ബൗലോയ് ചുഴലിക്കാറ്റ്: വിയറ്റ്‌നാം, തായ്‌ലന്റ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ 30 ലേറെ മരണം

ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുണ്ട്. വിയറ്റ്‌നാം വഴി ലാവോസിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങുക. വടക്കന്‍ മേഖലയില്‍ പ്രളയവും മണ്ണിടിച്ചില്‍ ഭീതിയും തുടരുന്നു. തിങ്കളാഴ്ച വടക്കു മധ്യ വിയറ്റ്‌നാമിലാണ് ചുഴലിക്കാറ്റ് കരകയറിയത്.

Weather Desk
1 min mins read

ബൗലോയ് ചുഴലിക്കാറ്റ്: വിയറ്റ്‌നാം, തായ്‌ലന്റ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ 30 ലേറെ മരണം

തെക്കു കിഴക്കന്‍ ഏഷ്യയില്‍ കനത്ത ദുരിതം വിതച്ച് ബൗലോയ് ചുഴലിക്കാറ്റ്. വിയറ്റ്‌നാം, തായ്‌ലന്റ്, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ 30 ലേറെ പേര്‍ ചുഴലിക്കാറ്റിനെയും പ്രളയത്തെയും തുടര്‍ന്ന് കൊല്ലപ്പെട്ടു. ഈ വര്‍ഷം വിയറ്റ്‌നാമില്‍ ഏറ്റവും നാശംവിതച്ച ചുഴലിക്കാറ്റാണ് ബൗലോയ് എന്ന് വിയറ്റ്‌നാം അധികൃതര്‍ പറഞ്ഞു. വിയറ്റ്‌നാമില്‍ 19 പേര്‍ മരിച്ചതായും 21 പേരെ കാണാതായതായുമാണ് ഔദ്യോഗിക കണക്ക്.

ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുണ്ട്. വിയറ്റ്‌നാം വഴി ലാവോസിലേക്കാണ് ചുഴലിക്കാറ്റ് നീങ്ങുക. വടക്കന്‍ മേഖലയില്‍ പ്രളയവും മണ്ണിടിച്ചില്‍ ഭീതിയും തുടരുന്നു. തിങ്കളാഴ്ച വടക്കു മധ്യ വിയറ്റ്‌നാമിലാണ് ചുഴലിക്കാറ്റ് കരകയറിയത്. ചുഴലിക്കാറ്റ് കരകയറുമ്പോള്‍ തിരമാലകള്‍ക്ക് 8 മീറ്റര്‍ ഉയരമുണ്ടായിരുന്നു. 

1759234180W.webp  

കഴിഞ്ഞ ആഴ്ച രഗാസ ചുഴലിക്കാറ്റില്‍ 11 പേര്‍ കൊല്ലപ്പെട്ട ഫിലിപ്പൈന്‍സിലും കനത്ത നാശനഷ്ടമാണ് ബൗലോയ് ചുഴലിക്കാറ്റ് വിതച്ചത്. 

തായ്‌ലന്റിലും പ്രളയം തുടരുകയാണ്. 17 പ്രവിശ്യകളില്‍ ബൗലോയ് ചുഴലിക്കാറ്റ് പ്രളയമുണ്ടാക്കിയതായി തായ്‌ലന്റ്  ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചു. തായ്‌ലന്റില്‍ നാലു പേരാണ് മരിച്ചത്. യുനെസ്‌കോ പൈതൃക പട്ടികയിലുള്ള ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ നദിയോരത്ത് സ്റ്റീല്‍ പ്ലേറ്റുകള്‍ ഉപയോഗിച്ച് മറ സൃഷ്ടിച്ചിരുന്നു. ഇവ മറികടന്നും പ്രളയജലമെത്തി.

1759234223W.webp  

24 മണിക്കൂറില്‍ 30 സെ.മി മഴയാണ് ഇവിടെ ലഭിച്ചതെന്ന് വിയറ്റ്‌നാം കാലാവസ്ഥാ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ ഹാനോയ് പ്രളയത്തില്‍ മുങ്ങി. നാളെയും മിന്നല്‍ പ്രളയത്തിനും ഉരുള്‍പൊട്ടലിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹാനോയിലെ തെരുവുകളിലെല്ലാം വെള്ളം കയറി. ആഗോള താപനമാണ് ചുഴലിക്കാറ്റുകളുടെ പ്രഹരശക്തി കൂട്ടുന്നതെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്.