ഈ സീസണിൽ ലഭിച്ച കനത്ത മഴ മരുഭൂമിയിൽ പച്ചപ്പ്‌ നിറച്ചു, വനം കാണാനെത്തുന്നത് നിരവധി പേർ

റോയൽ റിസർവ് ഡെവലപ്മെന്റ് അതോറിറ്റിയുടെ കൃത്യമായ മേൽനോട്ടവും പരിസ്‌ഥിതി സംരക്ഷണ നിയമങ്ങളും ഈ മാറ്റത്തിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഒരുകാലത്ത് 'രാജാവിന്റെ വനം' എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് വന്യജീവികളും പക്ഷികളും ഏറെയുണ്ടായിരുന്നു.

Maneesha M.K
2 mins mins read

ഈ സീസണിൽ ലഭിച്ച കനത്ത മഴ മരുഭൂമിയിൽ പച്ചപ്പ്‌ നിറച്ചു, വനം കാണാനെത്തുന്നത് നിരവധി പേർ

കടലുപോലെ മണൽ പുതച്ചുകിടക്കുന്ന മരുഭൂമിൽ അൽപ്പം പച്ചപ്പുകണ്ടാൽ കുളിരു തോന്നാത്തവർ ആരാണുള്ളത്. അതെ, സൗദി അറേബ്യയുടെ പരിസ്‌ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ വിജയമായി മാറുകയാണ് റൗദത്ത് ഖുറൈമിലെ പച്ചപ്പ്. പ്രകൃതി സ്നേഹികളുടെയും
വിനോദസഞ്ചാരികളുടെയും മനം കവർന്ന് റൗദത്ത് ഖുറൈം വനമേഖല പച്ചപ്പണിഞ്ഞു. ഈ സീസണിൽ ലഭിച്ച കനത്ത മഴയെ തുടർന്നാണ് പ്രദേശം പച്ചയണിഞ്ഞത്. ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവിന് കീഴിലാണ് ഈ പ്രദേശം. മണൽക്കുന്നുകൾക്കിടയിൽ വിരിഞ്ഞുനിൽക്കുന്ന കാട്ടുപൂക്കളും തഴച്ചുവളരുന്ന മരങ്ങളും ഈ പ്രദേശത്തെ ഒരു സ്വർഗ്ഗതുല്യമായ കാഴ്ചയാക്കി മാറ്റിയിരിക്കുകയാണ്. 

രാജാവിൻ്റെ വനം

റോയൽ റിസർവ് ഡെവലപ്മെന്റ് അതോറിറ്റിയുടെ കൃത്യമായ മേൽനോട്ടവും പരിസ്‌ഥിതി സംരക്ഷണ നിയമങ്ങളും ഈ മാറ്റത്തിന് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഒരുകാലത്ത് 'രാജാവിന്റെ വനം' എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശത്ത് വന്യജീവികളും പക്ഷികളും ഏറെയുണ്ടായിരുന്നു. ഇവയെല്ലാം ഇവിടേക്ക് തിരിച്ചെത്തുകയാണ്. സിദ്ർ, തൽഹ് തുടങ്ങിയ തദ്ദേശീയമായ മരങ്ങൾ ഇവിടെ സമൃദ്ധമായി വളരുന്നു. കന്നുകാലികളെ മേയിക്കുന്നതിനും മരങ്ങൾ മുറിക്കുന്നതിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മണ്ണിലെ ജൈവാംശം നിലനിർത്താനും സസ്യങ്ങൾ സ്വയം വളരാനും സഹായിച്ചുവെന്നാണ് അധികൃതർ പറയുന്നത്. 

ജനങ്ങൾക്ക് പ്രകൃതിയുമായി ഇഴുകിച്ചേരാനുള്ള അവസരം

മരുഭൂമിയിലെ ഈ പച്ചപ്പിന്റെ കാഴ്‌ച ആസ്വദിക്കാൻ സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. പരിസ്ഥ‌ിതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള ഇക്കോ- ടൂറിസം പദ്ധതികൾ പ്രോത്സാഹിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായി പരിസ്‌ഥിതിയെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ ജനങ്ങൾക്ക് പ്രകൃതിയുമായി ഇഴുകിച്ചേരാനുള്ള അവസരവും ഇവിടെ ഒരുക്കുന്നുണ്ട്. മരുഭൂവൽക്കരണത്തിനെതിരെ പോരാടുന്ന സൗദിയുടെ ഹരിതഭാവിയുടെ പ്രതീകം കൂടിയാണ് റൗദത്ത് ഖുറൈം. വരും തലമുറയ്ക്കു കൂടി ഒരു നല്ല വഴികാട്ടിയാവുകയാണ് റൗദത്ത് ഖുറൈം. 

English Summary : The Royal Reserve Development Authority's strict supervision and environmental protection laws have played a major role in this change. Once known as the 'King's Forest', this area was home to a wealth of wildlife and birds. All of these are making a comeback.