രാജ്യത്ത് കാലവർഷം വിടവാങ്ങൽ പൂർത്തിയാകാൻ വൈകും. സെപ്റ്റംബർ 20 നാണ് വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് കാലവർഷം വിടവാങ്ങൽ തുടങ്ങിയത്. മധ്യ ഇന്ത്യയിലെ ന്യൂനമർദത്തെ തുടർന്ന് കാലവർഷ വിടവാങ്ങൽ പുരോഗമിക്കുന്നതിന് തടസം നേരിട്ടു. 114 ദിവസം നീണ്ടു നിന്ന മൺസൂൺ 26 സംസ്ഥാനങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കിയാണ് വിടവാങ്ങുന്നത്. 2000 ത്തോളം പേരാണ് ഇത്തവണ മരിച്ചത്. സാധാരണ സെപ്റ്റംബർ 17 നാണ് കാലവർഷം വിടവാങ്ങൽ തുടങ്ങേണ്ട തിയതി. മൂന്നു ദിവസം വൈകിയാണ് ഇത്തവണ വിടവാങ്ങൽ തുടങ്ങിയത്. രാജസ്ഥാനിൽ ഒതുങ്ങിയ വിടവാങ്ങൽ ഒരാഴ്ചയോളം കാര്യമായ പുരോഗതി ഉണ്ടായില്ല.
എന്നാൽ ഇന്ന് ഡൽഹി ഉൾപ്പെടെ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വിടവാങ്ങൽ വ്യാപിച്ചു. ജമ്മു കശ്മീർ , ഹിമാചൽ പ്രദേശ്, പടിഞ്ഞാറൻ യു.പി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വിടവാങ്ങൽ എത്തിയത്. ഇതിൽ ഡൽഹിയിൽ പൂർണമായും വിടവാങ്ങി. കേരളത്തിൽ വിടവാങ്ങൽ പൂർത്തിയാകാൻ ഇനിയും മൂന്നാഴ്ചയെങ്കിലും സമയമെടുക്കും. കേരളത്തിൽ നിന്നാണ് മൺസൂൺ അവസാനമായി വിടവാങ്ങുന്നത്. ആദ്യം മൺസൂൺ എത്തുന്നതും കേരളത്തിൽ നിന്നാണ്.
ട്രിപ്പിൾ ലാനിന കാരണം
1950 ന് ശേഷം രണ്ടു തവണയാണ് ട്രിപ്പിൾ ലാനിന റിപ്പോർട്ട് ചെയ്തത്. ഈ വർഷവും ട്രിപ്പിൾ ലാനിനയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഒക്ടോബറിലും ലാനിന തുടർന്നിരുന്നു. ലാനിന തുടരുന്നത് കാലവർഷത്തിന്റെ വിടവാങ്ങൽ വൈകാനിടയാക്കും. കാലവർഷം വിടവാങ്ങിയ ശേഷമേ വടക്കു കിഴക്കൻ കാലവർഷം ( തുലാവർഷം) എത്തുകയുള്ളൂ.