2025 ലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) ഉത്തരേന്ത്യയില്‍ നിന്ന് വിടവാങ്ങല്‍ തുടങ്ങി. ഇന്നാണ് കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ തുടങ്ങിയ വിവരം കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചത്. രാജസ്ഥാന്റെ ചില പ്രദേശങ്ങളില്‍ നിന്ന് കാലവര്‍ഷം സെപ്റ്റംബര്‍ 14 ന് വിടവാങ്ങിയെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. സാധാരണ വിടവാങ്ങല്‍ ആരംഭിക്കേണ്ടതിന്റെ മൂന്നു ദിവസം മുന്‍പാണ് ഇത്തവണ കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ തുടങ്ങിയത്.
പടിഞ്ഞാറന്‍ രാജസ്ഥാന്റെ ഭാഗങ്ങളില്‍ നിന്നാണ് വിടവാങ്ങല്‍ തുടങ്ങിയത്. കിഴക്കന്‍ രാജസ്ഥാനില്‍ അടുത്ത രണ്ടു മൂന്നു ദിവസത്തിനകം വിടവാങ്ങല്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാലവര്‍ഷം വിടവാങ്ങലിന്റെ മാനദണ്ഡങ്ങള്‍
പടിഞ്ഞാറന്‍ രാജസ്ഥാനില്‍ സമുദ്രനിരപ്പില്‍ നിന്ന് 1.5 കി.മി ഉയരത്തില്‍ എതിര്‍ചുഴലി ( Anti Cyclonic Circulation) രൂപപ്പെടുകയാണ് പ്രധാന മാനദണ്ഡം. തുടര്‍ച്ചയായ അഞ്ചു ദിവസം ഈ മേഖലയില്‍ മഴ റിപ്പോര്‍ട്ട് ചെയ്യാനും പാടില്ല. അന്തരീക്ഷത്തിന്റെ മധ്യ ഉയരത്തില്‍ ഉള്‍പ്പെടെ (മിഡില്‍ ട്രോപോസ്ഫിയര്‍) ഈര്‍പ്പ സാന്നിധ്യം അന്തരീക്ഷത്തില്‍ കുറയുകയും വേണം. ഇതെല്ലാം ഒത്തുവരുമ്പോഴാണ് കാലവര്‍ഷം വിടവാങ്ങല്‍ തുടങ്ങിയെന്ന് സ്ഥിരീകരിക്കുക.
അവസാനം എത്തും, ആദ്യം വിടപറയും
വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെ രാജസ്ഥാനിലാണ് കാലവര്‍ഷം അവസാനം എത്തുന്നതും ആദ്യം വിടപറയുന്നതും. ഇത്തവണ കനത്ത മഴയാണ് മധ്യ ഇന്ത്യയിലും വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലും ലഭിച്ചത്. കാലവര്‍ഷം ആദ്യം എത്തുന്നതും അവസാനം വിടപറയുന്നതും കേരളത്തിലാണ്.നാലു മാസക്കാലമാണ് കേരളത്തിലെ മണ്‍സൂണ്‍ നീണ്ടു നില്‍ക്കുന്നത്.
ഇന്ന് നിരവധി സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ്
ന്യൂനമര്‍ദവും മറ്റു കാലാവസ്ഥാ പ്രതിഭാസങ്ങളും കാരണം അരുണാചല്‍ പ്രദേശ്, അസം, മേഘാലയ, ബിഹാര്‍, കൊങ്കണ്‍, ഗോവ, പശ്ചിമബംഗാള്‍, സിക്കിം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ചത്തീസ്ഗഡ്, തീരദേശ ആന്ധ്രാപ്രദേശ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, നാഗാലാന്റ്, മണിപ്പൂര്‍, മിസോറം, ത്രിപുര, കര്‍ണാടക, ഒഡിഷ, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഇന്ന് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സാധാരണ രണ്ടാഴ്ചയിലേറെ സമയമെടുത്താണ് കാലവര്‍ഷം ഇന്ത്യയില്‍ നിന്ന് പൂര്‍ണമായി വിടവാങ്ങാനെടുക്കുന്ന സമയം. കേരളത്തില്‍ നിന്നും കാലവര്‍ഷം വിടവാങ്ങുന്നതോടെ രാജ്യത്തു നിന്ന് പൂര്‍ണമായി കാലവര്‍ഷം വിടവാങ്ങിയതായി പ്രഖ്യാപിക്കും.