kerala weather 06/01/26 : ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു, ശ്രീലങ്കൻ തീരത്തേക്ക് നീങ്ങും, കേരളത്തിലും മഴ സാധ്യത
ബംഗാൾ ഉൾക്കടലിനോട് ചേർന്ന് ഭൂമധ്യരേഖ പ്രദേശത്ത് (Equatorial water ). ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദ്ദം (low pressure area) അടുത്ത 24 മണിക്കൂറിൽ ശക്തി കൂടിയ ന്യൂനമർദ്ദമായി (well marked low pressure - WML) മാറും. 2026ൽ ഈ മേഖലയിൽ രൂപപ്പെടുന്ന ആദ്യ ന്യൂനമർദ്ദം ആണിത്. വ്യാഴാഴ്ചയോടെ ന്യൂനമർദ്ദം ശ്രീലങ്കക്ക് സമീപം എത്തും. വെള്ളിയാഴ്ച മുതൽ തീരദേശ തമിഴ്നാട്ടിലും ശനിയാഴ്ച മുതൽ ഉൾനാടൻ തമിഴ്നാട്ടിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.
ശ്രീലങ്കയിൽ എത്തിയശേഷം കന്യാകുമാരി കടൽ വഴി അറബിക്കടലിലേക്ക് പോകാനാണ് ഇപ്പോഴത്തെ നിരീക്ഷണ പ്രകാരം സാധ്യതയുള്ളത്. ഞായറാഴ്ചയ്ക്കു ശേഷം കേരളത്തിലും ഒറ്റപ്പെട്ട മഴ ന്യൂനമർദ്ദം കാരണം ഉണ്ടായേക്കും . അതുവരെയുള്ള ദിവസങ്ങളിൽ മേഘാവൃതമായ അന്തരീക്ഷമോ ഭാഗികമായ മേഘാവൃതമോ കേരളത്തിൽ അനുഭവപ്പെട്ടേക്കാം. തണുപ്പിലും കുറവുണ്ടാകും.
ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ ഈ സിസ്റ്റം ശക്തമായ മഴ നൽകാൻ സാധ്യത കുറവാണ്. വ്യാഴാഴ്ചയോടെ ന്യൂനമർദ്ദം സംബന്ധിച്ച് കേരളത്തിലെ മഴ സാധ്യതയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയും.
കാലാവസ്ഥ അപ്ഡേഷനുകൾക്കും വാർത്തകൾക്കും metbeatnews.com ൽ തുടരുക.
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക.