ലോകം പോകുന്നത് കൊടും നാശത്തിലേക്ക്, പശ്ചിമേഷ്യയിലെ യുദ്ധം പരിസ്ഥിതിയിൽ കാർബൺ മലിനീകരണം വർധിപ്പിക്കും

യുദ്ധങ്ങൾ ലോകം കാർബൺ വിമുക്തമാക്കാൻ നടത്തുന്ന ശ്രമങ്ങളെ പിന്നോട്ടടിക്കുകയാണെന്ന് വിദഗ്ധർ പറയുന്നു. മാത്രമല്ല, യുദ്ധം അവസാനിച്ച ശേഷം തകർന്ന രാജ്യങ്ങളെ പുനർനിർമ്മിക്കുന്നതിനിടെ ഉണ്ടാകുന്ന മലിനീകരണവും വരും ദശകങ്ങളിൽ അന്തരീക്ഷത്തിന് വലിയ ഭാരമാകും.

Maneesha Prasoon
2 mins mins read

ലോകം പോകുന്നത് കൊടും നാശത്തിലേക്ക്, പശ്ചിമേഷ്യയിലെ യുദ്ധം പരിസ്ഥിതിയിൽ കാർബൺ മലിനീകരണം വർധിപ്പിക്കും

പശ്ചിമേഷ്യയിൽ ശക്തിപ്രാപിക്കുന്ന സംഘർഷങ്ങൾ ലോകത്തിന്റെ പരിസ്ഥിതിക്ക് വലിയ ഭീഷണിയാകുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. മിസൈൽ ആക്രമണങ്ങൾ, ബോംബാക്രമണങ്ങൾ, യുദ്ധവിമാനങ്ങളുടെ വ്യാപകമായ പറക്കൽ എന്നിവ അന്തരീക്ഷത്തിലേക്ക് വലിയ തോതിൽ കാർബൺ മലിനീകരണം പുറന്തള്ളുന്നുവെന്നും ഇത് ഭൂമിയെ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുമെന്നും പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

യുദ്ധങ്ങൾ ലോകം കാർബൺ വിമുക്തമാക്കാൻ നടത്തുന്ന ശ്രമങ്ങളെ പിന്നോട്ടടിക്കുകയാണെന്ന് വിദഗ്ധർ പറയുന്നു. മാത്രമല്ല, യുദ്ധം അവസാനിച്ച ശേഷം തകർന്ന രാജ്യങ്ങളെ പുനർനിർമ്മിക്കുന്നതിനിടെ ഉണ്ടാകുന്ന മലിനീകരണവും വരും ദശകങ്ങളിൽ അന്തരീക്ഷത്തിന് വലിയ ഭാരമാകുമെന്നതാണ് ആശങ്ക.

ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ്സിലെ പ്രൊഫസറും IPCC അംഗവുമായ അഞ്ജൽ പ്രകാശിന്റെ വിലയിരുത്തലുകൾ പ്രകാരം യുദ്ധങ്ങൾ സൃഷ്ടിക്കുന്ന കാർബൺ മലിനീകരണത്തിന്റെ തോത് അതീവ ഗൗരവകരമാണ്. ഒരു വലിയ യുദ്ധത്തിന്റെ ആദ്യ 120 ദിവസങ്ങളിൽ മാത്രം ഉണ്ടായ മലിനീകരണം ലോകത്തിലെ 26 രാജ്യങ്ങളുടെ വാർഷിക കാർബൺ പുറന്തള്ളലിനേക്കാൾ കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. യുദ്ധാനന്തര പുനർനിർമ്മാണം കൂടി കണക്കിലെടുത്താൽ ഇത് സ്വീഡൻ(Sweden), പോർച്ചുഗൽ(Portugal) എന്നീ രാജ്യങ്ങളുടെ മൊത്തം വാർഷിക കാർബൺ മലിനീകരണത്തേക്കാൾ കൂടുതലായി ഉയരുമെന്നും ഗവേഷകർ പറയുന്നു.

റഷ്യ–ഉക്രെയ്ൻ യുദ്ധത്തിന്റെ ആഘാതം

മൂന്ന് വർഷമായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധം(Russia–Ukraine War) ഇതിനോടകം ഏകദേശം 230 ദശലക്ഷം മെട്രിക് ടൺ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറത്തുവിട്ടതായി പഠനങ്ങൾ പറയുന്നു. ഇത് ഓസ്ട്രിയയും ഹംഗറിയും ചേർന്ന് ഒരു വർഷം പുറത്തുവിടുന്ന കാർബൺ മലിനീകരണത്തിന് തുല്യമാണ്.

