2026 ജനുവരി-ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ മഴയുടേയും ജനുവരിയിലെ താപനില പ്രവചനവും പുറത്തു വിട്ട് കാലാവസ്ഥാ വകുപ്പ്

വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ - പ്രത്യേകിച്ച് ജമ്മു & കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ - മഴ സാധാരണയിലും താഴെയായിരിക്കാനാണ് സാധ്യത, ഇത് ദീർഘകാല ശരാശരിയുടെ ഏകദേശം 86 ശതമാനമാണ്.

Maneesha M.K
2 mins mins read

2026 ജനുവരി-ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ മഴയുടേയും ജനുവരിയിലെ താപനില പ്രവചനവും പുറത്തു വിട്ട് കാലാവസ്ഥാ വകുപ്പ്

പ്രവചനാതീതമാണ് ഇപ്പോൾ ഇന്ത്യൻ കാലാവസ്ഥ. മഴയും,വെയിലും, മഞ്ഞുമെല്ലാം ഒരുമിച്ചെത്തുന്ന പ്രതിഭാസമാണ് ഇന്ന് പ്രകൃതിയിൽ നടക്കുന്നത്.  2026 ജനുവരി-ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ മഴയുടേയും ജനുവരിയിലെ താപനില പ്രവചനവും കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പുറത്തുവിട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ - പ്രത്യേകിച്ച് ജമ്മു & കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ലഡാക്ക്, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ - മഴ സാധാരണയിലും താഴെയായിരിക്കാനാണ് സാധ്യത, ഇത് ദീർഘകാല ശരാശരിയുടെ ഏകദേശം 86 ശതമാനമാണ്. 1971 മുതൽ 2020 വരെയുള്ള ഡാറ്റയെ അടിസ്ഥാനമാക്കി, ഈ മൂന്നു മാസങ്ങളിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ മഴയുടെ LPA ഏകദേശം 184.3 മില്ലിമീറ്ററാണ്. രാജ്യത്തിന് മൊത്തത്തിൽ, LPA യുടെ 88 ശതമാനത്തോളം മഴ ലഭിക്കാം, സാധാരണയിലും താഴെയാകാം. ഇത് റാബി വിളകളിൽ ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. 

2026 ജനുവരിയിൽ മധ്യ ഇന്ത്യയുടെ ചില പ്രദേശങ്ങളിൽ കൂടുതൽ തണുപ്പനുഭവപ്പെടും

മഴ ഗുണം ചെയ്യുമെങ്കിലും, ഉത്തരേന്ത്യയിലെ മിക്ക ഭാഗങ്ങളും ജലസേചന സൗകര്യമുള്ളവയാണ്. കൂടാതെ മൺസൂൺ മഴ കാരണം ജലസംഭരണികളും മറ്റ് ജലാശയങ്ങളും നിറഞ്ഞിരിക്കുമെന്ന് മൊഹപത്ര ചൂണ്ടികാട്ടി. 2026 ജനുവരിയിൽ മാത്രം, വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളും തെക്കൻ ഉപദ്വീപും ഒഴികെ രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളിലും പ്രതിമാസ കുറഞ്ഞ താപനില സാധാരണ നിലയേക്കാൾ താഴെയായിരിക്കുമെന്ന് ഐഎംഡി അറിയിച്ചു. 2026 ജനുവരിയിൽ മധ്യ ഇന്ത്യയുടെ ചില പ്രദേശങ്ങൾ, കിഴക്കൻ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ സാധാരണയിൽ കൂടുതൽ തണുപ്പ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് കൂട്ടിച്ചേർത്തു.

2025 ഏറ്റവും ചൂടേറിയ എട്ടാമത്തെ വർഷം

1901 ന് ശേഷം ഇന്ത്യയിൽ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ എട്ടാമത്തെ വർഷമായി 2025 ചരിത്രത്തിൽ രേഖപ്പെടുത്തിക്കഴിഞ്ഞു. 11 ചുഴലിക്കാറ്റുകളും 2,760 പേരുടെ മരണത്തിനിടയാക്കിയ തീവ്ര കാലാവസ്ഥാ സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽ 1,317 പേർക്ക് ഇടിമിന്നൽ മൂലമാണ് ജീവൻ നഷ്ടമായത്. ഇന്ത്യയുടെ ശരാശരി താപനിലയിൽ പ്രകടമായ വർധനവാണ് 2025-ൽ ഉണ്ടായത്. അഖിലേന്ത്യാ ശരാശരി കര ഉപരിതല വായു താപനില 1991- 2020 കാലയളവിലെ ദീർഘകാല ശരാശരിയേക്കാൾ 0.28°C കൂടുതലായിരുന്നുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD)ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. 

വടക്കേ ഇന്ത്യയിൽ 11 ന്യൂനമർദ്ദങ്ങൾ രൂപപെട്ടു

1901 ന് ശേഷമുള്ള ഏറ്റവും ചൂടേറിയ അഞ്ച് വർഷങ്ങൾ കഴിഞ്ഞ 16 വർഷങ്ങളിലാണ് സംഭവിച്ചത്. 2009 മുതൽ, ഇത് ഇന്ത്യയുടെ കാലാവസ്ഥയിൽ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ വർധിച്ചുവരുന്ന സ്വാധീനത്തെ വ്യക്തമായി എടുത്തുകാണിക്കുന്നുണ്ട്. ന്യൂനമർദം മൂലമുള്ള ചുഴലിക്കാറ്റിന്റെ കാര്യത്തിൽ 2025-ൽ വടക്കേ ഇന്ത്യൻ മഹാസമുദ്രത്തിൽ ആകെ 11 ന്യൂനമർദങ്ങൾ രൂപപ്പെട്ടു. അതിൽ മൂന്നെണ്ണം വളരെ ആഴത്തിലുള്ളതായിരുന്നു. ചുഴലിക്കാറ്റുകൾക്ക് പുറമേ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘവിസ്ഫോടനങ്ങൾ, കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മിന്നൽ, ഇടിമിന്നൽ, വരൾച്ച, അനുബന്ധ അപകടങ്ങൾ എന്നിവയുൾപ്പെടെ നിരവധി തീവ്ര കാലാവസ്ഥാ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും കൂടുതൽ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിൽ

വിവിധ പ്രകൃതിക്ഷോഭങ്ങളിൽ 410ത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌ത്. ഏറ്റവും കൂടുതൽ നാശനഷ്ട്ടങ്ങൾ റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിലാണ്. മധ്യപ്രദേശിൽ ഇടിമിന്നൽ,, കനത്ത മഴ, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഉഷ്ണതരംഗം എന്നിവ മൂലമുണ്ടായ 350-ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി‌. മഹാരാഷ്ട്രയിൽ 270- ലധികം മരണങ്ങളും ജാർഖണ്ഡിൽ 200-ലധികം മരണങ്ങളും ഉണ്ടായി. 

English Summary : Over 410 deaths were reported in various natural disasters. The highest number of casualties was reported in Uttar Pradesh. Madhya Pradesh reported over 350 deaths due to lightning, heavy rains, floods, storms and heatwaves.