ഫിലിപ്പീൻസിൽ നാശം വിതച്ച ചുഴലിക്കാറ്റിൽ മൂന്ന് പേർ മരിച്ചു മധ്യ ഫിലിപ്പീൻസിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ മൂന്ന് പേർ മരിക്കുകയും, ലക്ഷക്കണക്കിന് ആളുകൾക്ക് വീടുകൾ വിട്ട് പോകേണ്ട സാഹചര്യവും ഉണ്ടായതായി രാജ്യത്തെ ദുരന്ത ഏജൻസി അറിയിച്ചു.
കൽമേഗി ചുഴലിക്കാറ്റ് സെബു ദ്വീപിലെ മുഴുവൻ പട്ടണങ്ങളും ഉൾപ്പെടെ വലിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായി. കാറുകളും ഷിപ്പിംഗ് കണ്ടെയ്‌നറുകളും തെരുവുകളിലൂടെ ഒഴുകിയെത്തിയപ്പോൾ, വീടിന്റെ മേൽക്കൂരകളിൽ ആളുകൾ അഭയം പ്രാപിച്ചതായുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി വിന്യസിച്ച സൈനിക ഹെലികോപ്റ്റർ വടക്കൻ മിൻഡാനാവോ ദ്വീപിൽ തകർന്നുവീണതായി ഫിലിപ്പൈൻ വ്യോമസേന (പിഎഎഫ്) പറഞ്ഞു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആരെങ്കിലും ഉണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
പ്രാദേശികമായി ടിനോ എന്ന് വിളിക്കപ്പെടുന്ന ഈ ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലർച്ചെ കരയിലേക്ക് പതിച്ചതിനുശേഷം ദുർബലമായി. പക്ഷേ മണിക്കൂറിൽ 80 മൈലിൽ കൂടുതൽ (മണിക്കൂറിൽ 130 കിലോമീറ്റർ) വേഗതയിൽ കാറ്റ് വീശുന്നത് തുടരുന്നുണ്ട്. ബുധനാഴ്ചയോടെ വിസയാസ് ദ്വീപുകൾ കടന്ന് ദക്ഷിണ ചൈനാ കടലിന് മുകളിലൂടെ സഞ്ചരിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.
ചുഴലിയെ തുടർന്നുള്ള വെള്ളപ്പൊക്കമാണ് ജനങ്ങളെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കിയത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ഭാഗമായി 400,000 പേരെ കാറ്റ് സഞ്ചരിക്കുന്ന പാതയിൽ നിന്ന് മാറ്റി പാർപ്പിച്ചു. സിവിൽ ഡിഫൻസ് ഓഫീസിലെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ റാഫേലിറ്റോ അലജാൻഡ്രോ ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഫിലിപ്പീൻസിൽ ഓരോ വർഷവും ശരാശരി 20 കൊടുങ്കാറ്റുകളും ടൈഫൂണുകളും ഉണ്ടാകുന്നു. ഒരു മാസത്തിനു മുൻപ് ഉണ്ടായ ചുഴലിക്കാറ്റിൽ നിരവധി ആളുകൾ മരിക്കുകയും അടിസ്ഥാന സൗകര്യങ്ങൾക്കും വിളകൾക്കും നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു.
സെപ്റ്റംബർ അവസാനത്തിൽ നാൻഡോ എന്നറിയപ്പെടുന്ന സൂപ്പർ ടൈഫൂൺ റാഗസയും തുടർന്ന് ഒപോങ് എന്നറിയപ്പെടുന്ന ടൈഫൂൺ ബുവാലോയിയും ആഞ്ഞടിച്ചു. കഴിഞ്ഞ മാസങ്ങളിൽ, അസാധാരണമാംവിധം മൺസൂൺ മഴ വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു.
ആ സമയത്ത് പൂർത്തിയാകാത്തതും നിലവാരമില്ലാത്തതുമായ വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങൾക്കെതിരെ പ്രതിഷേധവും ഉയർന്നു. അതേസമയം സെപ്റ്റംബർ 30 ന് മധ്യ ഫിലിപ്പീൻസിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു, നാശനഷ്ടങ്ങളുടെ ആഘാതം സെബുവിലായിരുന്നു.