‍ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വാദികളിലും, താഴ്വരകളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, മഴ സമയത്ത് വാദികള്‍ മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം
പ്രതികൂല കാലാവസ്ഥ കാരണം ദുബായ് പോലീസ് താമസക്കാർക്കും പൗരന്മാർക്കും മൊബൈൽ ഫോണുകൾ വഴി ഒരു പൊതു സുരക്ഷാ മുന്നറിയിപ്പ് നൽകി. മഴയും ശക്തമായ കാറ്റും ഉണ്ടാകുന്ന സാഹചര്യങ്ങളിൽ പ്രത്യേകിച്ച് വാഹനമോടിക്കുമ്പോഴോ പുറത്തിറങ്ങുമ്പോഴോ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചു. ട്രാഫിക് നിയമങ്ങൾ പാലിച്ച്, വേഗത കുറച്ച്, സുരക്ഷിത അകലം പാലിക്കാൻ പോലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. പൊതുജനങ്ങൾ ജലപാതകളിൽ നിന്നും താഴ്‌വരകളിൽ നിന്നും വിട്ടുനിൽക്കുകയും അവ മുറിച്ചുകടക്കുന്നത് ഒഴിവാക്കുകയും വേണം.പൊതു സുരക്ഷ ഉറപ്പാക്കാൻ, ബോട്ടുകൾ, കപ്പലുകൾ, യാച്ചുകൾ എന്നിവയുടെ ഉടമകളും കടൽ യാത്രക്കാരും കാലാവസ്ഥാ പ്രവചനങ്ങൾ നിരീക്ഷിച്ച് നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
English Summary : Expect cloud cover and potential rainfall across the country on Tuesday, Wednesday, and Thursday, with significant temperature fluctuations and strong winds.