ചുഴലിക്കാറ്റുകളുടെ പേരിടല്‍ ചില്ലറക്കാര്യമല്ല, വിശദമായി അറിയാം
അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഉള്‍പ്പെടുന്ന വടക്കന്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ചുഴലിക്കാറ്റുകള്‍ക്ക് ആര് എങ്ങനെ പേരിടുമെന്ന സംശയം പലര്‍ക്കുമുണ്ട്. ചുഴലിക്കാറ്റ് രൂപപ്പെടുമ്പോഴാണോ അതോ രൂപപ്പെടുന്നതിനു മുന്‍പ് പേര് നിര്‍ദേശിച്ചു വയ്ക്കുന്നതാണോ എന്നിങ്ങളെ സംശയം പലവിധമാണ്. എന്താണ് ഈ പേരിടല്‍ ചടങ്ങിന് പിന്നിലെന്ന് വിശദമാക്കാം.
പേരിടാനുള്ള അധികാരം ഡല്‍ഹിക്ക്
കേന്ദ്ര കാലാവസ്ഥാ വകുപ്പിനു കീഴിലുള്ള ഡല്‍ഹിയിലെ Regional Specialized Meteorological Centre (RSMC) നാണ് വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചുഴലിക്കാറ്റിന് പേരിടാനുള്ള അധികാരം. ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള ലോക കാലാവസ്ഥാ സംഘടന (World Meteorological Organization (WMO) യുടെയും UN Economic and Social Commission for Asia and the Pacific (ESCAP) ന്റെയും മേല്‍നോട്ടത്തിലാണ് ഇത് നടക്കുന്നത്.
പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കുക 15 രാജ്യങ്ങള്‍
മേഖലയിലെ 15 രാജ്യങ്ങള്‍ നിര്‍ദേശിച്ച പേരുകളാണ് ചുഴലിക്കാറ്റുകള്‍ക്ക് ഇടുക. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചാല്‍ മുന്‍കൂട്ടി തയാറാക്കിയ പട്ടികയിലെ പേരുകള്‍ ഉപയോഗിക്കും. ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, തായ്‌ലന്റ്, യമന്‍, ഇറാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് പേരുകള്‍ നിര്‍ദേശിക്കുന്നത്. ഇത്തവണത്തെ മന്‍ ത (montha) ചുഴലിക്കാറ്റിന്റെ പേര് നിര്‍ദേശിച്ചത് തായ്‌ലന്റാണ്.
പട്ടികയില്‍ 169 പേരുകള്‍
169 പേരുകളടങ്ങിയ പൂളില്‍ നിന്നാണ് ചുഴലിക്കാറ്റുകളുടെ പേര് ഉപയോഗിക്കുക. ഒരോ രാജ്യവും ഈ പൂളിലേക്ക് 13 പേരുകള്‍ നല്‍കും. പ്രാദേശിക ഭാഷയിലും സംസ്‌കാരത്തിലും മറ്റും ഉപയോഗിക്കുന്ന പേരുകളാണ് സാധാരണ നല്‍കാറുള്ളത്.
അടുത്ത ചുഴലിക്കാറ്റിന് പേരിടുക യു.എ.ഇ
യു.എ.ഇ നിര്‍ദേശിച്ച സെന്‍ യാര്‍ ആണ് അടുത്ത ചുഴലിക്കാറ്റിന്റെ പേര്്. ഇതിനു ശേഷമുണ്ടാകുന്ന ചുഴലിക്കാറ്റിന് യമന്‍ നിര്‍ദേശിച്ച ദിത് വ എന്ന പേരാണ് വരിക. അടുത്ത ഊഴം ബാഗ്ലാദേശിനാണ്. ഒര്‍ണാബ് ആണ് ബംഗ്ലാദേശിന്റെ പേര്. അതിനു ശേഷമാണ് ഇന്ത്യയുടെ ഊഴം. ഇന്ത്യ നിര്‍ദേശിച്ചത് മുരശു എന്ന പേരാണ്.
ചുഴലിക്കാറ്റ് മാനദണ്ഡങ്ങള്‍ പലവിധം
അമേരിക്കന്‍ ഏജന്‍സികള്‍ ചുഴലിക്കാറ്റ് സ്ഥിരീകരിച്ചാലും കാലാവസ്ഥാ വകുപ്പിന്റെ ചുഴലിക്കാറ്റ് മാനദണ്ഡം വ്യത്യസ്തമാണ്. നേരത്തെ ശക്തി ചുഴലിക്കാറ്റ് രൂപപ്പെട്ടപ്പോള്‍ ഈ ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു. കഴിഞ്ഞ തവണ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിനാണ് ശക്തിയെന്ന പേരിട്ടത്. ഇതിനു മുന്‍പ് അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടിരുന്നു. ഇതു പക്ഷേ കാലാവസ്ഥാ വകുപ്പിന്റെ മാനദണ്ഡപ്രകാരം ചുഴലിക്കാറ്റായിരുന്നില്ല.
പരമാവധി തുടര്‍ച്ചയായ ഉപരിതല കാറ്റിന്റെ വേഗത 34 നോട്ടിക്കല്‍ മൈല്‍ (64 കി.മി) വന്നാലാണ് കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് പ്രഖ്യാപിക്കുക. ഈ പരിധിയില്‍ കാറ്റു വന്നാലേ പട്ടികയിലേ പേര് ഉപയോഗിക്കപ്പെടൂവെന്ന് സാരം.
അതിഥി ചുഴലിക്കാറ്റിന് പേരുമാറില്ല
ദക്ഷിണ ചൈനാ കടലില്‍ നിന്നും തായ്‌ലന്റ് കടന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ എത്തുന്ന ചുഴലിക്കാറ്റിന് പുതിയ പേരു വരില്ല. അവിടെയുള്ളപ്പോഴുള്ള പേരാണ് ഉപയോഗിക്കേണ്ടതെന്നാണ് ലോക കാലാവസ്ഥാ സംഘടനയുടെ മാനദണ്ഡം. പലപ്പോഴും അവിടത്തെ ചുഴലിക്കാറ്റ് ദുര്‍ബലമായി അതിന്റെ ശേഷിപ്പുകള്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി വീണ്ടും ശക്തിപ്പെട്ട് ചുഴലിക്കാറ്റുകയാണ് പതിവ്. അങ്ങനെ വരുമ്പോള്‍ നമ്മുടെ പട്ടികയില്‍ നിന്നുള്ള പേര് ഉപയോഗിക്കപ്പെടും.
English Summary: The naming ceremony of cyclones is not a trivial matter, we know in detail