യുദ്ധത്തിന്റെ പ്രത്യാഘാതമായി 2024-ൽ മാത്രം ഉക്രൈനിൽ ഏകദേശം 9,65,000 ഹെക്‌ടർ വനഭൂമി കത്തിനശിച്ചു. ഇത് മുഴുവൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഉണ്ടായ കാട്ടുതീയേക്കാൾ ഇരട്ടിയോളം കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഇറാനിലെ എണ്ണ–വാതക കേന്ദ്രങ്ങൾക്ക് ഭീഷണി

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വ്യാപിക്കുകയാണെങ്കിൽ ഇറാനിലെ പ്രധാന എണ്ണ–വാതക കേന്ദ്രങ്ങൾക്കും അപകടസാധ്യത ഉയരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിൽ ഒന്നായ സൗത്ത് പാഴ്സ് ഗ്യാസ് ഫീൽഡ്” (South Pars Gas Field )ആക്രമിക്കപ്പെട്ടാൽ അത് വലിയ പരിസ്ഥിതി ദുരന്തത്തിലേക്ക് നയിക്കാമെന്നാണ് വിലയിരുത്തൽ.

അത്തരം സംഭവങ്ങളിൽ കാർബൺ ഡയോക്സൈഡിനൊപ്പം ക്യാൻസറിന് കാരണമാകുന്ന വിഷവാതകങ്ങളും സൾഫർ ഡയോക്സൈഡും ഉൾപ്പെടെയുള്ള അപകടകരമായ രാസവാതകങ്ങളും അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടാൻ സാധ്യതയുണ്ട്.

ഇന്ത്യയ്ക്കും പ്രത്യാഘാതം

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഇന്ത്യയെ രണ്ട് രീതിയിൽ ബാധിക്കാമെന്ന് വിദഗ്ധർ പറയുന്നു. ഒന്നാമതായി, സംഘർഷത്തെ തുടർന്ന് ആഗോള എണ്ണവില ഉയർന്നാൽ ഇന്ത്യ വീണ്ടും കൽക്കരി ഉപയോഗത്തിലേക്ക് കൂടുതൽ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകും. ഇത് 2070 ഓടെ “നെറ്റ് സീറോ” കാർബൺ ലക്ഷ്യം കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് തടസ്സമാകും.

രണ്ടാമതായി, ഗൾഫ് മേഖലയിലെ മലിനീകരണം കാറ്റിന്റെ സ്വാധീനത്തിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്ക് എത്താനും സാധ്യതയുണ്ട്. ഇതിനോടകം തന്നെ മലിനീകരണം രൂക്ഷമായ ഇന്ത്യൻ നഗരങ്ങളിലെ വായുനിലവാരം ഇതുവഴി കൂടുതൽ മോശമാകാമെന്നാണ് മുന്നറിയിപ്പ്.

സൈനിക മലിനീകരണം റിപ്പോർട്ട് ചെയ്യണമെന്ന ആവശ്യം

നിലവിലെ പാരീസ് കാലാവസ്ഥാ കരാർ പ്രകാരം സൈനിക പ്രവർത്തനങ്ങളിൽ നിന്നുള്ള കാർബൺ മലിനീകരണം രാജ്യങ്ങൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതില്ല. എന്നാൽ ഈ സാഹചര്യം മാറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്.

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന COP31 കാലാവസ്ഥാ ഉച്ചകോടിയിൽ സൈനിക പ്രവർത്തനങ്ങളിൽ നിന്നുള്ള മലിനീകരണ കണക്കുകൾ നിർബന്ധമായി വെളിപ്പെടുത്തണമെന്ന് നിരവധി രാജ്യങ്ങളും പരിസ്ഥിതി സംഘടനകളും ആവശ്യപ്പെടുമെന്നാണ് സൂചന.

English Summary : Recent research warns that escalating conflicts in West Asia and beyond are no longer just geopolitical crises but catastrophic environmental threats. Beyond the immediate destruction, modern warfare—characterized by missile strikes, heavy aviation, and massive explosions—is releasing unprecedented levels of carbon emissions, pushing the planet closer to a climate tipping point.