മഴയ്ക്ക് കാരണം ന്യൂനമർദ്ദം, അറബിക്കടൽ പ്രക്ഷുബ്ധമാകും, ഈയാഴ്ച കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
യുഎഇയിൽ ബുധനാഴ്ചയും മേഘാവൃതമായ കാലാവസ്ഥയും മഴയും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദ്വീപുകൾ, തീരപ്രദേശങ്ങൾ, വടക്കൻ, കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.
അബുദാബിയിൽ 20º സെൽഷ്യസിനും 25º സെൽഷ്യസിനും ഇടയിലും, ദുബായിൽ 21º സെൽഷ്യസിനും 26º സെൽഷ്യസിനും ഇടയിലും, ഷാർജയിൽ 19º സെൽഷ്യസിനും 25º സെൽഷ്യസിനും ഇടയിലുമായിരിക്കും താപനില. കാലാവസ്ഥാ കേന്ദ്രം പറയുന്നത് അനുസരിച്ച്, തെക്ക് കിഴക്ക്-വടക്ക് കിഴക്കൻ ദിശയിൽ 15-നും 30 കിലോമീറ്ററിനും ഇടയിൽ വേഗതയിൽ കാറ്റടിക്കാം, ചിലപ്പോൾ അത് 50 കിമി വരെയാവാം. ഈ കാറ്റ് പൊടിമണൽ ഉയർത്തി കാഴ്ച്ചാ ദൂരം കുറയ്ക്കും. അറബിക്കടൽ പ്രക്ഷുബ്ധമാകാനും, ഒമാൻ കടൽ നേരിയതോ മിതമോ ആകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴ തുടരുന്നു
ഫുജൈറയിലും യുഎഇയുടെ കിഴക്കൻ തീരപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഈയാഴ്‌ച കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. ഒരു ന്യൂനമർദ്ദമാണ് രാജ്യത്തെ വ്യാപകമായ മഴക്ക് കാരണം. ഡിസംബർ 19 വരെ അസ്ഥിരമായ കാലാവസ്ഥ തുടരും.
ഉപരിതലത്തിലെയും ഉയർന്ന തലത്തിലെയും ന്യൂനമർദ്ദ സ്വാധീനം ഈ നീണ്ട മഴക്കും, മേഘാവൃത കാലാവസ്ഥക്കും കാരണമായി. അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത് വാഹന യാത്രക്കാർക്ക് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നനഞ്ഞതും വഴുക്കലുള്ളതുമായ റോഡുകൾ ഗതാഗത അപകട സാധ്യത വർധിപ്പിക്കുന്നതിനാൽ, വേഗത കുറയ്ക്കാനും മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വരെ മഴ തുടരും
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, വെള്ളിയാഴ്‌ച വരെ ഈ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. രാജ്യത്തുടനീളം മഴയ്‌ക്കൊപ്പം താപനിലയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ രാജ്യത്ത് ശക്തമായ മഴയും അസ്ഥിരമായ കാലാവസ്ഥയും ഉണ്ടായിരുന്നു.
English Summary: Heavy rains continue in Fujairah and UAE's eastern coast, with warnings of more to come. Stay safe on the roads; heed weather advisories for travel.